വടകര: വടകര വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടിയത് സുപ്രധാന നീക്കത്തിലൂടെ. കടമേരി സ്വദേശി അബ്ദുൾ ലത്തീഫിനെയാണ് വടകര പോലീസ് കോഴിക്കോട്ടുനിന്നും പിടികൂടിയത്. ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അഞ്ഞൂറിലധികം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതി സഞ്ചരിച്ച ഇന്നോവ കാർ പോലീസ് തിരിച്ചറിഞ്ഞത്.

വള്ളിക്കാട് കപ്പുഴിയിൽ സുഹൃതത്തിൽ അമൽ കൃഷ്ണ (27) ആണ് അപകടത്തിൽ മരിച്ചത്. അമൽ കൃഷ്ണയെ ഇടിച്ചുതെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിക്കായി പോലീസ് ഊർജ്ജിത അന്വേഷണം നടത്തിവരികയായിരുന്നു. ഭാര്യ വീട്ടിൽ പോയി തിരിച്ചുവരുമ്പോഴാണ് വള്ളിക്കാട് അപകടം ഉണ്ടായതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

കസ്റ്റഡിയിലെടുത്ത കാർ ഫോറൻസിക് സംഘം പരിശോധിച്ചു. ഉള്ള്യേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. ഏറാമലയിൽ നിന്നാണ് പോലീസ് കാർ കസ്റ്റഡിയിലെടുത്തിരുന്നു. ജില്ലാ ഫോറൻസിക് സയന്റിഫിക് ഓഫീസർ പി ജിഷ്ണു ഗോപന്റെ നേതൃത്വത്തിലാണ് കാർ പരിശോധിച്ചത്. വടകരയിലെ വർക്ക് ഷോപ്പിലെത്തിച്ച് വാഹനത്തിന്റെ അടിഭാഗമുൾപ്പെടെ പരിശോധിച്ച് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിരുന്നു.

കാറിന്റെ ഉടമയോട് പൊലീസ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടെങ്കിലും വന്നില്ല. കാർ ഉടമയ്ക്കായും അന്വേഷണം നടക്കുകയാണ്. കോഴിക്കോട്ടുനിന്ന് പിടികൂടിയ പ്രതിയെ രാത്രിയോടെ വടകര പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇയാളെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ഏഴിന് രാത്രി പതിനൊന്നിനാണ് അമൽ കൃഷ്ണയെ വള്ളിക്കാടുവച്ച് കാർ ഇടിച്ചുതെറിപ്പിച്ചത്. ചികിത്സയിലിരിക്കെ പതിമൂന്നിന് രാവിലെ മരിച്ചു.