- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അങ്കമാലി അർബൻ സഹകരണ ബാങ്ക് തട്ടിപ്പ്; പി ടി പോളിന്റെ ഭാര്യ അറസ്റ്റിൽ; പുറത്ത് വരുന്നത് 96 കോടി രൂപയുടെ വായ്പത്തട്ടിപ്പ്; എൽസി പോളിന്റെ പേരിൽ കോടിക്കണക്കിന് രൂപ വില വരുന്ന വസ്തുവകകൾ; വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ്
എറണാകുളം: അങ്കമാലി അർബൻ സഹകരണ ബാങ്ക് തട്ടിപ്പിൽ മുൻ ബാങ്ക് പ്രസിഡന്റ് പി ടി പോളിന്റെ ഭാര്യ എൽസി പോൾ അറസ്റ്റിൽ. 96 കോടി രൂപയുടെ തട്ടിപ്പാണ് പി ടി പോളിന്റെ നേതൃത്വത്തിൽ നടന്നത്. ഭാര്യ തയ്യൽ തൊഴിലാളിയായ എൽസിയും പണം തട്ടിയിട്ടുണ്ടെന്നും വ്യാജ രേഖകൾ ഉണ്ടാക്കി എൽസി ബാങ്കിൽ നിന്നും ലോണെടുത്തെന്നും അന്വേഷണ സംഘം പറയുന്നു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത എൽസിയെ അങ്കമാലി കോടതിയിൽ ഹാജരാക്കി. നിലവിൽ ഇവരെ കാക്കനാട് സബ് ജയിലിൽ മെയ് 7 വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. എൽസിയുടെ പേരിൽ പോൾ കോടിക്കണക്കിന് വില വരുന്ന 31 വസ്തുവകകൾ ആധാരം ചെയ്തിട്ടുണ്ടെന്നും ഈ വസ്തുക്കൾ ഈടാക്കി വ്യാജ വായ്‌പകൾ എടുത്തിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടത്തിൽ സംഘത്തിലെ ഉദ്യോഗസ്ഥരെയും, ബോർഡ് അംഗങ്ങളെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. 2002 ലാണ് അങ്കമാലി അർബൻ സഹകരണ ബാങ്ക് പ്രവർത്തനം ആരംഭിച്ചത്. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പി ടി പോളിന്‍റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് തെരഞ്ഞെടുപ്പ് പോലുമില്ലാതെ വർഷങ്ങളായി ബാങ്കിന്‍റെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത്. തട്ടിപ്പിന് നേതൃത്വം നൽകിയത് പി ടി പോളായിരുന്നു. കോടികളുടെ തട്ടിപ്പ് നടത്തിയ പി.ടി പോൾ ദുരുഹ സാഹചര്യത്തിൽ മരണപ്പെടുകയായിരുന്നു. ഒരു വർഷം മുൻപാണ് പിടി പോൾ മരണപ്പെടുന്നത്. തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് പി.ടി പോൾ റിയൽ എസ്സേറ്റ് കച്ചവടം നടത്തിയതായും കണ്ടെത്തിയിരുന്നു.
പോളിന്‍റെ മരണത്തെ തുടർന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ തട്ടിപ്പ് പുറത്ത് വന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണ സമിതിയും ജീവനക്കാരും ചേർന്ന് ബാങ്കിൽ നടത്തിയത് 98 കോടിയുടെ തട്ടിപ്പാണെന്നാണ് സഹകരണ വകുപ്പിന്‍റെ കണ്ടെത്തൽ. എൽസി പോൾ വ്യാജ രേഖ ചമച്ച് പണം തട്ടിയതായാണ് കേസ്. എൽസി പോളും ബന്ധുക്കളും ചേർന്ന് നാലരക്കോടിയോളം രൂപയാണ് സംഘത്തിൽ നിന്ന് വ്യാജ രേഖ ചമച്ച് വായ്പയായി എടുത്തത്. ഇത് തിരിച്ച് അടച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഭരണസ്ഥിതി അംഗമായിരുന്ന ലക്സി ജോയി യെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു ഡയറക്ട ർ ബോർഡംഗങ്ങളായിരുന്ന ടി. പി ജോർജ്, ദേവസി മാടൻ, രാജപ്പൻ നായർ, പി.വി പൗലോസ്, മേരി ആന്റണി എന്നിവരെ ക്രൈം ബ്രാഞ്ച് നേരത്തെ അറസ്‌റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു.
സർക്കാർ ഗ്യാരണ്ടി പത്രം ഇപ്പോഴും സംഘത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. എല്ലാവർഷവും നിക്ഷേപ ഗ്യാരണ്ടിക്കുള്ള ഇൻഷുറൻസ് തുക സംഘം ഇപ്പോഴും നൽകുന്നുണ്ട്. കോടികളുടെ തട്ടിപ്പുകൾക്ക് നേതൃത്യം നൽകിയവരിൽ പ്രധാനികളായ രണ്ട് ജീവനക്കാരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വസ്തുവിന്റെ ആധാരത്തിന്റെ പകർപ്പ് മാത്രം ഉൾക്കൊള്ളിച്ചും, പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളുടെ പേരിലും ഒരേ വസ്തുവിൻമേൽ ഒരേ വീട്ടിൽ താമസിക്കുന്ന നാലു പേരുടെ വരെ പേരിലും, മരണപ്പെട്ട വ്യക്തിയുടെ പേരിലും വായ്പ് നൽകിയിട്ടുണ്ട്. പുതിയ വ്യക്തികൾക്ക് വ്യാജമായി അംഗത്വം നൽകി വായ്‌പ നൽകിയിട്ടുള്ളതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും അറസ്റ്റ് ഉണ്ടാവുമെന്നും, അന്വേഷണം ഊജ്ജിതമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.