പാലക്കാട്: മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തിയ ശേഷം മരണപ്പെട്ടെന്ന് സ്വയം വാർത്ത നൽകിയ യുവാവിനെ പോലീസ് പിടികൂടിയത് സുപ്രധാന നീക്കത്തിലൂടെ. ഗാന്ധിനഗർ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുമാരനല്ലൂരിലുള്ള സ്വർണ്ണ പണയസ്ഥാപനത്തിൽ നാലര ലക്ഷം രൂപ തട്ടിപ്പ് നടത്തിയ ശേഷം പ്രതി തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. പെരുമ്പായിക്കാട് വില്ലേജിൽ കുമാരനല്ലൂർ കരയിൽ മയാലിൽ വീട്ടിൽ സജീവ് എം.ആറിനെയാണ് കൊടെെക്കനാലിൽ നിന്ന് ഗാന്ധിനഗർ പോലീസ് അറസ്റ്റു ചെയ്തത്. സമാനമായി നിരവധി തട്ടിപ്പുകൾ പ്രതി നടത്തിയുടെതായി കണ്ടെത്തിയിട്ടുണ്ട്.

2023ലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പനമ്പാലം, കുടമാളൂർ ശാഖകളിൽനിന്ന് അഞ്ചു ലക്ഷം രൂപയാണ് ഇയാൾ മുക്ക്പണ്ടം വെച്ച് തട്ടിയെടുത്തത്. വിശദമായ പരിശോധനയില്‍ മുക്കുപണ്ടമാണെന്ന് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ കണ്ടെത്തി. ജീവനക്കാരുടെ അന്വേഷണത്തിൽ ഇയാൾ ചെന്നൈയിൽ വെച്ച് മരിച്ചെന്ന വിവരം ലഭിക്കുന്നത്. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു. 2024-ലാണ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. തട്ടിപ്പു നടത്തിയ ശേഷം ഇയാൾ മരണപ്പെട്ടു പോയതായും ചെന്നൈയിലെ അഡയാറിൽ സംസ്കാരം നടത്തിയതായും പത്രവാർത്ത നൽകി. ചെന്നൈ അഡയാറിൽ സംസ്കാരം നടക്കുമെന്നും വാർത്തയിലുണ്ട്.

സുബി എന്ന വിളിപേരിലായിരുന്നു മരണ വാർത്ത. വാർത്ത നൽകിയതിന് ശേഷമാണ് പ്രതി ഒളിവിൽ പോയത്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണു മരണവാർത്തയെന്ന് പോലീസിന് സംശയമുണ്ടായിരുന്നു. തുടർന്നാണ് കൊടൈക്കനാൽ ഉൾപ്പെടെ മറ്റു സ്ഥലങ്ങളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്. ഇതോടെ പലയിടങ്ങളിലും യുവാവ് സമാന തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. പ്രതി, കുമാരനെല്ലൂരില്‍ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിട്ടുണ്ടെന്നും പൊലീസ് അന്വേഷിക്കുന്നുവെന്ന സൂചനകളെ തുടര്‍ന്ന് കൊടൈക്കനാലില്‍ കഴിയുകയായിരുന്നുവെന്നും പോലീസ് പറയുന്നു. സിനിമ നടന്‍ എന്ന വ്യാജേനയാണ് ഇയാൾ കൊടൈക്കനാലില്‍ താമസിച്ചിരുന്നത്.

ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പോലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് ടി, സബ് ഇൻസ്‌പെക്ടർ അനുരാജ് എം എച്ച്, എസ്ഐ സത്യൻ എസ് , എസ്.സി.പി.ഒ രഞ്ജിത്ത് , സി.പി.ഒ അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ ചെന്നൈയിൽ നിന്നും അറസ്റ്റ് ചെയ്തത്. പ്രതി ഇതേ തരത്തിലുള്ള കൂടുതൽ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോ എന്ന അന്വേഷണങ്ങൾ നടന്നുവരികയാണ് പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കി.