വാഴ്‌സ: പോളണ്ടിലെ വാഴ്സോ സര്‍വ്വകലാശാലയില്‍ യുവതിയെ കഴുത്തറുത്ത് കൊന്നു. കോടാലി കൊണ്ടാണ് ഇരുപത്തിരണ്ടുകാരനായ പോളണ്ടുകാരന്‍ യുവതിയുടെ കഴുത്തറുത്ത് കൊന്നത്. സര്‍വ്വകലാശാല ക്യാമ്പസിനുള്ളിലാണ് സംഭവം നടന്നത്. കൊലപാതകിയെ പോലീസ് അറസറ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ ആക്രമണത്തിന് ഇരയായ മറ്റൊരു യുവതി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വലിയ ദുരന്തം എന്നാണ് സര്‍വ്വകലാശാല ഈ സംഭവത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

പോളണ്ടിലെ പ്രാദേശിക സമയം വൈകുന്നേരം 5.40 ഓടെയാണ് കോടാലിയുമായി അക്രമി സര്‍വ്വകലാശാല ക്യാമ്പസില്‍ എത്തിയത്.

സര്‍വ്വകലാശാല ക്യാമ്പസില്‍ നിന്ന് കൊല്ലപ്പെട്ട സ്ത്രീയുടെ തലയും ആക്രമിക്കാനായി ഉപയോഗിച്ച കോടാലിയും കണ്ടെടുത്തിരുന്നു. സര്‍വ്വകലാശാലയിലെ ഭരണവിഭാഗത്തിലുള്ള ഒരു ജീവനക്കാരിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഇവിടുത്തെ സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ജീവനക്കാരി ഓഫീസിനുള്ളില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. അക്രമി സര്‍വ്വകലാശാലയിലെ ഓഡിറ്റോറിയത്തിലും പ്രവേശിച്ചിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. വാഴ്സോ പോലീസ് മാധ്യമങ്ങളെ അറിയിച്ചത് ക്യാമ്പസില്‍ അതിക്രമിച്ചു കയറിയ ഒരാളിനെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ്. ഇന്ന് വാഴ്സോ സര്‍വ്വകലാശാലയില്‍ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ആക്രമണത്തെ സര്‍വ്വകലാശാല റെക്ടര്‍ വന്‍ ദുരന്തം എന്നാണ് വിശേഷിപ്പിച്ചത്. മരിച്ച വ്യക്തിയുടെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും തങ്ങള്‍ വലിയ ദുഃഖവും സഹതാപവും പ്രകടിപ്പിക്കുന്നതായി അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. വാഴ്സോ സര്‍വ്വകലാശാലയിലെ മുഴുവന്‍ ജീവനക്കാരുടേയും വിദ്യാര്‍ത്ഥികളുടെയും പേരില്‍ മരിച്ചയാളിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതായും കോളേജ് മാനേജ്മെന്റ് വ്യക്തമാക്കി.