തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടു വയസുകാരിയുടെ കൊലപാതകത്തില്‍ അമ്മ ശ്രീതുവിനെ കുറ്റവിമുക്തയാക്കിയിട്ടില്ലെന്ന് റൂറല്‍ എസ്പി കെ എസ് സുദര്‍ശനന്‍. കേസില്‍ അന്വേഷണം തുടരുകയാണ്. ഫോണ്‍ രേഖകളും സാഹചര്യ തെളിവുകളും പരിശോധിക്കും. വാട്‌സാപ്പ് സന്ദേശങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും നഷ്ടമായ ചാറ്റുകള്‍ തിരിച്ചെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടരവയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തില്‍ വഴിത്തിരിവായത് അമ്മ ശ്രീതുവിന്റെ നിര്‍ണായക മൊഴിയായിരുന്നു. പ്രതി ഹരികുമാര്‍ മുന്‍പും കുട്ടികളെ ഉപദ്രവിച്ചെന്ന് അമ്മ ശ്രീതു മൊഴി നല്‍കി. കുട്ടികളെ ഹരികുമാറിന് ഇഷ്ടമായിരുന്നില്ല. കൊല്ലപ്പെട്ട ദേവേന്ദുവിനേയും മൂത്ത സഹോദരിയെയും ഹരികുമാര്‍ ഉപദ്രവിച്ചിരുന്നതായാണ് ശ്രീതുവിന്റെ മൊഴി.

ദേവേന്ദുവിനെ ഹരികുമാര്‍ നേരത്തെയും എടുത്തെറിഞ്ഞിരുന്നതായി അമ്മ ശ്രീതുവിന്റെ മൊഴി നല്‍കി. കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് ദേവേന്ദു ജനിച്ചതിനുശേഷമാണെന്ന് ഹരികുമാര്‍ വിശ്വസിച്ചു. ശ്രീതു ശുചിമുറിയില്‍ പോയ സമയത്താന്‍് കുട്ടിയെ എടുത്തെറിഞ്ഞെന്നും മൊഴി.

ഒരിക്കല്‍ ദേഷ്യത്തില്‍ ദേവേന്ദുവിനെ ഹരികുമാര്‍ വലിച്ചെറിഞ്ഞിട്ടുണ്ടെന്നും തന്നോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടാണ് മക്കളോട് ദേഷ്യപ്പെട്ടതെന്നും ശ്രീതു പറഞ്ഞതാണ് കേസില്‍ പ്രധാന തുമ്പായി മാറിയത്. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ ശേഷം സ്വന്തം കട്ടില്‍ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. അതേസമയം ശ്രീതുവിനെ തല്‍ക്കാലം ചോദ്യം ചെയ്യില്ല. ആവശ്യമെങ്കില്‍ പിന്നീട് ചോദ്യം ചെയ്യും.

കുഞ്ഞിന്റെ മാതാവ് ശ്രീതു മഹിളാ മന്ദിരത്തില്‍ തുടരും. കേസില്‍ അമ്മാവന്‍ ഹരികുമാറിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. കുഞ്ഞിന്റെ അമ്മ ശ്രീതുവുമായുള്ള പ്രശ്‌നത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.

അതേ സമയം സ്വന്തം മകള്‍ മരിച്ചിട്ടും ശ്രീതുവിന് യാതൊരു ദുഃഖവും ഉണ്ടായിരുന്നില്ല. സംസ്‌കാര ചടങ്ങില്‍ പോലും യുവതി പങ്കെടുത്തിരുന്നില്ല. വീട് വാങ്ങാന്‍ നല്‍കിയ 30 ലക്ഷം രൂപ ഒരു സുഹൃത്ത് തട്ടിയെടുത്തെന്നും ശ്രീതു പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

ശ്രീതുവിന്റെ മൂത്ത മകളുടെയും, അമ്മ ശ്രീകലയുടെയും മൊഴി ഇന്ന് വീണ്ടും പൊലീസ് രേഖപ്പെടുത്തും. ഇരുവരെയും പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. ഈ കുട്ടിയേയും ഹരികുമാര്‍ മുമ്പ് ഉപദ്രവിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

പ്രതിയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കയക്കും. കുഞ്ഞിന്റെ അമ്മ ശ്രീതുവിന് പങ്കുണ്ടോ എന്ന് വിശദമായി അന്വേഷിക്കും. ഇപ്പോള്‍ ലഭിച്ചിട്ടുള്ള മൊഴികള്‍ എത്രമാത്രം ശരിയാണെന്ന് അന്വേഷിച്ചാല്‍ മാത്രമേ പറയാനാകൂ എന്നും എസ്.പി. കൂട്ടിച്ചേര്‍ത്തു.

വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ശ്രീതുവിന് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കും. ഇപ്പോള്‍ ലഭിച്ചിട്ടുള്ള മൊഴികള്‍ എത്രമാത്രം ശരിയാണെന്ന് അന്വേഷിച്ചാല്‍ മാത്രമേ പറയാനാകൂ. മൊബൈല്‍ ഫോണ്‍ സാങ്കേതികമായ പരിശോധനയ്ക്ക് അയയ്ക്കും. വാട്സാപ്പ് ചാറ്റ് മുഴുവന്‍ വീണ്ടെടുക്കാന്‍ സാധിക്കും. ഡിലീറ്റ് ചെയ്ത് കഴിഞ്ഞാലും ചാറ്റ് ലഭിക്കും. ബാക്കി കേസില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നും അന്വേഷിണവിധേയമാക്കും. പ്രതി പറയുന്ന കാരണം അതുപോലെ പറയാന്‍ കഴിയില്ല. കുറ്റം ചെയ്തുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്നും എസ്.പി. കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച രാവിലെയാണ് ബാലരാമപുരം കോട്ടുകാല്‍ക്കോണം വാറുവിളാകത്തുവീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ശ്രീതു-ശ്രീജിത്ത് ദമ്പതിമാരുടെ മകള്‍ ദേവേന്ദുവിനെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സഹോദരിയോടുള്ള പകയാണ് കുഞ്ഞിനെ കൊല്ലാന്‍ കാരണമെന്ന് പ്രതി ഹരികുമാര്‍ നല്‍കിയ മൊഴി.

വ്യാഴാഴ്ച വെളുപ്പിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ഉറങ്ങിക്കിടന്ന ഇളയകുഞ്ഞിനെ കാണാനില്ലെന്ന് അമ്മ ശ്രീതുവാണ് അതിരാവിലെ അയല്‍ക്കാരെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് മണിക്കൂറുകളോളം പ്രദേശത്താകെ തിരഞ്ഞു. ഒടുവില്‍ അഗ്‌നിരക്ഷാസേനയെത്തി വീട്ടുമുറ്റത്തെ കിണര്‍ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. ബന്ധുക്കളെ സ്റ്റേഷനില്‍ വിളിപ്പിച്ചു ചോദ്യംചെയ്തപ്പോള്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാര്‍ കുറ്റം സമ്മതിച്ചു.