കാസര്‍ഗോഡ്: ഭാര്യയോടുള്ള ദേഷ്യം മകളോട് കാട്ടിയ അച്ഛന്‍. പനത്തടി പാറക്കടവില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം. 17 വയസ്സുകാരിയായ മകള്‍ക്ക് നേരെയാണ് പിതാവ് ആസിഡ് ഒഴിച്ചത്. മകളെ കൂടാതെ സഹോദരന്റെ 10 വയസ്സുള്ള മകള്‍ക്ക് നേരെയും ഇയാള്‍ ആസിഡ് ഒഴിച്ചു. കര്‍ണാടക കരിക്കെ ആനപ്പാറയിലെ കെ.സി. മനോജ് ആണ് ആസിഡ് ആക്രമണം നടത്തിയത്.

ആസിഡ് ആക്രമണത്തിന് പുറമേ കൊലപാതക ശ്രമം, വീട്ടില്‍ അതിക്രമിച്ച് കയറല്‍ എന്നീ വകുപ്പുകളാണ് രാജപുരം പൊലീസ് മനോജിനെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളും ഭാര്യയും കുറച്ചുകാലമായി പിണങ്ങി താമസിക്കുകയായിരുന്നു. മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നതിനാലാണ് ഭാര്യ മാറിത്താമസിച്ചിരുന്നത്. അതിനെ തുടര്‍ന്നുണ്ടായ വിരോധം മൂലമാണ് മകളെയും ബന്ധുവായ കുട്ടിയെയും ആക്രമിച്ചതെന്നാണ് വിലയിരുത്തല്‍.

ആക്രമണത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനത്തടി പാറക്കടവിലെ ബന്ധുവീട്ടിലാണ് മകളുണ്ടായിരുന്നത്. റബര്‍ഷീറ്റ് നിര്‍മിക്കാനായി ഉപയോഗിക്കുന്ന ആസിഡാണ് കുട്ടികളുടെ ദേഹത്ത് ഒഴിച്ചത്. മകളുടെ കൈക്കും കാലിനും പൊള്ളലേറ്റിട്ടുണ്ട്. പത്ത് വയസുകാരിയുടെ മുഖത്തടക്കം പൊള്ളലുണ്ട്.

ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്ന മനോജ്, മകളും ഭാര്യയും സഹോദരന്റെ വീട്ടില്‍ താമസിക്കുന്നതറിഞ്ഞ് അവിടെയെത്തിയാണ് ആക്രമണം നടത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസും വിശദീകരിച്ചു. തിരുവോണ ദിനത്തിലായിരുന്നു അച്ഛന്റെ ക്രൂരത. ഭാര്യയേയും മകളേയും ഇതിന് മുമ്പും ഉപദ്രവിച്ചിട്ടുണ്ട്. കൊടും ക്രൂരതകളാണ് മനോജ് എന്നും കാട്ടിയിട്ടുള്ളത്.

മനോജ് സ്ഥിരം പ്രശ്നക്കാരനാണെന്നാണ് പരാതി. മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നതിനാല്‍ ഭാര്യ ഇയാളുടെ അടുത്ത് നിന്ന് മാറി താമസിക്കുകയാണ്. ഇതിന്റെ വൈരാഗ്യമാണ് ആസിഡ് ആക്രമണത്തിന് പിന്നിലെന്ന് പോലീസും പറയുന്നു. മനോജിനെതിരെ രാജപുരം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.