എറണാകുളം: 58കാരി ചന്ദ്രികയുടെ മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. ഇന്നലെ രാവിലെയാണ് അരയൻകാവ് വെളുത്താൻകുന്ന് അറയ്ക്കപ്പറമ്പിലെ ചന്ദ്രികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ അഭിജിത്താണ് അമ്മ തൂങ്ങി മരിച്ചെന്ന വിവരം സമീപവാസികളെ അറിയിക്കുന്നത്. എന്നാൽ ചന്ദ്രികയെ അഭിജിത് മർദ്ദിക്കുന്നത് പതിവായിരുന്നെന്നും ശാരീരികമായും മാനസികമായും കടുത്ത പീഡനമാണ് ഇവർ നേരിട്ടതെന്നും നാട്ടുകാര്‍ പറയുന്നു. ചന്ദ്രികയുടെ ഭർത്താവ് അംബുജാക്ഷൻ ഏതാനും വർഷം മുമ്പ് അപകടത്തിൽ മരിച്ചിരുന്നു. ഇൻഷുറൻസ് തുകമായി ലഭിച്ച 15 ലക്ഷത്തിന്റെ പേരിലും നിരന്തരം തർക്കം ഉണ്ടായിരുന്നതാണ് വിവരം. ചന്ദ്രികയെ മകന്‍ അഭിജിത് കൊലപ്പെടുത്തിയതെന്ന് നാട്ടുകാര്‍ പറയുന്നത്.

അഭിജിത് ഇപ്പോൾ മുളന്തുരുത്തി പോലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണെന്നാണ് സൂചന. പരസ്പര വിരുദ്ധമായ മറുപടികളാണ് മകന്റെ ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ചത് എന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുക്കാൻ തീരുമാനിച്ചത്. ഇന്നലെ രാവിലെ ആറരയോടെയാണ് അമ്മ മരിച്ച വിവരം അഭിജിത് അയൽക്കാരെ അറിയിക്കുന്നത്. കട്ടിലിൽ കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. ഫൊറൻസിക് സംഘത്തിന്റെയും, വിരലടയാള വിദഗ്ധരുടെയും പരിശോധനക്കും, പ്രാഥമിക ചോദ്യം ചെയ്യലിനും ശേഷമാണ് മകൻ അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. പോസ്റ്റുമാർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം അടുത്ത നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ തീരുമാനം.

അയൽവാസിയായ സോജനെയാണ് അമ്മ തൂങ്ങിക്കിടക്കുന്നുവെന്ന വിവരം അഭിജിത് ആദ്യം അറിയിച്ചത്. ഇതോടെയാണ് ചന്ദ്രികയുടെ മരണം നാട്ടുകാര്‍ അറിയുന്നത്. വീട്ടില്‍ ചെന്നുനോക്കിയപ്പോള്‍ സാരിത്തുമ്പ് തറയില്‍ കിടക്കുന്നതാണ് കണ്ടത്. സാരിയിൽ തൂങ്ങിയാണ് മരിച്ചതെന്നും താനാണ് താഴെ എടുത്തു കിടത്തിയത് എന്നുമായിരുന്നു മകന്റെ വിശദീകരണം. എന്നാല്‍ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സാരിക്കെട്ട് മുറുകിയിട്ടില്ല, മൂക്കില്‍ നിന്നും രക്തം വന്നിരുന്നു, കൈ മലച്ച്, കാലുകള്‍ അകന്ന നിലയിലായിരുന്നു മൃതദേഹമെന്നും നാട്ടുകാര്‍ പറയുന്നു. കട്ടിലില്‍ കയറിയാല്‍ പോലും ചന്ദ്രികയ്ക്ക് അത്രയും ഉയരത്തില്‍ സാരികെട്ടി ജീവനൊടുക്കാനാവില്ലെന്നും നാട്ടുകാര്‍ ഉറപ്പിക്കുന്നു.

അമ്മയെന്ന പരിഗണന പോലുമില്ലാതെയാണു ചന്ദ്രികയെ അഭിജിത് ഉപദ്രവിച്ചിരുന്നതെന്ന് പഞ്ചായത്ത് വാര്‍ഡ് അംഗം ഉമാദേവി സോമൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഒന്നുരണ്ടു തവണ പോലീസ് വീട്ടിൽ വന്നിരുന്നു. കഴിഞ്ഞ ദിവസവും മകൻ തന്നെ ഉപദ്രവിക്കുന്നുവെന്നും ഒന്ന് ഉപദേശിക്കണമെന്നും പറഞ്ഞ് ചന്ദ്രിക വിളിച്ചിരുന്നുവെന്ന് ഉമാദേവി വ്യക്തമാക്കി. എന്നാൽ വീട്ടിലെത്തി വിളിച്ചെങ്കിലും അഭിജിത് പുറത്തേക്കു വന്നില്ലെന്നും അവർ പറഞ്ഞു.

2 മാസം മുമ്പ് അമ്മയുടെ കഴുത്തിൽ വാക്കത്തി വച്ച് ഭീഷണിപ്പെടുത്തിയതിന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നുവെന്നു. അന്ന് ഇയാളുടെ കയ്യിൽനിന്നു കഞ്ചാവ് പിടിച്ചിരുന്നുവെന്നും സൂചനയുണ്ട്. മകൻ തന്നെ കൊല്ലുമെന്ന് ചന്ദ്രിക പേടിച്ചിരുന്നതായാണ് നാട്ടുകാർ പറയുന്നത്. അതുകൊണ്ടു തന്നെ പലപ്പോഴും അടുത്തുള്ള ബന്ധുവീടുകളിലാണ് ഇവർ രാത്രി ഉറങ്ങിയിരുന്നത്. കേസിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി പുറത്ത് വന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് കണക്ക് കൂട്ടൽ.