ബെംഗളൂരു: ഭാര്യയുടെ അമിതമായ നിയന്ത്രണങ്ങളില്‍ മനംമടുത്ത് വീടുവിട്ട ബെംഗളൂരു സ്വദേശിയായ ടെക്കിയെ പത്ത് ദിവസത്തിന് ശേഷം കണ്ടെത്തിയത് നോയിഡയിലെ മാളില്‍ നിന്നും. ഓഗസ്റ്റ് 4ന് കാണാതായ ബെംഗളൂരു സ്വദേശിയായ ടെക്കിയെയാണ് വ്യാഴാഴ്ച വൈകിട്ട് നോയിഡയിലെ മാളിന് സമീപം കണ്ടെത്തിയത്. നോര്‍ത്ത് ബെംഗളൂരു നിവാസിയായ ഇയാള്‍ സിനിമ കണ്ട് മാളില്‍ നിന്ന് പുറത്തേക്ക് വരുമ്പോഴാണ് പൊലീസിന്റെ മുന്നില്‍പ്പെട്ടത്. ഇയാളെ പൊലീസുകാര്‍ വെള്ളിയാഴ്ച രാവിലെ ബെംഗളൂരുവിലേക്ക് തിരികെ എത്തിച്ചു.

പണമെടുക്കാന്‍ എടിഎമ്മില്‍ പോയ ശേഷം ഭര്‍ത്താവിനെ കാണാതാവുകയായിരുന്നു. നോര്‍ത്ത് ബെംഗളൂരു നിവാസിയായ ടെക്കിയെ ഓഗസ്റ്റ് 4 മുതല്‍ കാണാതാവുകയായിരുന്നു, ഭര്‍ത്താവിനെ കണ്ടെത്താന്‍ പൊലീസ് ആവശ്യമായ ശ്രമങ്ങള്‍ നടത്തുന്നില്ലെന്ന് ആരോപിച്ച് ഭാര്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുകയും ചെയ്തു. തന്റെ ഭര്‍ത്താവിനെ ആരോ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു ഭാര്യയുടെ സംശയം.

അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍, മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നതിനാല്‍ ഇയാള്‍ എവിടെയാണെന്ന് പൊലീസിന് ഒരു തുമ്പും ലഭിച്ചിരുന്നില്ല. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളം എന്നിവിടങ്ങളിലെ നിരവധി സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ചെങ്കിലും ഒരുവിവരവും കിട്ടിയില്ല. എന്നാല്‍ നോയിഡയിലെത്തിയ ടെക്കി അവിടെ നിന്ന് വാങ്ങിയ പുതിയ സിം പഴയ ഫോണില്‍ ഇട്ടതാണ് ആളെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്.

"നോയിഡയിലെ മാളില്‍ നിന്നും സിനിമ കണ്ട് പുറത്തേക്ക് ഇറങ്ങുന്നതിനിടെ ഞങ്ങള്‍ മൂന്ന് പേര്‍ അദ്ദേഹത്തെ വളഞ്ഞു. സിവില്‍ വസ്ത്രം ധരിച്ച പൊലീസുകാരാണ് ഞങ്ങള്‍ക്കെന്ന് അയാള്‍ക്ക് മനസ്സിലായി. ചിരിച്ചുകൊണ്ട് ഇനിയെന്ത്? എന്ന് ചോദിച്ചു. ബെംഗളൂരുവിലേക്ക് തിരികെ പോകണമെന്ന് ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ തിരികെ വരുന്നതിനെ അദ്ദേഹം ശക്തമായി എതിര്‍ത്തു. കുറച്ച് മണിക്കൂറുകളുടെ ശ്രമങ്ങള്‍ക്കൊടുവിലാണ് തിരികെ വരാന്‍ അദ്ദേഹം തയാറായത്"- അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

"നിങ്ങള്‍ എന്നെ ജയിലിലടച്ചോളൂ. ഞാന്‍ അവിടെ താമസിക്കാം... പക്ഷേ ഞാന്‍ മടങ്ങിവരില്ല," ഇതാണ് ടെക്കി ആദ്യം പൊലീസുകാരോട് പറഞ്ഞത്. എന്നാല്‍, ഭാര്യ നല്‍കിയ മിസ്സിംഗ് പരാതി തന്റെ സാന്നിധ്യത്തില്‍ മാത്രമേ അവസാനിപ്പിക്കാന്‍ കഴിയൂ എന്ന് പോലീസ് പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചു.

വെള്ളിയാഴ്ച രാവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ പൊലീസ് ഇയാളില്‍ നിന്ന് മൊഴിയെടുത്തശേഷം നാട്ടിലേക്ക് വിട്ടു. ഭാര്യ തന്നെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യാറുണ്ടെന്ന് ടെക്കി മൊഴിയില്‍ പറയുന്നു.

"ഞാന്‍ അവളുടെ രണ്ടാമത്തെ ഭര്‍ത്താവാണ്. ഏകദേശം മൂന്ന് വര്‍ഷം മുമ്പ് അവളെ കണ്ടുമുട്ടിയപ്പോള്‍, വിവാഹമോചിതയായിരുന്നു. 12 വയസ്സുള്ള ഒരു മകളുണ്ട്. ഞാന്‍ ഒരു ബാച്ചിലറായിരുന്നു, എങ്കിലും അവളെ വിവാഹം കഴിക്കാന്‍ സമ്മതിച്ചു. ഞങ്ങള്‍ക്ക് എട്ട് മാസം പ്രായമുള്ള ഒരു മകളുണ്ട്, ' അദ്ദേഹം പൊലീസിനോട് പറഞ്ഞു.

"അവള്‍ എന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നു, ഒരു തുള്ളി ചോറോ ചപ്പാത്തിയോ എന്റെ പ്ലേറ്റില്‍ നിന്ന് പുറത്തേക്ക് വീണാലും അവള്‍ വഴക്കുണ്ടാക്കും. അവള്‍ പറയുന്നതനുസരിച്ച് ഞാന്‍ വസ്ത്രം ധരിക്കണം, ചായ കുടിക്കാന്‍ പോലും ഒറ്റയ്ക്ക് പോകാന്‍ അനുവദിക്കില്ല"- ടെക്കി തുടര്‍ന്നുപറഞ്ഞു.

തന്നെ കാണാനില്ലെന്ന് അറിയിച്ച് ഭാര്യ തന്റെ വീഡിയോകളും ചിത്രങ്ങളും ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്തതിനാല്‍ ടെക്കി തന്റെ രൂപം മാറ്റുകയും ചെയ്തു. തല മൊട്ടയടിച്ചു. ബസില്‍ തിരുപ്പതിയിലേക്ക് പോയ ഇയാള്‍ ട്രെയിനില്‍ ഭുവനേശ്വറില്‍ എത്തുകയും അവിടെ നിന്ന് ഡല്‍ഹിയിലേക്ക് പോയ ശേഷം നോയിഡയിലേക്ക് പോകുകയുമായിരുന്നുവെന്ന് ടെക്കി പൊലീസിനോട് പറഞ്ഞു.