തിരുവനന്തപുരം: വളരെ ജനകീയനായ നേതാവായിരുന്നു ഇന്നലെ ആത്മഹത്യ തിരുമല കൗണ്‍സിലറായിരുന്ന അനില്‍കുമാര്‍. ബിജെപിയെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആള്‍. ആരെല്ലാമോ ചേര്‍ന്ന് തന്നെ ചതിച്ചു എന്ന് സൂചിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പ്. 'ഞാന്‍ എല്ലാവരെയും സഹായിച്ചു, പ്രതിസന്ധിവന്നപ്പോള്‍ ഒറ്റപ്പെട്ടു' എന്നായിരുന്നു അദ്ദേഹം ആത്മഹത്യാ കുറിപ്പില്‍ എഴുതിയത്.

താന്‍ ആത്മഹത്യ ചെയ്യുമ്പോള്‍ പണത്തിനായി ആരും കഷ്ടപ്പെടരുത് എന്ന് കുരുതി മരണാനന്തരച്ചടങ്ങിനുള്ള തുക കവറിനകത്തിട്ട് ഓഫീസ് മുറിയില്‍ വെച്ചിരുന്നു. ഈ പണം മരണാനന്തരച്ചടങ്ങിനുള്ളതാണെന്ന് കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു. അവസാനമായി എഴുതിയ കുറിപ്പില്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദിയും പറയുന്നുണ്ട്.

'വലിയശാല ഫാം ടൂര്‍ സഹകരണസംഘത്തിന് ആറ്ുകോടിയോളം രൂപയുടെ ബാധ്യതയുണ്ട്. 11 കോടിയുടെ ആസ്തിയുണ്ട്. അത് പിരിച്ച് നിക്ഷേപകര്‍ക്കു കൊടുക്കണം. ഇതിന്റെപേരില്‍ കുടുംബത്തെ ഒറ്റപ്പെടുത്തരുത്. ഞാനും കുടുംബവും ഒരു പൈസപോലും എടുത്തിട്ടില്ല'- അനില്‍ എഴുതി.

പണം ആവശ്യപ്പെട്ട് എത്തിയ നിക്ഷേപകര്‍ക്കു പണം പിരിച്ച് തിരികെനല്‍കാന്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി അനില്‍ ശ്രമിക്കുന്നുണ്ടായിരുന്നെന്ന് അടുപ്പമുള്ളവര്‍ പറഞ്ഞു. വായ്പയെടുത്തവര്‍ കൃത്യമായി തിരിച്ചടയ്ക്കാത്തതാണ് സംഘത്തെ ബാധിച്ചത്. വായ്പ കുടിശ്ശികയടക്കം പിരിച്ചെടുക്കാന്‍ തീവ്രശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. വ്യക്തിപരമായ ബന്ധമുള്ളവരടക്കം സംഘത്തില്‍ നിക്ഷേപം നടത്തിയിരുന്നു. ഇവര്‍ക്ക് അത്യാവശ്യത്തിനു പണം നല്‍കാനാവാത്തതാണ് അനിലിനെ കൂടുതല്‍ മാനസികസംഘര്‍ഷത്തിലാക്കിയത്.

സംഘത്തിലെ സാമ്പത്തികപ്രതിസന്ധി രൂക്ഷമാണെന്നും ആത്മഹത്യ ചെയ്യുമെന്നും അടുത്ത ആളുകളോട് അനില്‍ പറഞ്ഞിരുന്നതായി പോലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെതന്നെ അനില്‍കുമാര്‍ ഓഫീസിലെത്തിയിരുന്നു. രാവിലെ ക്ഷേത്രദര്‍ശനം നടത്തിയാണ് ഓഫീസിലേക്കു പോയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി മാനസികമായും ശാരീരികമായും തളര്‍ന്ന അവസ്ഥയിലായിരുന്നു അനിലെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

സൗമ്യമായ പെരുമാറ്റവും സ്‌നേഹത്തോടെയുള്ള ഇടപെടലുംകൊണ്ട് മറ്റു രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ക്കുപോലും സമ്മതനായ നേതാവായിരുന്നു തിരുമല അനില്‍. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗങ്ങളില്‍ വിഷയങ്ങള്‍ പഠിച്ച് മൂര്‍ച്ചയോടെ അവതരിപ്പിക്കുമ്പോഴും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ അനിലിന്റെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാറില്ല. സംസാരിക്കുന്ന വിഷയത്തെക്കുറിച്ച് നോട്ടുബുക്കില്‍ രേഖപ്പെടുത്തിയാണ് അനില്‍ വരാറുള്ളത്.

കോര്‍പ്പറേഷന്‍ ഭരണത്തെ പിടിച്ചുകുലുക്കുന്ന പല വിഷയങ്ങളും കൗണ്‍സില്‍ യോഗങ്ങളില്‍ കൊണ്ടുവന്നിട്ടുള്ളത് അനിലാണ്. ഈ ശക്തമായ ഇടപെടലാണ് വളരെക്കുറഞ്ഞ കാലയളവുകൊണ്ട് ബിജെപിയുടെ നഗരത്തിലെ മുഖമായി അനിലിനെ മാറ്റിയത്. ആദ്യം തൃക്കണ്ണാപുരം വാര്‍ഡില്‍ കൗണ്‍സിലറായിരുന്ന അനില്‍കുമാര്‍, കഴിഞ്ഞ തവണ തിരുമല വാര്‍ഡിലേക്കു മാറുകയായിരുന്നു. സിപിഎമ്മിന്റെ ശക്തനായ നേതാവായ ശിവജിയെ 382 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ഹിന്ദു ഐക്യവേദി നേതാവായിരുന്ന അനിലിനെ ബിജെപി 2015-ല്‍ തിരഞ്ഞെടുപ്പിലേക്കിറക്കാനുള്ള കാരണവും കക്ഷിരാഷ്ട്രീയഭേദം കൂടാതെയുള്ള ബന്ധങ്ങളും പൊതുസമ്മതിയുമായിരുന്നു.

ബിജെപി നേമം മണ്ഡലം പ്രസിഡന്റായിരിക്കുമ്പോഴും സംഘപരിവാര്‍ പ്രസ്ഥാനത്തിന്റെ ഭാഗമായിരിക്കുമ്പോഴും താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. കൗണ്‍സിലറായിരിക്കുമ്പോള്‍ തിരുമല-തൃക്കണ്ണാപുരം റോഡ് വികസനത്തിനും തിരുമല വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടത്തിനുമായി പരിശ്രമിച്ചിരുന്നു. തൃക്കണ്ണാപുരം റോഡ് വികസനം വൈകുന്നതില്‍ പ്രതിഷേധിച്ച് മുന്‍പ് വിവിധ റെസിഡെന്‍സ് അസോസിയേഷനുകളെ സംഘടിപ്പിച്ചു നടത്തിയ പ്രതിഷേധസമരങ്ങളും ശ്രദ്ധേയമായിരുന്നു.

അനിലിന്റെ സംസ്‌കാരം ഇന്ന നടക്കും. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലും തിരുമലയിലും പൊതു ദര്‍ശനത്തിന് ശേഷം വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. ഉച്ചയ്ക്ക് ശേഷമായിരിക്കും ശാന്തികവാടത്തില്‍ സംസ്‌കാരം. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം നടത്തി വരികയാണ്. സിപിഎമ്മിന്റെ ഗൂഢാലോചനയുടെ ഭാഗമായി പോലീസ് ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബിജെപി ആരോപിക്കുന്നത്. ഭാര്യ: ആശ ഐ.എസ്.(അധ്യാപിക, ഗവ. എച്ച്എസ്എസ് കാപ്പില്‍). മക്കള്‍: അമൃതാ അനില്‍, ദേവനന്ദ.