തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തുയര്‍ന്ന ബാര്‍ കോഴയില്‍ തെളിവു കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിനും കുഴിയുന്നില്ല. മദ്യനയവുമായി ബന്ധപ്പെട്ടു കോഴ ആരോപിച്ചുള്ള ശബ്ദരേഖ പുറത്തുവന്നതിന്റെ ഉറവിടമറിയാന്‍ തുടരന്വേഷണം നടത്തും. ഇടുക്കിയിലെ ബാറുടമകളുടെ സംഘടനയുടെ വാട്‌സാപ് ഗ്രൂപ്പില്‍ അംഗമായിരുന്ന 47 പേരുടെ ഫോണ്‍ പിടിച്ചെടുത്തു പരിശോധന നടത്തും. ഇതിലൂടെ ശബ്ദരേഖ പുറത്തു വന്നതിലെ ഗൂഡാലോചന തെളിയും. അങ്ങനെ ഒറ്റുകാരനെ പിടിക്കാം.

ഗൂഢാലോചനയ്ക്കു തെളിവു കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട്. ശബ്ദരേഖ വിവാദമായതിനെത്തുടര്‍ന്നു മന്ത്രി എം.ബി.രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി നല്‍കിയ പരാതിയില്‍ കേസെടുക്കാതെയായിരുന്നു പ്രാഥമിക അന്വേഷണം. ശബ്ദരേഖയില്‍ ബാര്‍ ഉടമ അനിമോന്‍ ആരോപിക്കുന്ന തരത്തില്‍ പണപ്പിരിവ് നടന്നിട്ടുണ്ടോ, പിരിച്ചെങ്കില്‍ ഉദ്ദേശ്യമെന്ത്, പണം എന്തു ചെയ്തു, ശബ്ദസന്ദേശമിട്ടതിന്റെ കാരണമെന്ത്, ഇത് എങ്ങനെ പുറത്തുവന്നു എന്നീ കാര്യങ്ങളാണു ക്രൈംബ്രാഞ്ച് അന്വേഷിച്ചത്. അന്വേഷണസംഘം അനിമോനടക്കം 130 ബാറുടമകളുടെ മൊഴിയെടുത്തു.

ഈ വിവാദത്തില്‍ ചില ബാറുടമകളും പിന്നീട് പ്രതിപക്ഷ നേതാവും അന്വേഷണമാവശ്യപ്പെട്ടു സര്‍ക്കാരിനെ സമീപിച്ചിരുന്നു. എക്‌സൈസ് ഇന്റലിജന്‍സ് അന്വേഷിച്ച് ആരോപണത്തില്‍ കഴമ്പില്ലെന്നു കണ്ടെത്തിയിരുന്നു. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും ഈ ദിശയിലായി. ഇതോടെ പുതിയ മദ്യനയം എത്രയും വേഗം പ്രഖ്യാപിക്കാനാകും സര്‍ക്കാര്‍ ശ്രമം.

ആസ്ഥാനമന്ദിരം വാങ്ങാനാണു പണം പിരിച്ചതെന്നും ഇടുക്കി ജില്ലാ കമ്മിറ്റിയോട് 50 ലക്ഷം രൂപ നല്‍കാന്‍ ആവശ്യപ്പെട്ടെന്നുമാണു മൊഴികള്‍. അന്വേഷണസംഘത്തിനു മുന്‍പില്‍ ശബ്ദരേഖയിലെ ആരോപണത്തില്‍നിന്ന് അനിമോന്‍ മലക്കം മറിഞ്ഞു. പിരിവ് കാര്യക്ഷമമായി നടത്താത്തതിനു സംഘടനാ നേതൃത്വം വിമര്‍ശിച്ചതിന്റെ പ്രകോപനത്തിലാണു ശബ്ദസന്ദേശം ഗ്രൂപ്പില്‍ ഇട്ടതെന്നാണു മൊഴി.

സംഘടനയുടെ അക്കൗണ്ട്‌സ് ബുക്ക് അടക്കം മുപ്പതിലധികം രേഖകളും അംഗങ്ങളുടെ വാട്‌സാപ് ചാറ്റുകളും ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു. കോഴ നല്‍കാനായി പണം പിരിച്ചതിനു മൊഴിയോ, തെളിവോ ഇല്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ശബ്ദരേഖ ഗ്രൂപ്പിനു പുറത്തുപോയത് എങ്ങനെയെന്നത് അറിയാനായിട്ടില്ല. ശബ്ദരേഖ മായ്ച്ചു കളയുകയും ഗ്രൂപ്പില്‍നിന്നു പലരും പുറത്തുപോവുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് ചോര്‍ച്ച കണ്ടെത്തണമെങ്കില്‍ തുടരന്വേഷണവും ഫോണുകളില്‍ ശാസ്ത്രീയ പരിശോധനയും വേണമെന്നുള്ള റിപ്പോര്‍ട്ട്. ആരോപണം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയെങ്കിലും അനിമോനെതിരെ അന്വേഷണത്തിനു ശുപാര്‍ശയില്ല. ആരുടെയും പേരോ, പദവിയോ ശബ്ദരേഖയില്‍ എടുത്തു പറയുന്നില്ലെന്നും ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നുണ്ട്.