- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അര്‍ജുന്റെ വിരലിലെ മോതിരം തിരിച്ചറിഞ്ഞു; കൂടെ മൃതദേഹം ലഭിച്ചെന്ന ശബ്ദസന്ദേശവും'; പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് സ്ഥിരീകരിച്ച് കുടുംബം
ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ മൃതദേഹം കിട്ടിയെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് കുടുംബം. അര്‍ജുന്റെ കൈയിലെ മോതിരം തിരിച്ചറിഞ്ഞുവെന്നും ശബ്ദസന്ദേശത്തില്‍ അവകാശപ്പെട്ടിരുന്നു. അര്‍ജുനെ കാണാതായി 17 ദിവസമായിരിക്കുകയാണ്. അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ നിറുത്തില്ലെന്ന് കാര്‍വാര്‍ എം.എല്‍.എ സതീഷ്കൃഷ്ണ സെയില്‍ പറഞ്ഞിരുന്നു.
അതേസമയം, അര്‍ജുനായുള്ള തിരച്ചിലിനായി പുതിയ സന്നാഹങ്ങള്‍ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കര്‍ണാടക. അര്‍ജുനെ കാണാതായിട്ട് 17 ദിവസങ്ങളായി. കരയിലും വെള്ളത്തിലും വ്യാപകമായി തിരച്ചില്‍ നടത്തിയതിനെ തുടര്‍ന്നാണ് ഗംഗാവലി പുഴയില്‍ ചെളിയിലാണ്ട നിലയില്‍ അര്‍ജുന്റെ ലോറി കണ്ടെത്തിയത്. ദിവസങ്ങള്‍ നേവി പരിശ്രമിച്ചുവെങ്കിലും നദിയിലെ അടിയൊഴുക്കും മോശം കാലാവസ്ഥയും കാരണം ലോറി ഉയര്‍ത്തിയെടുക്കാന്‍ സാധിച്ചിരുന്നില്ല. ഡ്രോണും ബൂം എസ്കവേറ്ററുമുള്‍പ്പടെയുള്ളവ തിരച്ചിലിന് ഉപയോഗിച്ചിരുന്നു.
ചെളിയും മണ്ണും നീക്കാന്‍ തൃശൂരില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിച്ച് തെരച്ചില്‍ തുടരാനാണ് ശ്രമമെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. എന്നാല്‍ തൃശൂരില്‍ നിന്ന് ഷിരൂരിലേയ്ക്ക് ഡ്രഡ്ജര്‍ കൊണ്ടുപോകില്ലെന്നാണ് ഇപ്പോള്‍ അധികൃതര്‍ അറിയിക്കുന്നത്.ഗംഗാവലി പുഴയില്‍ ആഴവും ഒഴുക്കും കൂടുതലാണ്. ഡ്രഡ്ജര്‍ പുഴയിലിറക്കാനാവില്ലെന്ന് കൃഷിവകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ അടങ്ങിയ സംഘം തൃശൂര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി.
പുഴയിലെ ഒഴുക്ക് നാല് നോട്സില്‍ കൂടുതലാണങ്കില്‍ ഡ്രഡ്ജര്‍ ഇറക്കാന്‍ പ്രയാസമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.കോഴിക്കോട് പേരാമ്പ്ര മലയില്‍ ഇന്‍ഡസ്ട്രീസ് ആണ് കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് നിര്‍മിച്ചുനല്‍കിയത്. കനാലുകളിലെയും തോടുകളിലെയും ചണ്ടി കോരിമാറ്റുന്നതിനാണ് ഇതുപയോഗിക്കുന്നത്. വെള്ളത്തിന് മീതെ പൊങ്ങിക്കിടക്കും. ആറുമീറ്റര്‍വരെ ആഴത്തില്‍ ഇരുമ്പ് തൂണുകള്‍ താഴ്ത്തി പ്രവര്‍ത്തിപ്പിക്കാനാവും. നിലവില്‍ എല്തുരുത്തിലെ കനാലില്‍ പോള നീക്കം ചെയ്യാന്‍ ഉപയോഗിക്കുകയാണ് അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ്.