- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഭര്‍ത്താവിനെ ഉപേക്ഷിച്ച് കുഞ്ഞിനെയും കൊണ്ട് കൂടെ വരാന്‍ പല തവണ ആവശ്യപ്പെട്ടു; ബൈക്ക് അടക്കം വിറ്റിട്ടാണ് ആതിരയെ കാണാന്‍ എത്തിയത്; കത്തി വാങ്ങിയത് ചിറയിന്‍കീഴില്‍ നിന്നും; ഷര്‍ട്ടില്‍ രക്തമായതിനാല്‍ വീട്ടില്‍ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ ഷര്‍ട്ട് ധരിച്ചു'; കഠിനംകുളം കൊലക്കേസില്‍ പ്രതി ജോണ്‍സണ്‍ പൊലീസിന് നല്കിയ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍
കത്തി വാങ്ങിയത് ചിറയിന്‍കീഴില്‍ നിന്നും; ഷര്‍ട്ടില്‍ രക്തമായതിനാല്‍ വീട്ടില്‍ ഉപേക്ഷിച്ചു
തിരുവനന്തപുരം: ഭര്‍ത്താവിനെ ഉപേക്ഷിച്ച് കുഞ്ഞിനെയും കൊണ്ട് തന്റെ കൂടെ വരാന്‍ പല തവണ നിര്‍ബന്ധിച്ചിട്ടും തയ്യാറാകാത്തത് കൊണ്ടാണ് കഠിനംകുളം സ്വദേശിയായ ആതിരയെ കൊലപ്പെടുത്തിയതെന്ന് പ്രതി ജോണ്‍സന്‍ ഔസേപ്പിന്റെ മൊഴി. പോലീസ് പിടിയിലാകുമെന്നുറപ്പായപ്പോഴാണ് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതെന്നും അന്വേഷണ സംഘത്തിന് ജോണ്‍സണ്‍ മൊഴി നല്‍കി. കഠിനംകുളം പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്ത് വന്നത്.
കൃത്യം നടന്ന ദിവസം പെരുമാതുറയിലെ മുറിയില്‍ നിന്ന് രാവിലെ ഏഴ് മണിയോടെ പ്രതി മതില്‍ ചാടി ആതിര താമസിക്കുന്ന വീടിനകത്തു വന്നു. അവസാനമായി ആതിരയെ ഒന്നു കാണമെന്നായിരുന്നു ജോണ്‍സന്റെ ആവശ്യം. തന്റെ ബൈക്ക് അടക്കം വിറ്റിട്ടാണ് പ്രതി ആതിരയെ കാണാന്‍ എത്തിയത്. വീട്ടില്‍ എത്തിയ പ്രതിക്ക് ആതിര ചായ ഇട്ടു കൊടുത്തു. ഈ സമയം ജോണ്‍സണ്‍ കയ്യില്‍ കരുതിയ കത്തി മുറിക്കുള്ളിലെ കിടക്കയുടെ അടിയില്‍ സൂക്ഷിച്ചു.
ഇതിനിടെ കുട്ടി ഉണരുകയും ആതിര കുട്ടിയെ ഒരുക്കി സ്‌കൂളില്‍ വിടുകയും ചെയ്തു. ഈ സമയമെല്ലാം പ്രതി വീടിനുള്ളില്‍ തന്നെ ഉണ്ടായിരുന്നു. കുട്ടിയെ സ്‌കൂളില്‍ വിട്ടശേഷം ക്ഷേത്രപൂജാരിയായ ഭര്‍ത്താവിന് ഭക്ഷണം കൊടുത്ത് ആതിര മടങ്ങി റൂമില്‍ എത്തിയപ്പോഴാണ് കൊലപാതകം നടത്തിയതെന്നും ജോണ്‍സണ്‍ മൊഴിയില്‍ പറയുന്നു.
ആതിരയെ കുത്താനുള്ള കത്തി ചിറയിന്‍കീഴില്‍ നിന്നുമാണ് വാങ്ങിയതെന്നാണ് ജോണ്‍സന്റെ മൊഴി. കൃത്യം നടത്തുന്നതിനിടയില്‍ ജോണ്‍സന്റെ കൈയ്ക്കും മുറിവേറ്റിരുന്നു. കൊലപാതക ശേഷം രക്തം പുരണ്ട ജോണ്‍സന്റെ ഷര്‍ട്ട് അവിടെ ഉപേക്ഷിച്ച് ആതിരയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ട് ഇട്ടാണ് സ്‌കൂട്ടറില്‍ രക്ഷപ്പെട്ടത്. ആതിര തന്റെ കൂടെ വരാന്‍ സമ്മതിക്കാത്തതാണ് കൊലപാതകം നടത്താന്‍ കാരണം എന്നാണ് പ്രതിയുടെ മൊഴിയില്‍ പറയുന്നത്.
ജോണ്‍സന്‍ ആതിരയെ കൊലപ്പെടുത്തിയത് ലൈംഗികബന്ധത്തിനിടെയെന്നാണ് മൊഴിയില്‍ പറയുന്നത്. പൂജാരിയായ ആതിരയുടെ ഭര്‍ത്താവ് ക്ഷേത്രത്തില്‍ പോയെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ജോണ്‍സന്‍ വീട്ടിനുള്ളില്‍ പ്രവേശിച്ചത്. വീട്ടിലെത്തിയ പ്രതിയ്ക്ക് ആതിര ചായ നല്‍കി. ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ കത്തിയെടുത്ത് ആതിരയുടെ കഴുത്തില്‍ കുത്തിയിറക്കിയെന്ന് പ്രതി മൊഴി നല്‍കി. കൊലപാതകത്തിനു ശേഷം താന്‍ സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നും പ്രതി പറയുന്നു.
ഈ മാസം ഏഴാം തീയതി തമ്മില്‍ കണ്ട ഇരുവരും അന്ന് ജോണ്‍സന്റെ ബുള്ളറ്റില്‍ ഒരുമിച്ച് യാത്ര ചെയ്യുകയും ചെയ്തിരുന്നുവെന്നും മൊഴിയിലുണ്ട്. ഡിസംബര്‍ ഏഴ് മുതല്‍ ജനുവരി ഏഴ് വരെ ചിങ്ങവനത്ത് ഒരു രോഗിയെ നോക്കിയ ജോണ്‍സണ്‍ അതിന് ശേഷമാണ് ജോലി ഉപേക്ഷിച്ച് പെരുമാതുറയിലെത്തിയത്.
ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തായിരുന്നു ജോണ്‍സന്‍ ഔസേപ്പ്. ഏറെ നാളായി ആതിരയും ജോണ്‍സനും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. വിവാഹിതനും മൂന്നു മക്കളുമുള്ള ഇയാള്‍ ഇപ്പോള്‍ കുടുംബവുമായി വേര്‍പിരിഞ്ഞാണു കഴിയുന്നത്. കുടുംബം ഉപേക്ഷിച്ച് തന്നോടൊപ്പം വരാന്‍ ആതിരയെ ഇയാള്‍ നിര്‍ബന്ധിച്ചു. ആതിര എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തി. ആതിരയുമായി ഇയാള്‍ക്ക് സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു.
കൊലപാതകത്തിന് പിന്നാലെ മുങ്ങിയ ജോണ്‍സന്‍ ഔസേപ്പിനെ ഇന്നലെ കോട്ടയം ചിങ്ങവനത്തെ ഒരു വീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. എലിവിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ജോണ്‍സണ്‍.
ചിങ്ങവനത്തെ വീട്ടില്‍ നിന്ന് സാധനങ്ങള്‍ എടുക്കാന്‍ എത്തിയപ്പോഴാണ് ഇയാള്‍ പൊലീസ് പിടിയിലായത്. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണ്. എന്നാല്‍ 48 മണിക്കൂര്‍ നിരീക്ഷണമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിന് ശേഷമായിരിക്കും പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുക. ആശുപത്രിയില്‍ പൂര്‍ണമായും പോലീസ് നിരീക്ഷണത്തിലാണ് പ്രതി കഴിയുന്നത്.
രക്ഷപ്പെടാന്‍ ശ്രമം, നാട്ടുകാര്‍ വട്ടംകൂടി പിടികൂടി
ജോണ്‍സണ്‍ ഹോംനഴ്‌സായി ജോലി ചെയ്തതു കുറിച്ചി കാലായിപ്പടി ജംക്ഷന്‍ പഞ്ചായത്ത് കുളത്തിനു സമീപത്തെ വീട്ടിലായിരുന്നു. പ്ലമിങ് ജോലി ചെയ്തിരുന്ന രാധാകൃഷ്ണന്റെ വീട്ടിലാണു ഹോംനഴ്‌സായി ഇയാള്‍ ജോലി ചെയ്തിരുന്നത്. കിടപ്പിലായ രാധാകൃഷ്ണന്റെ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. രാധാകൃഷ്ണന്റെ ഭാര്യയും മകനും നേരത്തേ മരിച്ചു. മകളുടെ വിവാഹം കഴിഞ്ഞതോടെയാണു ഹോംനഴ്‌സിന്റെ സേവനം വേണ്ടിവന്നത്.
ജോണ്‍സണ്‍ ഇവിടെ ജോലി ചെയ്തുതുടങ്ങിയിട്ട് ഒരു മാസമായി. ഇടയ്ക്കു വീട്ടിലേക്കെന്നു പറഞ്ഞു പോവുന്നതും രണ്ടുദിവസം കഴിഞ്ഞു മടങ്ങിവരുന്നതും പതിവായിരുന്നു. കഴിഞ്ഞ ദിവസം വന്നശേഷം ഭക്ഷണം ചോദിച്ചുവാങ്ങി കഴിച്ചു. പിന്നീടു രാധാകൃഷ്ണന്റെ അടുത്തുവന്നിരുന്ന ശേഷം, ഒരു കീടനാശിനിയുടെ പേരുപറഞ്ഞിട്ട് അതു കഴിച്ചാല്‍ മരിക്കുമോയെന്നും ചോദിച്ചു.
ഉച്ചയോടെ ടിവി വാര്‍ത്തയില്‍ ജോണ്‍സന്റെ ചിത്രങ്ങള്‍ വന്നതോടെ സമീപവാസികള്‍ ഇയാളെ തിരിച്ചറിഞ്ഞു. പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തുന്നതിന് ഏതാനും മിനിറ്റുകള്‍ക്കു മുന്‍പ് ഇയാള്‍ വീട്ടില്‍നിന്ന് ഇറങ്ങി. നാട്ടുകാര്‍ വട്ടംകൂടി പിടികൂടുമ്പോഴേക്കും പൊലീസെത്തി ജീപ്പിലാക്കി മടങ്ങി. നാട്ടുകാര്‍ വട്ടം പിടിക്കുമ്പോള്‍ നിങ്ങള്‍ പൊലീസുകാരാണോ എന്നായിരുന്നു ഇയാളുടെ ചോദ്യം.
കൊല്ലം നീണ്ടകര ദളവാപുരം സ്വദേശിയാണു ജോണ്‍സണ്‍ ഔസേപ്പ് (34). പിടിയിലാകുമ്പോള്‍ എലിവിഷം ഉള്‍പ്പെടെ കഴിച്ച് അവശനിലയിലായിരുന്ന പ്രതിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
കഠിനംകുളം വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിച്ചു വന്ന വെഞ്ഞാറമൂട് ആലിയാട് പ്ലാവിള വീട്ടില്‍ ആതിര (മാളു 30) ആണു കൊല്ലപ്പെട്ടത്. ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് നിസ്സാം എ ആശുപത്രിയിലെത്തി പ്രതിയുടെ മൊഴി രേഖപ്പെടുത്തി.
അഞ്ച് ദിവസം അവധിയെടുത്തു
കൊല്ലത്തെ വീട്ടിലേക്കു പോകുന്നുവെന്നു പറഞ്ഞാണ് ജോണ്‍സണ്‍ ദിവസങ്ങള്‍ക്കു മുന്‍പ് കുറിച്ചിയിലെ വീട്ടില്‍നിന്നു പോയത്. കൊലപാതകത്തിന് 5 ദിവസം മുന്‍പു പെരുമാതുറയിലെ ലോഡ്ജില്‍ മുറിയെടുത്തു താമസിച്ച പ്രതി, സംഭവത്തിനുശേഷം മുറിയൊഴിഞ്ഞു. ആതിരയുടെ സ്‌കൂട്ടറിലാണ് ഇയാള്‍ പോയത്. 21നാണു കൊലപാതകം. വസ്ത്രങ്ങള്‍ എടുക്കാനെന്നു പറഞ്ഞ് 22ന് കുറിച്ചിയിലെ വീട്ടില്‍ എത്തിയ പ്രതി അവിടെ തങ്ങുകയായിരുന്നു.