- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിസിഎയ്ക്ക് പഠിക്കുന്ന വിദേശി; ക്ലാസില്‍ വരുന്നത് വല്ലപ്പോഴും; പ്രധാന ഹോബി ലഹരി കച്ചവടം; വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം; കേരളത്തിലേക്ക് കടത്തിയത് ലക്ഷങ്ങളുടെ മരുന്നുകള്‍; കൂടുതല്‍ കൂട്ടുകെട്ട് മലയാളികളുമായി; പിടിയിലായ ആ ടാന്സാനിയക്കാരന് ലഹരിമാഫിയയുടെ കീ റോളക്സോ? ബെംഗളൂരുവിലെ ഹെയ്സന്‍ബെര്‍ഗ് വലയിലാകുമ്പോള്‍
ബത്തേരി: നമ്മുടെ സമൂഹത്തിൽ ഇപ്പോൾ ലഹരിബോധത്തിനെ തുടർന്ന് ആക്രമണങ്ങൾ വർധിച്ചുവരുകയാണ്. ഇതോടെ അധികൃതർ ഇപ്പോൾ ശക്തമായ നടപടിയുമായി മുന്നോട്ട് പോവുകയാണ്. ഇതിനിടെയാണ് ബെംഗളൂരുവിൽ പഠിക്കാനായി എത്തിയ ആ ടാൻസാനിയക്കാരനെ കഴിഞ്ഞ ദിവസം പോലീസ് വലയിൽ കുടുക്കിയത്. കേരളത്തിലേക്കു ലക്ഷങ്ങളുടെ ലഹരിമരുന്നു കടത്തിയ ടാൻസാനിയ പൗരൻ പ്രിൻസ് സാംസനെ കുടുങ്ങുമ്പോൾ ലഹരിക്കടത്തിന്റെ ചങ്ങല പൊട്ടിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ പോലീസ്.
കഴിഞ്ഞ മാസം 24ന് മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് എടക്കണ്ടത്തിൽ ഷെഫീക് (30) എംഡിഎംഎയുമായി അറസ്റ്റിലായിരുന്നു. ഇയാളിൽ നിന്നും ചോദ്യം ചെയ്തപ്പോൾ ആണ് പ്രിൻസിലേക്ക് അന്വേഷണം സംഘം എത്തിയത്.
ബെംഗളൂരുവിൽ കർണാടക ഗവ.കോളജിൽ ബിസിഎ വിദ്യാർഥിയാണ് പ്രിൻസ്. വല്ലപ്പോഴും മാത്രം ക്ലാസിൽ പോയിരുന്ന പ്രിൻസിന് പ്രധാന ജോലി ലഹരിമരുന്ന് കച്ചവടമായിരുന്നു. ലഹരി വിൽപ്പനയിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്. ബെംഗളൂരുവിലെ പല കേന്ദ്രങ്ങളിൽനിന്ന് രാസലഹരി എത്തിക്കുകയും തുടർന്നു കേരളത്തിലേക്ക് കടത്തുകയുമാണു ചെയ്തിരുന്നത്. മലയാളികളുൾപ്പെടെ ഒട്ടേറെപ്പേർ പ്രിൻസുമായി ഇടപാട് നടത്തുന്നുണ്ടെന്നാണു വിവരം. അന്വേഷണത്തിൽ കൂടുതൽ പേർ പിടിയിലാകുമെന്നാണു പോലീസ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.
വർഷം 2021ലാണ് പ്രിൻസ് എന്ന ടാൻസാനിയക്കാരൻ പഠനത്തിനായി ബെംഗളൂരുവിൽ എത്തിയതെന്നു ബത്തേരി ഡിവൈഎസ്പി കെ.കെ.അബ്ദുൽ ഷെരീഫ് പറയുന്നു. 2024ൽ കോഴ്സ് പൂർത്തിയായെങ്കിലും പല വിഷയങ്ങൾക്കും തോറ്റുപോയതിനാൽ ഇക്കാരണം ചൂണ്ടിക്കാട്ടി ബെംഗളൂരുവിൽ തന്നെ തുടർന്നു. ലഹരി വ്യാപാരമായിരുന്നു ഇയാളുടെ ലക്ഷ്യം. രണ്ടു മാസം മുൻപെടുത്ത അക്കൗണ്ടിലൂടെ മാത്രം 80 ലക്ഷം രൂപയുടെ ഇടപാട് നടത്തുകയും ചെയ്തിട്ടുണ്ട്.
മുൻപും നിരവധി അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നെന്നാണു വിവരം. ഇയാൾ ഉപയോഗിച്ചിരുന്ന അക്കൗണ്ടുകളെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. പ്രിൻസിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. അന്വേഷണം ബെംഗളൂരുവിലേക്കും വ്യാപിപ്പിക്കും. മൂന്നു വർഷത്തിനിടെ ബെംഗളൂരുവിൽനിന്ന് വയനാട്ടിലൂടെ എംഡിഎംഎ കടത്തുന്നതു വൻ തോതിൽ വർധിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളാണ് പ്രധാന മാർക്കറ്റ്. എറണാകുളത്തേക്കു വരെ വയനാട് വഴി എംഡിഎംഎ കടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വന്തം പേരിൽ അക്കൗണ്ടില്ലാത്ത പ്രിൻസ് മറ്റുള്ളവരുടെ പേരിലെടുത്ത വ്യാജ അക്കൗണ്ടുകളിലൂടെയാണു പണമിടപാട് നടത്തിയിരുന്നത്. വിവിധ സ്ഥലങ്ങളിലുള്ളവർ അക്കൗണ്ടിലേക്കു പണം അയച്ചിട്ടുണ്ടെന്നാണ് വിവരം. മുത്തങ്ങയിൽ പിടിയിലായ മലപ്പുറം സ്വദേശി ഷെഫീഖും പ്രിൻസിന് പണം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രിൻസിന്റെ പക്കൽ നിന്നും പിടിച്ചെടുത്ത വെളുത്ത പൊടി രാസലഹരിയാണോ, ലഹരിമരുന്ന് ഉണ്ടാക്കുന്നതിനുള്ള മരുന്നാണോ എന്ന് പോലീസ് പരിശോധിക്കുകയാണ്.
ബത്തേരി പോലീസും ജില്ലാ ഡാൻസാഫ് സംഘവും ദിവസങ്ങളായി ബെംഗളൂരുവിൽ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഞായറാഴ്ച രാത്രി പ്രിൻസിനെ ബെംഗളൂരുവിലെ ഫ്ലാറ്റിൽനിന്ന് പിടികൂടിയത്. ലഹരി മരുന്നെന്ന് കരുതുന്ന നൂറു ഗ്രാം പൊടിയും പിടിച്ചെടുത്തു. ഇത് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണ്. അഞ്ച് മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ഡെബിറ്റ് കാർഡുകൾ തുടങ്ങിയവയും പിടിച്ചെടുത്തു. വരും ദിവസങ്ങളിൽ മലയാളികളുൾപ്പെടെ കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് ഇപ്പോൾ പോലീസ് പ്രതീക്ഷിക്കുന്നത്. ഇതോടെ കൂടുതൽ ശതമാനം ലഹരി ഒഴുക്കും പൂട്ടാൻ പറ്റുമെന്നാണ് അധികൃതർ കരുതുന്നത്.