ലാസ് വെഗാസ്: ഇന്ത്യൻ ട്രാവൽ ഇൻഫ്ലുവൻസർമാരിൽ മുൻനിരയിലുണ്ടായിരുന്ന അനുനയ് സൂദ് (32) അമേരിക്കയിലെ ലാസ് വെഗാസിൽ മരിച്ച വാർത്ത ലോകമെമ്പാടുമുള്ള യാത്രാപ്രേമികളെയും ഡിജിറ്റൽ സമൂഹത്തെയും ഞെട്ടിച്ചിരിക്കുകയാണ്. ഈ മാസം ആദ്യമാണ് ലാസ് വെഗാസിലെ ഹോട്ടൽ മുറിയിൽ അനുനയ് സൂദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മയക്കുമരുന്നിന്റെ അമിത ഉപയോഗമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ദുബായ് ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന സൂദിന്റെ അപ്രതീക്ഷിത വിയോഗ വാർത്ത അദ്ദേഹത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി കുടുംബം പുറത്തുവിട്ടതോടെയാണ് പുറംലോകം അറിയുന്നത്.

സ്വകാര്യത മാനിക്കണമെന്നും വീട്ടുവളപ്പിൽ ആരും കൂട്ടംകൂടരുതെന്നും കുടുംബം വിനീതമായി അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്. നവംബർ 4-ന് പുലർച്ചെയാണ് സംഭവം നടന്നതെന്നാണ് ലാസ് വെഗാസ് പോലീസ് നൽകുന്ന സൂചന. ലാസ് വെഗാസ് കോൺകോർസ് 2025 കാർ ഷോയിൽ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു അനുനയ് സൂദ്. ഈ യാത്രയെക്കുറിച്ചുള്ള സന്തോഷവാർത്തകളും ചിത്രങ്ങളും അദ്ദേഹം അവസാനമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, സൂദും അദ്ദേഹത്തിന്റെ രണ്ട് വനിതാ സുഹൃത്തുക്കളും കാസിനോ ഫ്ലോറിൽ വെച്ച് ഒരു സംഘത്തിൽ നിന്നും മയക്കുമരുന്ന് വാങ്ങിക്കുകയായിരുന്നു. തുടർന്ന് ഇവർ താമസിച്ചിരുന്ന ഹോട്ടൽ മുറിയിലെത്തി മൂവരും ചേർന്ന് കൊക്കെയ്‌ൻ എന്ന് സംശയിക്കുന്ന ലഹരിവസ്തു ഉപയോഗിച്ചു. ശേഷം മൂവരും കിടന്നുറങ്ങുകയും ചെയ്തു.

ഏകദേശം ഒരു മണിക്കൂറിനുള്ളിൽ രണ്ട് സുഹൃത്തുക്കളും ഉണർന്നെങ്കിലും സൂദ് അനക്കമില്ലാതെ കിടക്കുകയായിരുന്നു. ഉടൻതന്നെ വിവരം പോലീസിനെ അറിയിച്ചു. ഹോട്ടൽ മുറിയിൽ പരിശോധന നടത്തിയ പോലീസ് സംഘം മൃതദേഹത്തിന് സമീപത്തുനിന്നും ഒരു പ്ലാസ്റ്റിക് കവറിൽ നിറച്ച നിലയിൽ വെളുത്ത പൊടി കണ്ടെത്തി. ഇത് കൊക്കെയ്ൻ ആണെന്നാണ് പ്രാഥമിക നിഗമനം. അമിതമായ അളവിൽ ലഹരിവസ്തുക്കൾ ഉള്ളിൽ ചെന്നതാണ് മരണകാരണം എന്നാണ് സംശയിക്കുന്നത്.

അനുനയ് സൂദിന്റെ മരണം മയക്കുമരുന്നിന്റെ അമിത ഉപയോഗം കൊണ്ടാണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിനായി ടോക്സിക്കോളജി പരിശോധനകൾ പൂർത്തിയാക്കാൻ അന്വേഷണ സംഘത്തിന് മാസങ്ങൾ എടുത്തേക്കാം. നിലവിൽ ഈ കേസുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.

മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ചും, സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതിനായുള്ള ശ്രമങ്ങൾ ലാസ് വെഗാസ് പോലീസ് നടത്തുന്നുണ്ട്. ഒരു യുവ പ്രതിഭയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ കാരണം എന്തായാലും, അദ്ദേഹത്തിന്റെ ആരാധകവൃന്ദത്തിന് ഇത് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

യാത്രാവിശേഷങ്ങൾ അതിമനോഹരമായി അവതരിപ്പിച്ച് ഇന്ത്യയിലെ ഡിജിറ്റൽ ലോകത്ത് തന്റേതായ ഒരിടം കണ്ടെത്തിയ വ്യക്തിയാണ് അനുനയ് സൂദ്. ഇൻസ്റ്റാഗ്രാമിൽ 1.4 ദശലക്ഷത്തിലധികം ഫോളോവേഴ്‌സും യൂട്യൂബിൽ ഏകദേശം 3.8 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുമായി അദ്ദേഹത്തിന് വലിയൊരു ഓൺലൈൻ പിന്തുണയുണ്ടായിരുന്നു.

അതിമനോഹരമായ വിഷ്വലുകളും ഡ്രോൺ ഫോട്ടോഗ്രാഫിയും ഉപയോഗിച്ച് യാത്രാനുഭവങ്ങളെ ഒരു സിനിമാറ്റിക് രൂപത്തിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം പ്രശസ്തനായിരുന്നു. തുടർച്ചയായ മൂന്ന് വർഷങ്ങളിൽ, അതായത് 2022, 2023, 2024 വർഷങ്ങളിൽ ഫോർബ്സ് ഇന്ത്യയുടെ 'ടോപ്പ് 100 ഡിജിറ്റൽ സ്റ്റാർസ്' പട്ടികയിൽ അനുനയ് സൂദ് ഇടം നേടി. ദുബായ് ആസ്ഥാനമായുള്ള ഡിജിറ്റൽ പെർഫോമൻസ് ആൻഡ് മാർക്കറ്റിംഗ് ഏജൻസിയുടെ സ്ഥാപകനും കൂടിയായിരുന്നു അദ്ദേഹം. ലോകത്തിലെ 195 രാജ്യങ്ങളും സന്ദർശിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. അതിൽ 46 രാജ്യങ്ങളിലെ യാത്ര അദ്ദേഹം ഇതിനകം പൂർത്തിയാക്കിയിരുന്നു.