ഭോപ്പാൽ: ഏഷ്യൻ ഗെയിംസിലും മറ്റ് അന്താരാഷ്ട്ര വേദികളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള പ്രമുഖ ജിയു-ജിറ്റ്സു താരത്തെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ജിയു-ജിറ്റ്സു താരം 35 കാരിയായ രോഹിണി കലാമാണ് ജീവനൊടുക്കിയത്. ഞായറാഴ്ച മധ്യപ്രദേശിലെ വീട്ടിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. രോഹിണിയുടെ ഇളയ സഹോദരി റോഷ്‌നി കലാമാണ് രാധഗഞ്ചിലെ അർജുൻ നഗറിലെ കുടുംബ വീട്ടിൽ താരത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു,

സംഭവം നടക്കുമ്പോൾ, അത്‌ലറ്റ് താരത്തിന്റെ അമ്മയും ഒരു സഹോദരനും ഒരു ക്ഷേത്രത്തിൽ ദർശനം നടത്തുകയായിരുന്നു. ബാങ്ക് ജീവനക്കാരനായ പിതാവും വീട്ടിൽ നിന്ന് പുറത്ത് പോയിരിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഒരു സ്വകാര്യ സ്‌കൂളിലെ ആയോധനകല പരിശീലകയായി രോഹിണി ജോലി ചെയ്യുകയായിരുന്നു. ജോലി സംബന്ധമായ സമ്മർദ്ദത്തിലായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.

സ്കൂളിലെ പ്രിൻസിപ്പൽ രോഹിണിയെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നുവെന്ന് സഹോദരി ആരോപിച്ചു. അഞ്ച് മക്കളിൽ മൂത്തവളായ രോഹിണി പലപ്പോഴും വിവാഹാലോചനകളെ എതിർത്തിരുന്നുവെന്നും പകരം ഐപിഎസ് ഓഫീസർ ആകണമെന്ന് ലക്ഷ്യത്തോടെയാണ് അവൾ ജീവിച്ചിരുന്നതെന്ന് പിതാവ് ചൂണ്ടിക്കാട്ടി.

ഇതിനിടയിൽ അഞ്ച് മാസം മുമ്പ് വയറ്റിലെ മുഴയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നുവെന്നും കുടുംബം വെളിപ്പെടുത്തി. ജോലി സംബന്ധമായ സമ്മർദ്ദമാണ് അവളെ രോഗത്തിന്റെ വക്കിലെത്തിച്ചതെന്ന് കുടുംബം പറഞ്ഞു.

2023-ലെ ഏഷ്യൻ ഗെയിംസിൽ ജിയു-ജിറ്റ്സു ഇനത്തിൽ പങ്കെടുത്തതിലൂടെയാണ് രോഹിണ ശ്രദ്ധേയയായിരുന്നു. രോഹിണി തന്റെ കരിയർ ആരംഭിച്ചത് 2007-ലാണ്, 2015-ൽ തന്റെ പ്രൊഫഷണൽ ജിയു-ജിറ്റ്‌സു കരിയർ ആരംഭിച്ചു. ഹാങ്‌ഷൗവിൽ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബർമിംഗ്ഹാമിൽ നടക്കുന്ന ലോക ഗെയിംസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ അത്‌ലറ്റ് എന്ന അപൂർവ നേട്ടം അവർ നേടി. 2022 ലെ തായ്‌ലൻഡ് ഓപ്പൺ ഗ്രാൻഡ് പ്രിക്സിൽ 48 കിലോഗ്രാം വിഭാഗത്തിൽ വെങ്കലവും 2024 ൽ അബുദാബിയിൽ നടന്ന എട്ടാമത് ഏഷ്യൻ ജിയു-ജിറ്റ്‌സു ചാമ്പ്യൻഷിപ്പിൽ ഡ്യുവോ ക്ലാസിക് ഇനത്തിൽ മറ്റൊരു വെങ്കലവും നേടിയിരുന്നു.

പോസ്റ്റ്‌മോർട്ടം പരിശോധനാ റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ബ്രസീലിയന്‍ സ്വയംപ്രതിരോധ ആയോധന കലയും പോരാട്ട കായിക ഇനവുമാണ് ജിയു ജിറ്റ്‌സു. 1925ല്‍ ബ്രസീലിയന്‍ സഹോദരന്മാരായ കാര്‍ലോസ്, ഓസ്വാള്‍ഡോ, ഗാസ്റ്റോ ജൂനിയര്‍, ഒബ്രിയന്‍, ഹീലിയോ ഗ്രേസി എന്നിവര്‍ ചേര്‍ന്നാണ് ബ്രസീലിയന്‍ ജിയുജിറ്റ്‌സു വികസിപ്പിച്ചെടുത്തത്. ദുര്‍ബലനായ വ്യക്തിക്ക് വലിയ, ശക്തനായ, ഭാരമേറിയ എതിരാളിയെ വിജയകരമായി പ്രതിരോധിക്കാന്‍ കഴിയും എന്ന ആശയത്തെ ചുറ്റിപ്പറ്റിയാണ് ഇത് വികസിപ്പിച്ചത്.