- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'നിങ്ങള്‍ എന്തിനിത് ചെയ്തു? എന്തിനെന്നെ ഉപേക്ഷിച്ചുപോയി?' എന്ന് ഭാര്യയുടെ നിലവിളി; 45കാരന്റെ മൃതദേഹത്തിനരികെ വിഷക്കുപ്പി; ആത്മഹത്യയെന്ന് കരുതി പൊലീസും; മടങ്ങാന്‍ ഒരുങ്ങവെ ഈ കുപ്പിയുടെ അടപ്പ് എവിടെ എന്ന പോലീസുകാരന്റെ ചോദ്യം; ചുരുളഴിഞ്ഞത് ഭാര്യയുടെ കൊടുംക്രൂരത
ഈ കുപ്പിയുടെ അടപ്പ് എവിടെയെന്ന ചോദ്യം; ആത്മഹത്യ കൊലപാതകമായി
ബെംഗളൂരു: 'നിങ്ങള്‍ എന്തിനിത് ചെയ്തു? എന്തിനെന്നെ ഉപേക്ഷിച്ചുപോയി?'..... പോലീസ് എത്തുമ്പോള്‍ തറയില്‍ ഒരാള്‍ മരിച്ചു കിടക്കുന്നു. അടുത്തുനിന്ന് ഭാര്യ ഉച്ചത്തില്‍ നിലവിളിക്കുന്നു. മൃതദേഹത്തിന് സമീപം ഒഴിഞ്ഞ വിഷക്കുപ്പി. ആത്മഹത്യയെന്ന് കരുതി പൊലീസുകാര്‍ തുടര്‍ നടപടിക്ക് ഒരുങ്ങുമ്പോള്‍ കണ്ടൊരു കാഴ്ച. പിന്നെ ഒരു ചോദ്യം. ആ മരണം നിമിഷങ്ങള്‍ക്കകം കൊലപാതകമെന്ന് തെളിഞ്ഞു. ബെംഗളൂരു സൗത്ത് ജില്ലയിലെ കണ്‍വാ അണക്കെട്ടിന് സമീപമുള്ള വിജനമായ സ്ഥലത്തുണ്ടായ സംഭവം സിനിമ കഥകളെ പോലും വെല്ലുന്നതായിരുന്നു. ഭര്‍ത്താവിന്റെ കൊലപാതകം ആത്മഹത്യയാക്കാനുളള ഭാര്യയുടെ നീക്കം പൊളിച്ചത് പൊലീസിന്റെ ജാഗ്രതയായിരുന്നു.
ആത്മഹത്യയെന്ന് കരുതി പോലീസ് തുടര്‍ നടപടിക്ക് ഒരുങ്ങുമ്പോളാണ് ഒരു കാര്യം ശ്രദ്ധിച്ചത്. വിഷക്കുപ്പിയുടെ അടപ്പ് കാണാനില്ല. സ്ഥലം അരിച്ചുപെറുക്കിയ പോലീസിന് വിഷക്കുപ്പിയുടെ അടപ്പു മാത്രം കണ്ടെടുക്കാനായില്ല. ആ ഒരൊറ്റ പഴുത് മതിയായിരുന്നു ആത്മഹത്യ കൊലപാതകമായി മാറാന്‍..
പോലീസ് സംഭവസ്ഥലത്ത് എത്തുമ്പോള്‍ കൃഷ്ണപുരദൊഡ്ഡി സ്വദേശിയും മകളി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ലോകേഷ് കുമാറി(45)ന്റെ മൃതദേഹത്തിനു സമീപം ഭാര്യ ചന്ദ്രകല ഉച്ചത്തില്‍ അലറിക്കരയുന്നുണ്ടായിരുന്നു.
പോലീസ് ഇന്‍സ്പെക്ടര്‍ ബി.കെ. പ്രകാശും സബ് ഇന്‍സ്പെക്ടര്‍ സഹാന പാട്ടീലും സ്ഥലം അരിച്ച് പെറുക്കി. അവര്‍ ചന്ദ്രകലയോട് ചോദിച്ചു: 'അയാള്‍ വിഷം കുടിച്ച് കുപ്പി സമീപത്ത് വെച്ചെങ്കില്‍, കുപ്പിയുടെ അടപ്പ് എവിടെ?' പിന്നാലെ മറ്റൊരു കാര്യവും ശ്രദ്ധയില്‍പ്പെട്ടു: മരിച്ചയാള്‍ ഒരു ചെരുപ്പ് മാത്രമേ ധരിച്ചിരുന്നുള്ളൂ. ചന്നപട്ടണ ഡിവൈഎസ്പി കെ.സി. ഗിരി തന്റെ കീഴുദ്യോഗസ്ഥരെ നോക്കി ചോദിച്ചു: 'ഒറ്റച്ചെരുപ്പ് ധരിച്ച് ഒരാള്‍ എന്തിന് ആത്മഹത്യ ചെയ്യണം?'
ലോകേഷ് കുമാറിന് ചന്നപട്ടണയിലും സൊങ്കടക്കട്ടയിലുമായി രണ്ട് കോഴിക്കടകള്‍ ഉണ്ടായിരുന്നു. നിലവില്‍ ഗ്രാമപഞ്ചായത്ത് അംഗമാണ് ഭാര്യ ചന്ദ്രകല. ഭര്‍ത്താവിന്റെ മരണത്തിന്റെ പിറ്റേന്ന് അവര്‍ ചന്നപട്ടണയില്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ക്കുകയും മരിച്ചു പോയ ഭര്‍ത്താവിനെ ഓര്‍ത്ത് മാധ്യമങ്ങളുടെ മുന്നില്‍ പൊട്ടിക്കരയുകയും ചെയ്തു.
അതിനിടെ, ലോകേഷിന്റെ കുടുംബം ചന്ദ്രകലയ്ക്കെതിരെ ആരോപണവുമായി പോലീസിനെ സമീപിച്ചു. ചന്ദ്രകലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും ലോകേഷ് അത് കണ്ടെത്തിയിരുന്നുവെന്നും അവര്‍ പറഞ്ഞു. 'മരണകാരണം വിഷമാണെന്ന് സ്ഥിരീകരിച്ചെങ്കിലും, ഡോക്ടര്‍മാര്‍ അസ്വാഭാവികമായ ഒരു കാര്യം ശ്രദ്ധിച്ചു. ആത്മഹത്യാ കേസുകളില്‍, വിഷം സാധാരണയായി നേരിട്ട് വയറ്റിലേക്കാണ് പോകുന്നത്. എന്നാല്‍ ഇവിടെ, നെഞ്ചില്‍ വലിയ അളവില്‍ വിഷത്തിന്റെ അംശം കണ്ടെത്തി, ഇത് ബലമായി കഴിപ്പിച്ചതാണെന്ന സംശയം വര്‍ദ്ധിപ്പിച്ചു.' പോലീസ് സൂപ്രണ്ട് ശ്രീനിവാസ് ഗൗഡ പറഞ്ഞു.
സംശയം ഇരട്ടിച്ചതോടെ, പോലീസ് സ്വകാര്യ സൂപ്പര്‍-സ്പെഷ്യാലിറ്റി ആശുപത്രിയില്‍ രണ്ടാംതും പോസ്റ്റ്മോര്‍ട്ടം നടത്തി. ലോകേഷ് സ്വമേധയാ വിഷം കഴിച്ചതോ അല്ലെങ്കില്‍ ബലമായി കഴിപ്പിച്ചതോ ആകാമെന്നായിരുന്നു റിപ്പോര്‍ട്ട്. ഗ്രാമവാസികളോടട് സംസാരിച്ചപ്പോള്‍ പോലീസിന് മറ്റൊരു വിവരം ലഭിച്ചു: ജൂണ്‍ 23-ന് രാത്രിയില്‍ സംഭവസ്ഥലത്ത് ഒരു കറുത്ത കാര്‍ കണ്ടിരുന്നു. കണ്‍വാ അണക്കെട്ടിലേക്കുള്ള വഴിയിലെ ഹോട്ടലില്‍നിന്നും പെട്രോള്‍ പമ്പില്‍നിന്നും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു, ഈ രണ്ട് ദൃശ്യങ്ങളിലും കറുത്ത കാര്‍ പ്രത്യക്ഷപ്പെട്ടു.
ചന്ദ്രകലയുടെ ഫോണിന്റെ കോള്‍ ലിസ്റ്റ് എടുത്തതോടെ കാര്യം വ്യക്തമായി: ബെംഗളൂരുവിലെ ജനറല്‍ പോസ്റ്റ് ഓഫീസിലെ ജീവനക്കാരനായ യോഗേഷ് എന്നയാളുമായി അവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. ലൊക്കേഷന്‍ ഡാറ്റ പ്രകാരം, ലോകേഷ് മരിച്ച അതേ രാത്രിയില്‍ യോഗേഷ് അണക്കെട്ടിന് സമീപം ഉണ്ടായിരുന്നു. താമസിയാതെ പോലീസ് ചന്ദ്രകലയെയും യോഗേഷിനെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഇരുവരും കുറ്റം സമ്മതിച്ചു.
'ഭാര്യയ്ക്ക് യോഗേഷുമായുള്ള ബന്ധം ലോകേഷ് കണ്ടെത്തിയിരുന്നു. എല്ലാം പുറത്തറിയുമെന്നും അപമാനിതരാവുമെന്നും ഭയന്ന് ചന്ദ്രകലയും യോഗേഷും ചേര്‍ന്ന് അദ്ദേഹത്തെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു. ജൂണ്‍ 23-ന്, ലോകേഷ് സൊങ്കടക്കട്ടയിലെ കോഴിക്കടയില്‍നിന്ന് പോയ ശേഷം ചന്ദ്രകല യോഗേഷിനെ വിവരമറിയിച്ചു. ഒരാഴ്ച മുമ്പ് മാത്രം വാങ്ങിയ കറുത്ത കാറില്‍ മറ്റ് മൂന്ന് കൂട്ടാളികളോടൊപ്പം അവര്‍ ലോകേഷിനെ പിന്തുടരുകയും അണക്കെട്ടിന് സമീപം വെച്ച് അദ്ദേഹത്തിന്റെ വാഹനത്തിന് പിന്നില്‍ ഇടിക്കുകയും ചെയ്തു. കേടുപാടുകള്‍ പരിശോധിക്കാന്‍ ലോകേഷ് പുറത്തിറങ്ങിയപ്പോള്‍, അദ്ദേഹത്തെ ആക്രമിച്ച് ബലമായി കാറിലേക്ക് കയറ്റി. വിഷം വായിലേക്ക് ഒഴിച്ചു. അദ്ദേഹം മരിച്ചുകഴിഞ്ഞപ്പോള്‍, അവര്‍ മൃതദേഹം കാറില്‍ നിന്നിറക്കി വാഹനത്തില്‍നിന്ന് കുറച്ചടി ദൂരെയായി കിടത്തി. രക്ഷപ്പെടുന്നതിന് മുമ്പ്, അതൊരു ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒഴിഞ്ഞ വിഷക്കുപ്പി മൃതദേഹത്തിനരികില്‍ വെച്ചു.' പോലീസ് പറഞ്ഞു.
വിഷം ബലമായി വായിലേക്ക് ഒഴിച്ചപ്പോള്‍ കുപ്പിയുടെ അടപ്പ് കാറിനടുത്തേക്ക് വലിച്ചെറിഞ്ഞതിനാല്‍ അത് മൃതദേഹത്തിനരികില്‍ കണ്ടെത്താനായില്ല. മൃതദേഹം മാറ്റുന്നതിനിടെ ഊരിപ്പോയ ഒരു ചെരുപ്പ് എടുക്കാന്‍ അവര്‍ മറന്നുപോവുകയായിരുന്നുവെന്നും പോലീസ് പറയുന്നു. ചന്ദ്രകലയ്ക്കും യോഗേഷിനും പുറമെ, കൊലപാതകത്തില്‍ പങ്കാളികളായ ശാന്തരാജു, സി. ആനന്ദ് എന്ന സൂര്യ, ജി. ശിവ എന്ന ശിവലിംഗ, ആര്‍. ചന്ദന്‍ കുമാര്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.