- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ആറ്റിങ്ങലിലെ ലോഡ്ജില്‍ അസ്മിനയെ ഭാര്യയെന്ന വ്യാജേന എത്തിച്ചു; മദ്യപാനത്തിനിടെ ഉണ്ടായ വഴക്കില്‍ കലി മൂത്ത് ബിയര്‍ കുപ്പി പൊട്ടിച്ച് യുവതിയുടെ ശരീരമാകെ കുത്തിക്കീറി; ലോഡ്ജില്‍ നിന്ന് ജോബി മുങ്ങിയെങ്കിലും പൊലീസിന് തുണയായത് സിസി ടിവി ദൃശ്യങ്ങള്‍; കോഴിക്കോട്ടേക്ക് കടക്കുന്നതിനിടെ പ്രതി അറസ്റ്റില്‍
ആറ്റിങ്ങല്‍ ലോഡ്ജിലെ കൊലയില്‍ പ്രതി പിടിയില്‍
തിരുവനന്തപുരം:ആറ്റിങ്ങല്‍ മൂന്നു മുക്കിലെ ഗ്രീന്‍ലൈന്‍ ലോഡ്ജില്‍ അസ്മിന (40) എന്ന യുവതി കൊല്ലപ്പെട്ട സംഭവത്തില്‍, ഇവരോടൊപ്പം താമസിച്ചിരുന്ന കോഴിക്കോട് വടകര സ്വദേശി ജോബി ജോര്‍ജിനെ (30) പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കായംകുളത്തേക്ക് കടന്നതായും പിന്നീട് കോഴിക്കോട്ടേക്കു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായതെന്നും പോലീസ് അറിയിച്ചു. ആറ്റിങ്ങല്‍ സിഐ അജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. രണ്ടു കുട്ടികളുടെ അമ്മയായ അസ്മിനയും പ്രതിയായ ജോബിയും കായംകുളത്ത് ഒരുമിച്ച് ജോലി ചെയ്തിരുന്നപ്പോഴാണ് സൗഹൃദത്തിലായത്. അടുത്തിടെയാണ് ജോബി ആറ്റിങ്ങലിലെ ഗ്രീന്‍ലൈന്‍ ലോഡ്ജില്‍ ജോലിക്ക് പ്രവേശിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ജോബി, അസ്മിനയെ ഭാര്യയെന്ന് പരിചയപ്പെടുത്തി ലോഡ്ജിലെത്തിച്ചത്. ലോഡ്ജിലെ മറ്റ് ജീവനക്കാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍, പ്രതി രാത്രി ഒന്നരയോടെ യുവതി താമസിച്ചിരുന്ന മുറിയിലേക്ക് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ബുധനാഴ്ച രാവിലെ ഇരുവരേയും പുറത്തുകാണാതായതിനെത്തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്നപ്പോഴാണ് അസ്മിനയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ കയ്യാങ്കളിയുടെയും വസ്തുക്കള്‍ വലിച്ചെറിഞ്ഞതിന്റെയും ലക്ഷണങ്ങളുണ്ടായിരുന്നു. പൊട്ടിയ ബിയര്‍ കുപ്പിയും സമീപത്തുണ്ടായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ജോബി ലോഡ്ജില്‍നിന്നു പുറത്തേക്കുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.
പോലീസിന്റെ പ്രാഥമിക നിഗമനപ്രകാരം, ഇരുവരും തമ്മില്‍ മദ്യപാനത്തിനിടെ വഴക്കുണ്ടാവുകയും തുടര്‍ന്ന് ജോബി അസ്മിനയെ കയ്യിലുണ്ടായിരുന്ന ബിയര്‍ കുപ്പികൊണ്ട് ക്രൂരമായി കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. യുവതിയുടെ ശരീരമാസകലം കുപ്പികൊണ്ട് കുത്തിക്കീറിയ നിലയിലാണ് കണ്ടെത്തിയത്. പ്രതിയുടെ അറസ്റ്റോടെ കേസില്‍ നിര്‍ണായക വഴിത്തിരിവായിരിക്കുകയാണ്. വിശദമായ ചോദ്യം ചെയ്യലിലൂടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് പോലീസ് അറിയിച്ചു.