കൊല്ലം: കൊല്ലം ആയൂരില്‍ ടെക്‌സ്‌റ്റൈല്‍സ് ഷോപ്പിന്റെ ഉടമയും ഓഫീസ് മാനേജരും തൂങ്ങി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആയൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ലാവിഷ് എന്ന ടെക്സ്റ്റെയില്‍ സ്ഥാപനത്തിന്റെ ഉടമയാണ് കോഴിക്കോട് സ്വദേശിയായ അലി. ഇയാള്‍ക്കൊപ്പമാണ് പള്ളിക്കല്‍ സ്വദേശിയായ ദിവ്യമോളെയാണ് സ്ഥാപനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അലിയും ദിവ്യമോളും നേരത്തെ തന്നെ പരിചയക്കാരാണ്. കോഴിക്കോട്ടുകാരനായ അലി വര്‍ഷങ്ങളായി കൊല്ലം ജില്ല കേന്ദ്രീകരിച്ച് ഫര്‍ണിച്ചറും മറ്റുബിസിനസും ചെയ്തുകൊണ്ടിരുന്ന ആളാണ്. ചടയമംഗലത്തിന് അടുത്തുതന്നെ മേടയില്‍ ഭാഗത്ത് പാര്‍ട്‌നര്‍ഷിപ്പില്‍ ഫര്‍ണിച്ചര്‍ കട തുടങ്ങിയിരുന്നു. അവിടെ സ്റ്റാഫായി വന്നതാണ് ദിവ്യമോള്‍. രണ്ടുവര്‍ഷത്തോളം അവിടെ ദിവ്യമോള്‍ ജോലി ചെയ്്തു.

പിന്നീടാണ് അലി സ്വന്തമായി എം സി റോഡിന്റെ വശത്തായിട്ട് ആയുര്‍ ജംഗ്ഷന് അല്‍പം മുന്‍പായി, കൊട്ടാരക്കര റോഡില്‍ ഇടതുവശത്തായി വാടക കെട്ടിടത്തില്‍ ലാവിഷ് എന്ന തുണിക്കട തുടങ്ങിയത്. പുറമേ നിന്ന് വലിയ കടയാണെങ്കിലും എസി ഹാള്‍ ആയിരുന്നില്ല. പുതിയ കട തുടങ്ങിയപ്പോള്‍ അലിയുടെ പഴയ പരിചയക്കാരിയായ ദിവ്യമോള്‍ മാനേജരായി. അലി വല്ലപ്പോഴുമാണ് കടയിലേക്ക് വരാറുളളതെന്ന് പറയുന്നു. എല്ലാകാര്യവും ഉടമയെ പോലെ തന്നെ നോക്കി നടത്തിയത് ദിവ്യമോളായിരുന്നു. കോയമ്പത്തൂരിലും മറ്റും തുണിയെടുക്കാന്‍ പോകുന്നത്് ഇരുവരും ഒന്നിച്ചായിരുന്നു. ഇരുവരും തമ്മില്‍ നല്ല അടുപ്പത്തിലായിരുന്നു എന്ന് ജീവനക്കാരും പറയുന്നു.

ദിവ്യമോളുടെ ഭര്‍ത്താവ് വര്‍ക്കലയില്‍ ചെടിക്കടയിലെ ജീവനക്കാരനാണ്. രണ്ടുപെണ്‍മക്കള്‍. ഒരാള്‍ പത്താം ക്ലാസിലും മറ്റേയാള്‍ നാലാം ക്ലാസിലും പഠിക്കുന്നു. അലിയും വിവാഹിതനാണ്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ നാട്ടുകാര്‍ക്കറിയില്ല.

അലി ഒരു വര്‍ഷമായി ഇവിടെ തുണിക്കട നടത്തിവരികയാണ്. പ്രദേശത്തെ മറ്റ് വ്യാപാരികളുമായി അലിക്ക് വലിയ ബന്ധം ഉണ്ടായിരുന്നില്ല. ഉദ്ഘാടന വേളയിലാണ് വ്യാപാരി വ്യവസായി ഏകോപന സമതി നേതാക്കളുമായി ബന്ധപ്പെട്ടത്. ഇത് പ്രകാരം ഉദ്ഘാടനത്തിന് നേതാക്കള്‍ പങ്കെടുത്തിരുന്നു. ആയൂരില്‍ ജനത്തിരക്കുള്ള സ്ഥലത്തായിരുന്നില്ല സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. അതുകൊണ്ട് അധികമാര്‍ക്കും സ്ഥാപനത്തെ കുറിച്ച് വ്യക്തതകള്‍ ഇല്ല.

മാനേജരായ ദിവ്യാമോള്‍, അലിയുമായി വളരെ അടുത്ത സൗഹൃദത്തിലായിരുന്നു എന്നാണ് ജീവനക്കാര്‍ പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി. സ്ഥാപനത്തിലെ മറ്റു ജീവനക്കാരേക്കള്‍ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും ദിവ്യമോളെ ഏല്‍പ്പിച്ചിരുന്നു. ഇന്നലെ രാത്രി 8 മണിയായിട്ടും ദിവ്യമോള്‍ വീട്ടില്‍ ചെന്നിരുന്നില്ല. ഇവര്‍ ഒന്നിച്ചാണ് ബാഗ്ലൂരും കോയമ്പത്തൂരും പോയി വസ്ത്രങ്ങള്‍ വാങ്ങിയിരുന്നത്. അതുകൊണ്ട് തന്നെ അടിയന്തര സാഹചര്യത്തില്‍ അങ്ങനെ എന്തെങ്കിലും പര്‍ച്ചേസിന് പോയിരിക്കാമെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ രാത്രി ഒരുമണി വരെ ഫോണിലും വിളിച്ചു കിട്ടാതെ വന്നതോടയാണ് തിരിച്ചില്‍ തുടങ്ങിയത്.

ഇന്ന് രാവിലെ ഷോപ്പിലെത്തിയ മറ്റ് ജീവനക്കാര്‍ ഷോപ്പ് അടച്ചിരുന്നതിനെ തുടര്‍ന്ന് പരിശോധന നടത്തുമ്പോഴാണ് അകത്ത് ഇരുവരും തൂങ്ങിനില്‍ക്കുന്ന നിലയില്‍ കാണുന്നത്. രണ്ട് ഫാനിലായാണ് ഇവര്‍ തൂങ്ങിനിന്നത്. ഒരാള്‍ കൈലിയിലും മറ്റേയാള്‍ ഷാളിലുമാണ് തൂങ്ങിയത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് നിന്ന് രണ്ട് ബിയര്‍ കുപ്പികളും ഗ്ലാസും ലഭിച്ചിട്ടുണ്ട്. പ്രാഥമിക നിഗമനം ആത്മഹത്യയാണെന്ന് തന്നെയാണ്. മറിച്ചുള്ള സാധ്യതകളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ചടയമംഗലം പോലീസാണ് അന്വേഷണം നടത്തുന്നത്.

ആത്മഹത്യാ കുറിപ്പികള്‍ ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇരുവരുടെയും മൊബൈല്‍ ഫോണുകളും പോലീസ് വിശദമായി പരിശോധിക്കും. സ്ഥാപനത്തിലെ സാമ്പത്തിക ഇടപാടുകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്. ദിവ്യമോളുടെ വീടുപണി നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ സംഭവം.പട്ടണമധ്യത്തിലെ രണ്ട് പേരുടെയും മരണം ആയൂരിലെ വ്യവസായികളെയും ജീവനക്കാരെയും ഞെട്ടിച്ചിട്ടുണ്ട്.