തൃശ്ശൂര്‍: സ്വന്തം ബാങ്ക് അക്കൗണ്ട് വില്‍ക്കുന്നതിലൂടെ വന്‍ തട്ടിപ്പുകളാണ് കേരളത്തില്‍ നടക്കുന്നതെന്ന് സൈബര്‍ പോലീസ്. ജോലി, സൗഹൃദം എന്നിവയുടെ പേരില്‍ ആളുകളെ പ്രേരിപ്പിച്ച് അക്കൗണ്ടുകള്‍ കൈമാറുന്ന സംഭവങ്ങള്‍ പലപ്പോഴും പത്തും പതിനഞ്ചും കോടികളിലെ തട്ടിപ്പുകളുടെ കണ്ണികളാക്കുന്നു. മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് അന്വേഷണം നടക്കുമ്പോഴാണ് പലപ്പോഴും ഈ ഇത്തരം സംഭവങ്ങള്‍ ആളുകള്‍ പുറത്ത് പറയുന്നത്. കുഴമന്തി കഴിക്കാന്‍ വരെ അക്കൗണ്ട് വില്‍ക്കുന്നവര്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.

തൃശ്ശൂരിലെ പുതിയ സംഭവങ്ങളില്‍, ഓണ്‍ലൈന്‍ വഴി ജോലി തേടിയ ഒരു പെണ്‍കുട്ടി ഈ തട്ടിപ്പിന് ഇരയായതായി കണ്ടെത്തി. ജോലി വാഗ്ദാനം ചെയ്ത്, പേമെന്റ് പ്രോസസ്സിംഗ് ഏജന്റ് എന്ന തസ്തിക നല്‍കി കുരുക്ക് ഒരുക്കിയ തട്ടിപ്പുകാര്‍, പെണ്‍കുട്ടിയുടെ നാല് ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിച്ചത്. അക്കൗണ്ടുകളില്‍ വരുന്ന പണം ചെക്ക് വഴിയോ എടിഎം വഴി പിന്‍വലിച്ച് പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണം. ഇതിനായി അഞ്ചു ശതമാനം കമ്മീഷനും വാഗ്ദാനം ചെയ്തു.

പത്തു ദിവസം കൊണ്ട് പെണ്‍കുട്ടിയുടെ നാല് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തപ്പോള്‍, ഏകദേശം ഒരു കോടി രൂപയുടെ കൈമാറ്റം കഴിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തൃശ്ശൂര്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ ഒരുമാസത്തിനിടെ ഇത്തരത്തിലുള്ള പത്തു പരാതികളെത്തിയിട്ടുണ്ട്. സൈബര്‍ പോലീസ് എല്ലാ ജില്ലകളിലും ഇത്തരം കേസുകള്‍ സംഭവിക്കുന്നുവെന്നും, ആളുകള്‍ അശ്രദ്ധയോടെ ബാങ്ക് അക്കൗണ്ട് കൈമാറരുതെന്നും മുന്നറിയിപ്പ് നല്‍കി.

'ജോലി വാഗ്ദാനം, സുഹൃത്ത്, പ്രോസസ്സിംഗ് ഏജന്റ് എന്ന തരത്തിലുള്ള രീതിയിലാണ് തട്ടിപ്പുകാര്‍ എത്തുന്നത്. അക്കൗണ്ട് കൈമാറ്റം നടത്തുമ്പോള്‍ ശ്രദ്ധ വേണം. വ്യക്തിഗത ബാങ്ക് വിവരങ്ങള്‍ ആരും കൈമാറരുതെന്ന് അഭ്യര്‍ഥിക്കുന്നു എന്നും സൈബര്‍ പോലീസ് വ്യക്തമാക്കി.