ബെംഗളുരു: ബെംഗളുരുവില്‍ വ്‌ലോഗറായ അസം സ്വദേശിനി മായാ ഗൊഗോയിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട കണ്ണൂര്‍ സ്വദേശിയായ കാമുകന്‍ ആരവ് ഹനോയ് മൂന്നാം ദിവസവും കാണാമറയത്ത്. ബംഗളൂരു നഗരം കേന്ദ്രീകരിച്ചും ആരവ് പോകാന്‍ സാദ്ധ്യതയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടക്കുന്നത്. ആരവിനെ പിടികൂടാന്‍ രണ്ട് അന്വേഷണസംഘങ്ങള്‍ രൂപീകരിച്ചതായി ബെംഗളുരു സിറ്റി പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ് വ്യക്തമാക്കി.

കഴിഞ്ഞ ആറ് മാസമായി ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. മായ ഇത് തന്റെ സഹോദരിയോട് പറഞ്ഞിരുന്നു. ആരവുമായി മായ മണിക്കൂറുകളോളം ഫോണില്‍ സംസാരിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ചില സമയത്ത് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും ചാറ്റുകളില്‍ വ്യക്തമാണ്.

പരസ്പരമുള്ള അഭിപ്രായ ഭിന്നതയാകാം മായയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മായയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ആരവിനെ അവസാനമായി കണ്ട ബംഗളൂരു മജസ്റ്റിക് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ പരമാവധി സിസിടിവികള്‍ പരിശോധിച്ച് വരികയാണ്.

ഇവിടെ വച്ചാണ് ആരവ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത്. ഇന്നലെ കണ്ണൂരിലെ തോട്ടടയിലുള്ള ആരവിന്റെ വീട്ടിലെത്തിയ കര്‍ണാടക പൊലീസിന് അന്വേഷണത്തിന് സഹായകമാകുന്ന വിവരങ്ങളൊന്നും കിട്ടിയില്ലെന്നാണ് സൂചന. ക്യാന്‍സര്‍ രോഗിയായ മുത്തച്ഛന്‍ മാത്രമാണ് ആരവിന്റെ വീട്ടിലുള്ളത്.

പ്രണയപ്പകയോ പരസ്പരമുള്ള അഭിപ്രായ ഭിന്നതകളോ ആണ് മായയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. ഇന്ദിരാനഗറിലെ സര്‍വീസ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പോയ ആരവ് മജസ്റ്റിക് റെയില്‍വേ സ്റ്റേഷനിലെത്തിയ പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതായി വ്യക്തമാകുന്നുണ്ട്. മായയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ് പൊലീസ്. കൃത്യം മരണസമയം പോസ്റ്റ് മോര്‍ട്ടത്തിലൂടെ മാത്രമേ വ്യക്തമാകൂ. മായ ഗൊഗോയിയുടെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കിയിട്ടുണ്ട്.