ചേര്‍ത്തല: നവജാത ശിശുവിനെ കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. ബന്ധുക്കളെന്ന നിലയിലാണ് ആശയും രതീഷും പരിചയപ്പെടുന്നതും അടുക്കുന്നതും. ആശ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ചെങ്കിലും അതിനുള്ള സമയം കഴിഞ്ഞിരുന്നു. ആശുപത്രിയില്‍ ഒപ്പം പോയിരുന്നതും ചെലവുകള്‍ വഹിച്ചിരുന്നതും പൂക്കട നടത്തുന്ന രതീഷാണ്. 31നു രാവിലെ 11നാണ് ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ആയെങ്കിലും പലയിടങ്ങളിലൂടെ യാത്ര ചെയ്തു രാത്രി 8നാണ് ആശയും രതീഷും പള്ളിപ്പുറത്തു നിന്നു പിരിയുന്നത്. ഊ സമയം ജീവനുള്ള കുഞ്ഞിനെ സഞ്ചിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പിന്നീടുള്ള കാര്യം ചോദിച്ചപ്പോള്‍ നീ അറിയേണ്ടെന്നു രതീഷ് പറഞ്ഞതായി പൊലീസിനോട് ആശ പറഞ്ഞു. അതിന് ശേഷമാണ് കൊല നടന്നത്. കേസില്‍ ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് 17-ാം വാര്‍ഡ് പല്ലുവേലി കായിപ്പുറം വീട്ടില്‍ ആശ(35), കാമുകന്‍ പല്ലുവേലി പണിക്കാശ്ശേരി റോഡില്‍ രാജേഷ് ഭവനത്തില്‍ രതീഷ്(38) എന്നിവരാണ് അറസ്റ്റിലായത്. ആശാ വര്‍ക്കര്‍മാരുടെ ഇടപെടലാണ് കൊല പുറംലോകത്ത് എത്തിച്ചത്.

ആശ ഗര്‍ഭിണിയാണെന്ന് ആ സ്ഥലത്തെ ആശാ വര്‍ക്കര്‍മാര്‍ക്ക് അറിയാമായിരുന്നു. അവിഹിതത്തിലാണ് ഗര്‍ഭിണിയായതെന്നും തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ അവര്‍ ആശയെ നിരീക്ഷണത്തിലാക്കി. പ്രസവ ശേഷം ആശ മടങ്ങിയെത്തിയതും അവര്‍ മനസ്സിലാക്കി. അങ്ങനെ അവര്‍ വീണ്ടും അന്വേഷിച്ചെത്തി. ഇതാണ് നിര്‍ണ്ണായകമായത്. ആശ വര്‍ക്കര്‍ ത്രിപുരേശ്വരിയും നഴ്‌സ് നിതയും ആശയെ കാണാനെത്തിയപ്പോള്‍ കുഞ്ഞിനെ മറ്റൊരാള്‍ക്കു വളര്‍ത്താന്‍ കൊടുത്തെന്നും പേടി കാരണം ഉറക്കമില്ലെന്നും ഭക്ഷണം കഴിച്ചില്ലെന്നും പറഞ്ഞു സങ്കടപ്പെട്ടു.അല്‍പനേരത്തേക്ക് തങ്ങള്‍ അതു വിശ്വസിച്ചെന്നു ത്രിപുരേശ്വരി പറഞ്ഞു. പഞ്ചായത്ത് അംഗം ഷില്‍ജ സലിമിനെ വിവരമറിയിച്ചു. ഷില്‍ജയാണു പൊലീസില്‍ അറിയിക്കുന്നത്. 2008 മുതല്‍ ആശ പ്രവര്‍ത്തകയാണു ത്രിപുരേശ്വരി. മുന്‍പ് മഹിളാ സ്വസ്ഥ് സംഘം പ്രവര്‍ത്തകയായിരുന്നു.

ത്രിപുരേശ്വരി നേരത്തെ തന്നെ ഗര്‍ഭം തിരിച്ചറിഞ്ഞിരുന്നു. 'ഗര്‍ഭിണിയാണെന്ന വിവരം പുറത്തു പറഞ്ഞാല്‍ നിങ്ങളുടെയെല്ലാം പേര് എഴുതിവച്ച ശേഷം ജീവനൊടുക്കും' എന്ന് ആശ ഭീഷണിപ്പെടുത്തിയതായി ത്രിപുരേശ്വരി പറയുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ആശ ഭര്‍ത്താവും മക്കളുമൊത്ത് പല്ലുവേലിയിലെ വീട്ടില്‍ താമസിക്കാന്‍ എത്തിയത്. മറ്റൊരിടത്തു വാടകയ്ക്കു കഴിയുകയായിരുന്നു ഇവര്‍. ആശ ഗര്‍ഭിണിയാണെന്നറിഞ്ഞ് വിവരങ്ങള്‍ ശേഖരിക്കാനാണ് ആ വീട്ടില്‍ പോയതെന്നു ത്രിപുരേശ്വരി പറഞ്ഞു. എന്നാല്‍ കൃത്യമായ വിവരങ്ങളൊന്നും നല്‍കാതെ ആശ ഒഴിഞ്ഞുമാറി. ഗര്‍ഭിണി ആയിരിക്കാന്‍ സാധ്യതയില്ലെന്നാണ് ഇവരുടെ ഭര്‍ത്താവു പറഞ്ഞത്. വയറ്റില്‍ മുഴയുണ്ടെന്നും വെള്ളം കെട്ടിക്കിടക്കുകയാണെന്നും മറ്റും ഇയാള്‍ പറഞ്ഞിരുന്നു.സത്യം അറിയിക്കണമെന്ന് ആശയോട് ആവശ്യപ്പെട്ടപ്പോഴാണു ഗര്‍ഭിണിയാണെന്നു സമ്മതിച്ചത്.

ഇതു പുറത്തറിഞ്ഞാല്‍ ജീവനൊടുക്കുമെന്നും മേലില്‍ തന്റെ വീട്ടിലേക്കു വരരുതെന്നും ഇവര്‍ താക്കീതും നല്‍കി. 24നു തനിച്ച് ഓട്ടോയിലാണ് ആശുപത്രിയില്‍ പോയതെന്നും 26നു പ്രസവിച്ചെന്നും അറിഞ്ഞു. 27ന് ആശ ത്രിപുരേശ്വരിയെ ഫോണില്‍ വിളിച്ചു പ്രസവകാര്യം അറിയിച്ചു. ഡിസ്ചാര്‍ജ് സമ്മറി ഉള്‍പ്പെടെ തരാം അതോടെ നിങ്ങളുടെ ഉത്തരവാദിത്തം കഴിയില്ലേ എന്നും പറഞ്ഞു. 30ന് തനിച്ചാണ് ഓട്ടോയില്‍ വീട്ടില്‍ തിരിച്ചെത്തിയത്. ഇത് അറിഞ്ഞതോടെ വീണ്ടും സംശയം തുടങ്ങി. കൃത്യമായ ഇടപെടലിലൂടെ കൊല പുറത്തു കൊണ്ടു വരികയും ചെയ്തു.

നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്ന സൂചന ലഭിച്ചതോടെ ആശയുടെ ആണ്‍ സുഹൃത്ത് രതീഷിന്റെ വീട് പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചതും നിര്‍ണായകമായി. കുഞ്ഞിനെ അപായപ്പെടുത്തിയിരിക്കാന്‍ സാധ്യതയുണ്ടെന്നതിനെ തുടര്‍ന്നു പൊലീസ് വേഗം യുവതിയെ ചോദ്യം ചെയ്യുകയായിരുന്നു. കുഞ്ഞിനെ രതീഷിനെ ഏല്‍പിച്ചെന്നു പറഞ്ഞതോടെ രതീഷിനെ കസ്റ്റഡിയില്‍ എടുത്തു. പിന്നീട് മൃതദേഹവും കണ്ടെത്തി. ഇതോടെ കുറ്റസമ്മതവും എത്തി. ജനിച്ച് അഞ്ചുദിവസമായ കുഞ്ഞിനെ കൊന്ന് യുവതിയുടെ കാമുകന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടത് നാടിനും ഞെട്ടലായി മാറി.