തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ സ്‌കൂളിനെതിരെ ഉയരുന്നത് ഗുരുതര ആരോപണം. കുറ്റിച്ചല്‍ വൊക്കേഷണ്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്വണ്‍ വിദ്യാര്‍ഥി എരുമക്കുഴി സ്വദേശി ബെന്‍സണ്‍ എബ്രാഹാം ആണ് മരിച്ചത്. വിദ്യാര്‍ഥിയോട് കഴിഞ്ഞ ദിവസം മോശമായി പെരുമാറിയ ക്ലാര്‍ക്കിനെതിരെ നടപടി വേണമെന്നാണ് വിദ്യര്‍ത്ഥിയുടെ ബന്ധുക്കളുടെ ആവശ്യം.

സ്‌കൂളിലെ പ്രോജക്ട് കൃത്യസമയത്ത് വെക്കാന്‍ കഴിയാത്തതും ഇതിനെ തുടര്‍ന്നുണ്ടായ പ്രശ്നവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. വെള്ളിയാഴ്ച രാവിലെയാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരംവരെ കുട്ടി വീട്ടിലുണ്ടായിരുന്നു. തുടര്‍ന്ന് കുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടിക്കായി വീട്ടുകാര്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച രാവിലെ സ്‌കൂള്‍ തുറന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയായിരുന്നു പ്രോജക്ട് സബ്മിറ്റ് ചെയ്യാനുള്ള അവസാന ദിവസം. കഴിഞ്ഞ ദിവസം പ്രോജക്ടുമായി സ്‌കൂളില്‍ എത്തിയെങ്കിലും ചെയ്തു കൊടുത്തില്ല. തുടര്‍ന്ന് ക്ലര്‍ക്കുമായി തര്‍ക്കം നടന്നതായും പറയപ്പെടുന്നു. പിന്നാലെ പ്രിന്‍സിപ്പലിന്റെ ഓഫീലെത്തി കാര്യങ്ങള്‍ കുട്ടിയുടെ രക്ഷിതാവിനെ അറിയിച്ചു. ശേഷം വിദ്യാര്‍ഥി ക്ലാസ് കഴിഞ്ഞ് വീട്ടില്‍ എത്തുകയും ചെയ്തു. ഈ സംഭവം കുട്ടിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിരിക്കാമെന്നും ആത്മഹത്യയിലേക്ക് നയിച്ചിരിക്കാമെന്നുമാണ് പോലീസ് കരുതുന്നത്.

സംഭവത്തില്‍ വിശദീകരണവുമായി പ്രിന്‍സിപ്പല്‍ എത്തിയത് സംഭവത്തിന്റെ ദുരൂഹത കൂട്ടി. ഓഫീസില്‍ സംഭവിച്ചത് എന്താണെന്ന് തനിക്കറിയില്ലെന്നും ക്ലര്‍ക്ക് ജെ സനലുമായി തര്‍ക്കമുണ്ടായെന്ന് കുട്ടി തന്നോട് പരാതി പറഞ്ഞിരുന്നുവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇക്കാര്യം അറിയിക്കാനാണ് താന്‍ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയത്. ക്ലര്‍കിനോട് ചോദിച്ചപ്പോള്‍ മറുപടിയൊന്നും പറഞ്ഞില്ല. ഇന്നലെ രാത്രി വൈകി വാട്‌സ്ആപ്പില്‍ ഇന്ന് അവധിയായിരിക്കുമെന്ന് ക്ലര്‍ക് മെസേജ് അയച്ച് അറിയിച്ചെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇത് ദുരൂഹത കൂട്ടുന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് ബെന്‍സണ്‍ വീട്ടില്‍ നിന്നിറങ്ങിയത്. രാത്രി വരെ വീട്ടില്‍ എത്തിയില്ല. തുടര്‍ന്ന് പോലീസ് അന്വേഷണമായി. വീട്ടില്‍ നിന്നിറങ്ങിയ ബെന്‍സണ്‍ തൂങ്ങി മരിച്ചിരിക്കാമെന്നാണ് നിഗമനം. അങ്ങനെ എങ്കില്‍ ബെന്‍സണിനുണ്ടായ അപകടം നേരത്തെ അറിഞ്ഞാണോ രാത്രി വൈകി ക്ലാര്‍ക്ക് ലീവെടുത്തതെന്ന സംശയം സജീവമാണ്. ഇത് കുട്ടിയുടെ മരണത്തില്‍ ദുരൂഹത കൂട്ടുന്നു.

ക്ലര്‍കുമായുണ്ടായ തര്‍ക്കമാണ് കുട്ടിയുടെ ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. പ്രൊജക്റ്റ് റിപ്പോര്‍ട്ടില്‍ സീല്‍ വെക്കാന്‍ ക്ലര്‍ക്ക് സമ്മതിച്ചില്ലെന്നും ക്ലര്‍ക്ക് കുട്ടിയോട് മോശമായി പെരുമാറിയെന്നും കുടുംബം ആരോപിക്കുന്നു. ഇതിന് ശേഷം രക്ഷിതാക്കളെ കൂട്ടി വരാന്‍ പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ഇത് ശരിവച്ച് കാട്ടാക്കട എംഎല്‍എ ജി സ്റ്റീഫനും രംഗത്ത് വന്നു. റെക്കോര്‍ഡ് ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ വിദ്യാര്‍ത്ഥിയും സ്‌കൂളിലെ ക്ലര്‍ക്കും തമ്മില്‍ സംസാരം ഉണ്ടായെന്ന് അദ്ദേഹം പറഞ്ഞു. ഇതേത്തുടര്‍ന്ന് രക്ഷിതാവിനെ സ്‌കൂളിലേക്ക് വിളിപ്പിച്ചത് കുട്ടിക്ക് വിഷമമായെന്ന് കരുതുന്നു.

കൂടെയുണ്ടായിരുന്ന കുട്ടികളുടെ മൊഴിയടക്കം അധികൃതര്‍ പരിശോധിക്കും. ബെന്‍സണിന്റെ റെക്കോര്‍ഡ് സീല്‍ ചെയ്തു കൊടുത്തില്ലെന്നാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂളില്‍ പബ്ലിക് എക്‌സാമിന്റെ ഭാഗമായുള്ള മോഡല്‍ എക്‌സാം നടക്കുകയായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. ഏതു കുട്ടിയുടെ റെക്കോര്‍ഡ് ആണ് സീല്‍ ചെയാന്‍ പോയത് എന്നു ചോദിച്ചപ്പോള്‍ മറ്റൊരു കുട്ടിയുടെയാണെന്നാണ് പറഞ്ഞത്. ഇന്നലെ പ്രശ്‌നത്തിന് ശേഷം കുട്ടിയുടെ റെക്കോര്‍ഡ് സൈന്‍ ചെയ്ത് സീല്‍ ചെയ്തു. ഇന്ന് ക്ലര്‍ക്ക് ലീവ് ആണെന്ന് ഇന്നലെ രാത്രി അറിയിച്ചു.

സ്‌കൂളില്‍ പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസമായിരുന്നു ഇന്ന്. ക്ലര്‍ക്കും കുട്ടിയും തമ്മില്‍ തര്‍ക്കം ഉണ്ടായതായി കുട്ടിയാണ് തന്നോട് പറഞ്ഞത്. ഇക്കാര്യങ്ങളാണ് താന്‍ കുട്ടിയുടെ രക്ഷിതാവിനെ വിളിച്ച് അറിയിച്ചത്. ക്ലര്‍ക്കിനോട് ഇതിനെപ്പറ്റി ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ല. ക്ലര്‍ക്കിനോട് വിശദീകരണം ചോദിക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.