ചെന്നൈ: ചെന്നൈയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം കവര്‍ന്ന സംഭവത്തില്‍ പ്രതികളായ നാലു പേര്‍ അറസ്റ്റില്‍. പോലീസ് സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടറെയും ആദായ നികുതി വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെയുമാണ് പോലിസ് അറസ്റ്റ് ചെയ്തത്. സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ രാജസിങ്, ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരായ ദാമോദരന്‍, പ്രഭു, പ്രദീപ് എന്നിവരാണ് അറസ്റ്റിലായത്.

സിടി സ്‌കാനിങ് സെന്റര്‍ ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് 15 ലക്ഷം രൂപ തട്ടിയെടുത്തത്. പോലിസ് ഇന്‍സ്‌പെക്ടര്‍ വാഹന പരിശോധനക്കിടെയാണ് സ്‌കാനിങ് സെന്റര്‍ ജീവനക്കരന്റെ കൈവശം 15 ലക്ഷം രൂപ കണ്ടെത്തിയത്. സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ ആണ് പരിശോധന നടത്തിയത്. പണം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

തുടര്‍ന്ന് പണവുമായി കാറില്‍ കയറാന്‍ യുവാവിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ചെന്നൈ എഗ്മൂരില്‍ എത്തിയപ്പോള്‍ കത്തി കാട്ടി പണം വാങ്ങിയശേഷം യുവാവിനെ ഇറക്കിവിടുകയായിരുന്നു. സംഭവത്തില്‍ സ്‌കാനിങ് സെന്റര്‍ ഉടമയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടറും ആദായ നികുതി വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരും അറസ്റ്റിലായത്.