ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കനത്ത മഴയെതുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി ബാങ്ക് മാനേജര്‍ക്കും കാഷ്യര്‍ക്കും ദാരുണാന്ത്യം. ഗുരുഗ്രാമിലെ സെക്ടര്‍ 31 എച്ച്ഡിഎഫ്സി ബാങ്ക് മാനേജര്‍ പുണ്യശ്രേയ ശര്‍മ്മ, കാഷ്യര്‍ വിരാജ് ദ്വിവേദി എന്നിവരാണ് മരണപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം.

വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ദാരുണസംഭവം. ജോലികഴിഞ്ഞ് ഇരുവരും മഹീന്ദ്ര എസ്യുവി 700 കാറില്‍ വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം സംഭവിച്ചതെന്ന് പോലീസ് വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓള്‍ഡ് ഫരീദാബാദ് റെയില്‍വേ അണ്ടര്‍പാസിലെത്തിയപ്പോള്‍ വാഹനം വെള്ളക്കെട്ടില്‍ അകപ്പെടുകയായിരുന്നു.

ഒരു എസ്യുവി വെള്ളക്കെട്ടില്‍ കുടുങ്ങിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി ശര്‍മ്മയുടെ മൃതദേഹം വാഹനത്തില്‍ നിന്ന് പുറത്തെടുത്തു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ശനിയാഴ്ച പുലര്‍ച്ചെ 4 മണിയോടെയാണ് ദ്വിവേദിയുടെ മൃതദേഹം കണ്ടെത്താനായത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡല്‍ഹിയില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതോടെ ജനജീവിതവും ദുസ്സഹമായിട്ടുണ്ട്.