തൃശൂര്‍: മദ്യത്തിനൊപ്പം വേണ്ടത്ര ടച്ചിംഗ്സ് നല്‍കിയില്ലെന്ന പേരിലെ തര്‍ക്കത്തിനൊടുവില്‍ ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. പുതുക്കാട് മേ ഫെയര്‍ ബാറിന് പുറത്തുവച്ചാണ് സംഭവം. എരുമപ്പെട്ടി സ്വദേശിയായ ഹേമചന്ദ്രന്‍ (64) ആണ് കുത്തേറ്റ് മരിച്ചത്. പ്രതി അളഗപ്പനഗര്‍ സ്വദേശി സിജോ ജോണ്‍ (40) അറസ്റ്റിലായിട്ടുണ്ട്.

വൈരാഗ്യം മനസില്‍ കരുതി ഇയാള്‍ തിരികെയെത്തി കൊലപ്പെടുത്തുകയായിരുന്നു. രാത്രി 11.30 മണിയോടെയാണ് സംഭവമുണ്ടായത്. കൊച്ചിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുന്നയാളാണ ്പ്രതിയായ സിജോ. ബാറില്‍ നിന്നും മദ്യപിക്കുന്നതിനിടെ ആവശ്യത്തിന് ടച്ചിംഗ്സ് കിട്ടിയില്ല എന്ന പേരില്‍ ഇയാള്‍ ജീവനക്കാരുമായി വാക്കുതര്‍ക്കവും പിന്നാലെ കൈയാങ്കളിയുമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായാണ് ആക്രമണം ഉണ്ടായത്.

ഇതിനുശേഷം ബാറില്‍ നിന്നുമിറങ്ങി തൃശൂരേക്ക് പോയ പ്രതി ഒരു കത്തിയുമായി തിരികെയെത്തി. ഭക്ഷണം കഴിക്കാനായി രാത്രി 11.30ഓടെ ഹേമചന്ദ്രന്‍ പുറത്തിറങ്ങിയ നേരത്ത് ഇയാള്‍ ആക്രമിച്ചു. നേരത്തെ തൃശൂരില്‍ നിന്നും ഈ ബാറിലേക്ക് എത്തുമ്പോള്‍ തന്നെ സിജോ മദ്യപിച്ചിരുന്നതായാണ് വിവരം.