- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പതിനാറുകാരനെ പാട്ടിലാക്കി വീട്ടിലും മറ്റിടങ്ങളിലും കൊണ്ടുപോയി പീഡനം; മാന്യമായ പെരുമാറ്റം വഴി വിശ്വാസികളുടെ മതിപ്പ് പിടിച്ചുപറ്റിയ വൈദികന്റെ ക്രൂരപീഡനം പുറത്തുവന്നത് സ്‌കൂള്‍ കൗണ്‍സിലിംഗിനിടെ; പോക്സോ കേസില്‍ ഒളിവിലായിരുന്ന അതിരുമാവ് ഇടവക വികാരി ഫാ. പോള്‍ തട്ടുപറമ്പില്‍ കോടതിയില്‍ കീഴടങ്ങി; പ്രതി റിമാന്‍ഡില്‍
അതിരുമാവ് ഇടവക വികാരി ഫാ. പോള്‍ തട്ടുപറമ്പില്‍ കോടതിയില്‍ കീഴടങ്ങി
കാസര്‍ഗോഡ്: 16 വയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍, ഒളിവില്‍ പോയ വൈദികന്‍ കോടതിയില്‍ കീഴടങ്ങി. അതിരുമാവ് ഇടവക വികാരി ഫാ. പോള്‍ തട്ടുപറമ്പിലാണ് കാസര്‍കോട് ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി രണ്ടില്‍ കീഴടങ്ങിയത്. ജൂണ്‍ ആദ്യവാരമാണ് ചിറ്റാരിക്കല്‍ പോലീസ്, പള്ളി വികാരിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.
പോലീസ് കേസെടുത്തതോടെ വികാരി ഒളിവില്‍ പോകുകയും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയും ചെയ്തു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് വികാരി കീഴടങ്ങാന്‍ ജില്ലാ സെഷന്‍സ് കോടതി ഒന്നില്‍ എത്തിയത്. ജഡ്ജി അവധിയിലായതിനാല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ ഹാജരായി. ജഡ്ജി കെ. പ്രിയ ഓഗസ്റ്റ് ഏഴ് വരെയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്.
കേസെടുത്ത് ആഴ്ചകള്‍ പിന്നിടുമ്പോഴും വൈദികനെ പിടികൂടാന്‍ പോലീസിനായിരുന്നില്ല. സംഭവത്തെ തുടര്‍ന്ന് ഫാദര്‍ പോള്‍ തട്ടുപറമ്പിലിനെ വികാരി സ്ഥാനത്തു നിന്നും പുറത്താക്കിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16-കാരനെ 2024 മേയ് 15 മുതല്‍ ഓഗസ്റ്റ് 13 വരെയുള്ള മൂന്ന് മാസകാലയളവില്‍ പോള്‍ തട്ടുപറമ്പില്‍ പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. അള്‍ത്താര ബാലനായിരുന്ന കുട്ടിയെ പള്ളിയിലെ കപ്യാരാക്കിയിരുന്നു. ഈ കാലയളവിലായിരുന്നു പീഡനം. കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്നതിന് തന്റെ വസതിയിലേക്കും മറ്റിടങ്ങളിലേക്കും പുരോഹിതന്‍ കൊണ്ടുപോയിട്ടുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. പല തവണ കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായെന്നാണ് സൂചന. സ്‌കൂള്‍ കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.
തുടര്‍ന്ന് അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനിനെ അറിയിക്കുകയും അവര്‍ ചിറ്റാരിക്കല്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ഫാദര്‍ പോള്‍ തട്ടുപറമ്പില്‍ ഒളിവില്‍ പോയി. അതിനിടെ വൈദികന്‍ നിരപരാധിയാണെന്ന് കാണിച്ചുകൊണ്ട് പോലീസിന് കത്തുകള്‍ എഴുതാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഓഡിയോ സന്ദേശം ഇടവകവിശ്വാസികള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. അന്വേഷണത്തെ സ്വാധീനിക്കാനുള്ള ശ്രമമായി ഇതിനെ പോലീസ് സംശയിച്ചിരുന്നു.
എറണാകുളം സ്വദേശിയായ പോള്‍ തട്ടുപറമ്പില്‍ കണ്ണൂര്‍ ജില്ലയിലെ ഒരു ഇടവകയില്‍ സേവനമനുഷ്ടിച്ച ശേഷം ഒന്നര വര്‍ഷം മുമ്പാണ് ചിറ്റാരിക്കലില്‍ ചുമതലയേറ്റത്. ഇടവക വിശ്വാസികളോട് വളരെ മാന്യമായാണ് വൈദികന്‍ പെരുമാറിയിരുന്നത്. പീഡന വിവരം പുറത്ത് വന്നതോടെ വികാരി സ്ഥാനത്ത് നിന്നും, വൈദിക കൂട്ടായ്മയില്‍ നിന്നും പ്രതിയെ പുറത്താക്കിയിരുന്നു.