- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ട്രഷറി രസീതുകളും വൗച്ചറുകളും തിരുത്തിയും മായ്ച്ചും നടത്തിയ തട്ടിപ്പ്; 35,000 രൂപ ശമ്പളമുള്ള വനിതാ പൊലീസ് ബാങ്കുകളിലും ചിട്ടി കമ്പനികളിലും മാസം തോറും അടച്ചിരുന്നത് ലക്ഷങ്ങൾ; അന്വേഷണത്തിൽ പുറത്ത് വന്നത് 20 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ്; 'പെറ്റിക്കേസ്' തട്ടിപ്പിൽ ശാന്തി കൃഷ്ണ പിടിയിലാവുമ്പോൾ
കൊച്ചി: ട്രാഫിക് നിയമലംഘനങ്ങളുടെ പിഴത്തുകയിൽ നിന്ന് 20 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ സസ്പെൻഷനിലായിരുന്ന വനിതാ സീനിയർ സിവിൽ പൊലീസ് ഓഫീസർ അറസ്റ്റിൽ. മൂവാറ്റുപുഴ സ്റ്റേഷനിലെ മുൻ ഉദ്യോഗസ്ഥ ശാന്തി കൃഷ്ണനെയാണ് കിടങ്ങൂരിലെ ബന്ധുവീട്ടിൽ നിന്ന് തിങ്കളാഴ്ച രാത്രിയോടെ പിടികൂടിയത്. പ്രതിയെ കോട്ടയം വിജിലൻസ് കോടതി സെപ്റ്റംബർ എട്ടു വരെ റിമാൻഡ് ചെയ്തു.
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും ശാന്തി കൃഷ്ണൻ എത്തിയിരുന്നില്ല. തുടർന്നായിരുന്നു അറസ്റ്റ്. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, സർക്കാർ രേഖകളിൽ തിരിമറി, അഴിമതി നിരോധന നിയമം എന്നിവയുൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സർക്കാർ ഉദ്യോഗസ്ഥ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പായതിനാലാണ് കേസ് വിജിലൻസ് കോടതി പരിഗണിക്കുന്നത്.
2018 ജനുവരി മുതൽ 2022 ഡിസംബർ വരെ പിഴയായി പിരിച്ചെടുത്ത തുകയിൽ നിന്നാണ് ശാന്തി കൃഷ്ണൻ 20.8 ലക്ഷം രൂപ തട്ടിയെടുത്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുക ബാങ്കിലടയ്ക്കാതെ ട്രഷറി രസീതുകളും (ടിആർ രസീത്) വൗച്ചറുകളും തിരുത്തിയും മായ്ച്ചുമാണ് തട്ടിപ്പ് നടത്തിയത്. കേസ് രജിസ്റ്റർ ചെയ്യുമ്പോൾ 16.75 ലക്ഷം രൂപയുടെ ക്രമക്കേടാണ് ആദ്യം കണ്ടെത്തിയിരുന്നത്.
അന്വേഷണത്തിൽ ഉദ്യോഗസ്ഥയുടെ സാമ്പത്തിക ഇടപാടുകളിലും വലിയ പൊരുത്തക്കേടുകൾ കണ്ടെത്തി. ഏകദേശം 35,000 രൂപ മാത്രം ശമ്പളം കൈപ്പറ്റിയിരുന്ന ശാന്തി കൃഷ്ണൻ, മാസം തോറും ഒരു ലക്ഷം മുതൽ 1.25 ലക്ഷം രൂപ വരെ ബാങ്കുകളിലും ചിട്ടി കമ്പനികളിലും അടച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശാന്തി കൃഷ്ണനെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.