ആലപ്പുഴ: ഓമനപ്പുഴയില്‍ അച്ഛനും അമ്മയും ചേര്‍ന്ന് മകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേരാണ് ഇതിനോടകം അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതിയായ പിതാവ് ജോസ് മോനുമായി പോലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. ഇനി മാതാവുമായും തെളിവെടുപ്പു നടത്തും. അമ്മയെ തെളിവെടുപ്പിന് വിട്ടുകിട്ടാന്‍ മണ്ണഞ്ചേരി പൊലീസ് ബുധനാഴ്ച്ച ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും.

ഓമനപ്പുഴ പതിനഞ്ചാം വാര്‍ഡ് കുടിയാംശേരി വീട്ടില്‍ എയ്ഞ്ചല്‍ ജാസ്മിനെ (28) കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തില്‍ അച്ഛന്‍ ഫ്രാന്‍സിസിന് പുറമേ അമ്മ ജെസിമോള്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച്ചയാണ് ജെസിമോളെയും, കുറ്റം മറച്ചുവയ്ക്കാന്‍ കൂട്ടുനിന്ന സഹോദരന്‍ അലോഷ്യസ് സേവ്യറെയും പൊലീസ് അറസ്റ്റ് ചെയ്തത്.

എയ്ഞ്ചല്‍ സ്ഥിരമായി രാത്രിയില്‍ പുറത്ത് പോകുന്നത് സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഫോണിന്റെ കാള്‍ ലിസ്റ്റ് പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇതില്‍ കൊലപാതകത്തിന് പ്രേരിപ്പിച്ച സംഭവത്തെ കുറിച്ചുള്ള വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളും റിമാന്‍ഡിലാണ്.

കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി 11 മണിയോടെയാണ് വീട്ടിലെ സ്വീകരണ മുറിയില്‍ വെച്ച് പിതാവ് ഫ്രാന്‍സിസ് എയ്ഞ്ചലിനെ കഴുത്ത് ഞെരിച്ചും, കഴുത്തില്‍ തോര്‍ത്ത് മുറുക്കിയും കൊലപ്പെടുത്തിയത്. അമ്മ ജെസിയാണ് ഈ സമയം എയ്ഞ്ചല്‍ കുതറിമാറാതിരിക്കാന്‍ കൈകള്‍ ബലമായി പിടിച്ചുവവെച്ചത്. എയ്ഞ്ചല്‍ സ്ഥിരമായി രാത്രിയില്‍ പുറത്ത് പോകുന്നത് സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

മകളെ കൊലചെയ്ത രീതി വിവരിച്ചപ്പോള്‍ ശബ്ദംഒട്ടും പതറുകയോ സങ്കടമോ ജോസ്മോനില്‍ ഉണ്ടായിരുന്നില്ല. വ്യാഴാഴ്ച രാവിലെ ഒന്‍പതോടെ ജോസ്മോന്റെ ഓമനപ്പുഴ കുടിയാംശ്ശേരില്‍ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ മകള്‍ എയ്ഞ്ചല്‍ ജാസ്മിന്റെ സംസ്‌ക്കാരച്ചടങ്ങുകള്‍ നടത്താനുള്ള ഒരുക്കങ്ങളിലായിരുന്നു ബന്ധുക്കള്‍. ഒരു ഭാവഭേദവുമില്ലാതെ മരണാനന്തര ചടങ്ങുകള്‍ക്കുള്ള പന്തലിലൂടെ നടന്ന് വീടിനകത്തു കയറി പോലീസിനോട് കാര്യങ്ങള്‍ വിശദീകരിച്ചു.

ഇടയ്ക്കിടെ രാത്രിയില്‍ പുറത്തു പോകുമായിരുന്നത് വിലക്കുമായിരുന്നു. ചൊവ്വാഴ്ച രാത്രിയില്‍ ഇറങ്ങിപ്പോയപ്പോഴും വിലക്കനുസരിക്കാതെ പോയി. തിരികെ വന്നുകയറിയപ്പോള്‍ സ്വീകരണ മുറിയില്‍ വെച്ച് മകളുമായി വാക്കേറ്റവും വഴക്കുമുണ്ടായി. ഇതിനിടയില്‍ ജാസ്മിന്‍ അമ്മ ജെസിയെ ചവിട്ടി താഴെയിട്ടു. ബൈബിള്‍ അടക്കമുള്ള സാധനങ്ങള്‍ വലിച്ചെറിഞ്ഞു. സ്ഥിരമായി ഉണ്ടാകുന്ന വഴക്കും ബഹളവും അന്നും ആവര്‍ത്തിച്ചതോടെ മകളെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇരുകൈകളും കൊണ്ട് പുറകിലൂടെ മകളുടെ കഴുത്തിന് പിടിച്ചു ഞെക്കി. കുതറാന്‍ ശ്രമിച്ചപ്പോള്‍ ഭാര്യ മകളുടെ രണ്ടു കൈയും മുമ്പോട്ട് കൂട്ടിക്കെട്ടി പിടിച്ചു. ബോധരഹിതയായി താഴെ വീണപ്പോള്‍ ശ്വാസമുണ്ടെന്ന് മനസ്സിലാക്കി തോര്‍ത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നു. മരണം ഉറപ്പിച്ച ശേഷം ഇരുവരും കൂടി താങ്ങിയെടുത്ത് മകളുടെ മുറിയില്‍ കട്ടിലില്‍ കിടത്തി. പിന്നീടുള്ള കാര്യങ്ങള്‍ തീരുമാനിക്കാനായി ഏറെ അടുപ്പമുള്ള സഹോദരന്‍ അലോഷ്യസിനെ ജെസി വിളിച്ചുവരുത്തുകയായിരുന്നു.