തിരുവനന്തപുരം: കഠിനംകുളം പഞ്ചായത്തിലെ പുതുകുറിച്ചി വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി എയ്ഞ്ചലിനും ഭർത്താവിനും ബന്ധുക്കൾക്കും നേരെ ലഹരിസംഘത്തിന്‍റെ ആക്രമണം. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ നടന്ന ഈ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു. കഠിനംകുളം സ്വദേശികളായ ആദികേശവ്, സന്ദീപ്, ഹരീഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്തെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ലഹരിസംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

എയ്ഞ്ചലിന്റെ വീടിന് മുന്നിൽ നാലംഗ സംഘം ബഹളം വെച്ചത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു. വാക്കുതർക്കം രൂക്ഷമായതോടെ, സംഘം ആദ്യം എയ്ഞ്ചലിന്റെ ഭർത്താവിനെ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച എയ്ഞ്ചലിനെ നിലത്തേക്ക് തള്ളി വീഴ്ത്തി തടികൊണ്ട് കാലിൽ ക്രൂരമായി അടിച്ചു. എയ്ഞ്ചലിനും ഭർത്താവിനും കാര്യമായ പരിക്കുകളുണ്ട്. വിവരമറിഞ്ഞെത്തിയ ഭർത്താവിന്‍റെ ബന്ധുക്കളെയും അക്രമികൾ കൂട്ടമായി മർദിച്ചു. സംഭവം നടന്നയുടൻ പോലീസിനെ വിവരമറിയിച്ചെങ്കിലും, പോലീസ് സ്ഥലത്തെത്താൻ വൈകിയെന്ന് എയ്ഞ്ചലിൻ പരാതിപ്പെട്ടു. പോലീസ് സംഘം എത്തിയപ്പോഴേക്കും അക്രമിസംഘം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു.

എന്നാൽ, പോലീസ് സംഘം മടങ്ങിയതിന് തൊട്ടുപിന്നാലെ, അതേ അക്രമികൾ വീണ്ടും തിരിച്ചെത്തി വീടിനുള്ളിൽ അതിക്രമിച്ച് കയറി ആക്രമണം തുടർന്നതായി പരാതിയുണ്ട്. ഇവർ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങൾ അടിച്ചുതകർക്കുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഒരു വനിതാ സ്ഥാനാർഥിക്ക് നേരെ നടന്ന ഈ ആസൂത്രിത ആക്രമണം പ്രദേശവാസികൾക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ആശങ്കയ്ക്കും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.