പാറ്റ്ന: ബിഹാറിലെ ഗോപാലി ചൗക്കിലെ തനിഷ്‌ക് ജ്വല്ലറിയില്‍ മോഷണം നടത്തിയ പ്രതികളെ സിനിമ സ്‌റ്റൈല്‍ ഓപ്പറേഷനിലൂടെ പിടികൂടി പോലീസ്. വാഹനത്തിലെ ചേസിങ്ങും പരസ്പരമുള്ള വെടിവയ്പ്പും ഉള്‍പ്പെടെ സാഹസികവും നാടകീയവുമായ നീക്കങ്ങളിലൂടെയാണ് കവര്‍ച്ച സംഘത്തിലെ രണ്ട് പ്രതികളെ പോലീസ് കീഴടക്കിയത്. രാവിലെ 10.30-ഓടെ ജ്വല്ലറിയില്‍ എത്തിയ ആറംഗ സംഘം ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപെടുത്തിയ ശേഷം 24 കോടി രൂപ മൂല്യമുള്ള സ്വര്‍ണവും കുറെയേറെ പണവുമാണ് മോഷ്ടിച്ചത്. അറാ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗോപാലി ചൗക്കിലുള്ള തനിഷ്‌ക് ബ്രാഞ്ചിലായിരുന്നു രാജ്യത്തെ തന്നെ നടുക്കിയ കവര്‍ച്ച.

ബിഹാറിലെ അറഹ് ടൗണിലെ വ്യാപാര മേഖലയാണ് ഗോപാലി ചൗക്ക്. ഈ മേഖലയിലെ ഏറ്റവും വലിയ ജ്വല്ലറികളില്‍ ഒന്നില്‍ നടന്ന കൊള്ള നാടിനെ ഒന്നടങ്കം നടുക്കുന്നതായിരുന്നു. മോഷണത്തിലും ഒരു സിനിമ സ്റ്റൈല്‍ ഉണ്ടായിരുന്നു. ആറ് പ്രതികളും രാവിലെ ജ്വല്ലറിയിലെത്തി. ജ്വല്ലറിയുടെ നിയമം അനുസരിച്ച് നാല് പേരില്‍ കൂടുതലുള്ള സംഘത്തിന് പ്രവേശനം നല്‍കില്ല. അതിനാല്‍ കുറച്ചുപേര്‍ വീതമാണ് അകത്ത് പോകാന്‍ അനുവദിച്ചത്. ആറാമത്തെ ആളും അകത്തെത്തിയതോടെ അയാള്‍ ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയായിരുന്നു.

സുരക്ഷ ജീവനക്കാരന്റെ തോക്കും ഇവര്‍ പിടിച്ചുവാങ്ങി. പിന്നീട് കടയിലുണ്ടായിരുന്ന ജീവനക്കാരോടും മറ്റ് ഉപയോക്താക്കളോടും കൈകള്‍ ഉയര്‍ത്താന്‍ ആജ്ഞാപിച്ച ശേഷം മാലകള്‍, വളകള്‍, നെക്ലേസുകള്‍ തുടങ്ങിയ സ്വര്‍ണാഭരണങ്ങളും വജ്രവും ഉള്‍പ്പെടെ മോഷ്ടിച്ച വസ്തുക്കള്‍ പൊതിഞ്ഞ് ബാഗുകളിലാക്കി രക്ഷപ്പെടുകയായിരുന്നു. ഏകദേശം 24 കോടി രൂപയുടെ വസ്തുക്കള്‍ കൊള്ളയടിച്ചിട്ടുണ്ടെന്നാണ് ജീവനക്കാര്‍ നല്‍കുന്ന പ്രാഥമിക വിവരം.

മോഷ്ടാക്കള്‍ രക്ഷപ്പെട്ടതിന് പിന്നാലെ ജ്വല്ലറി ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ജ്വല്ലറിയില്‍ എത്തിയ പോലീസ് ആദ്യം സി.സി.ടി.വി. പരിശോധിച്ചു. ഇതില്‍ നിന്നുള്ള ചിത്രങ്ങള്‍ എടുത്ത ശേഷം ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലേക്കും മോഷണം വിവരവും കുറ്റവാളികളുടെ ചിത്രങ്ങളും കൈമാറി. ഈ അറിയിപ്പ് അനുസരിച്ച് എല്ലാ പോലീസ് സ്റ്റേഷനുകളില്‍ നിന്നും ഓരോ ട്രൂപ്പ് വീതം വാഹനപരിശോധനയ്ക്ക് ഇറങ്ങി.

പരിശോധനയ്ക്കിടെയാണ് അറഹ്-ബാബുറ റോഡിയില്‍ മൂന്ന് ബൈക്കുകള്‍ അമിതവേഗത്തില്‍ വരുന്നത് പോലീസിന്റെ ശ്രദ്ധയില്‍പെട്ടത്. വാഹനം നിര്‍ത്താന്‍ കൈകാണിച്ചെങ്കില്‍ ഇവര്‍ പോലീസിനെ മറികടന്ന് രക്ഷപ്പെടുകയായിരുന്നു. ഇതോടെ, സിനിമ സ്‌റ്റൈല്‍ ചേസിങ് ആരംഭിച്ചു. പോലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയ മോഷ്ടാക്കള്‍ ഒരു കൃഷിയിടത്തിലേക്ക് വാഹനം ഇറക്കി ഓടിച്ച് പോയി. ഇവിടെയും പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയതോടെ പ്രതികള്‍ പോലീസ് വാഹനത്തിന് നേരെ വെടിയുതിര്‍ത്തു.

പ്രത്യാക്രമണം എന്ന നിലയില്‍ പോലീസും തിരിച്ച് വെടിവെച്ചു. ബൈക്കുകളില്‍ ഉണ്ടായിരുന്ന രണ്ട് മോഷ്ടാക്കളുടെ കാലുകളിലാണ് പോലീസിന്റെ വെടിയുണ്ട തറച്ചത്. വിശാല്‍ ഗുപ്ത, കുനാല്‍ കുമാര്‍ എന്നിവര്‍ക്കാണ് വെടിയേറ്റത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. മോഷണം പോയ 24 കോടി രൂപയുടെ സ്വര്‍ണത്തില്‍ 15 കോടി രൂപയോളം മൂല്യമുള്ള സ്വര്‍ണം ഇവരുടെ കൈയില്‍ നിന്നും പോലീസ് വീണ്ടെടുത്തു. രണ്ടും തോക്കുകളും വെടിയുണ്ടകളും ഇവരുടെ കൈയില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

മൂന്ന് ബൈക്കുകളിലായി ആറുപേരടങ്ങുന്ന സംഘമാണ് മോഷണത്തിന് എത്തിയത്. ഇവരില്‍ രണ്ടുപേരെ മാത്രമാണ് പോലീസിന് പിടികൂടാന്‍ സാധിച്ചത്. മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ചിട്ടുള്ള ദൃശ്യങ്ങളിലെ ചിത്രങ്ങള്‍ സംസ്ഥാനത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് അയച്ചിട്ടുണ്ട്. ഇവരെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്ന് പോലീസ് അറിയിച്ചു.

17 മിനിറ്റിനിടെ കവര്‍ന്നത് 25 കോടിയുടെ സ്വര്‍ണം

എന്നാല്‍ സംഭവം എങ്ങനെ നടന്നുവെന്നും വെറും 17 മിനിറ്റിനുള്ളില്‍ 25 കോടിയുടെ സ്വര്‍ണവുമായി മടങ്ങിയ സംഘത്തിന്റെ കവര്‍ച്ച രീതികളടക്കം അത്ഭുതപ്പെടുത്തുന്നതാണ്. 17 മിനിറ്റിനുള്ളില്‍ അവര്‍ എങ്ങനെയാണ് ഇത്രയും വലിയ ഒരു ഓപ്പറേഷന്‍ നടത്തിയതെന്ന് അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനും, മറ്റ് ജീവനക്കാരും വാര്‍ത്താ ഏജന്‍സികളോട് വിശദീകരിച്ചിട്ടുണ്ട്. ഇത് കേട്ടാല്‍ മനസിലാകും കവര്‍ച്ച നടത്താന്‍ അവര്‍ എത്രത്തോളം തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു എന്ന്.

അറയിലെ ഗോപാലി ചൗക്കിലുള്ള തനിഷ്‌ക് സ്റ്റോര്‍ കഴിഞ്ഞ ദിവസവും സാധാരണ പോലെ രാവിലെ 10 മണിയോടെയാണ് തുറന്നത്. എല്ലാ ദിവസത്തെയും പോലെ, ജീവനക്കാര്‍ നിലവറയില്‍ നിന്ന് ആഭരണങ്ങള്‍ പുറത്തെടുത്ത് കടയില്‍ പ്രദര്‍ശിപ്പിക്കാന്‍ കൊണ്ടുവന്നു. കട തുറന്ന് ഏകദേശം അരമണിക്കൂറിന് ശേഷം, ആറ് പേര്‍ ഒരു കാറില്‍ എത്തി.

അത് കടയുടെ എതിര്‍വശത്ത് പാര്‍ക്ക് ചെയ്ത് കടയിലേക്ക് വന്നു. ആറ് പേര്‍ ഒരുമിച്ച് എത്തിയതിനാല്‍ ഗാര്‍ഡ് അവരെ ഗേറ്റില്‍ തടഞ്ഞു. ജ്വല്ലറിയുടെ സുരക്ഷാ പോളിസി പ്രകാരം നാലില്‍ കൂടുതല്‍ പേരുള്ള സംഘങ്ങളെ ഒരുമിച്ച് അകത്തേക്ക് പ്രവേശിപ്പിക്കില്ല. അതുകൊണ്ടുതന്നെ അവരോട് രണ്ട് പേരായി കയറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവസാനം വന്നയാള്‍ തന്റെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടി. തന്റെ കയ്യിലുണ്ടായിരുന്ന ആയുധം കൊണ്ട് എന്നെ തന്നെ ആക്രമിച്ച് അകത്ത് കടന്നു.

ജീവനക്കാരന്‍ പറഞ്ഞത്

കുറ്റവാളികള്‍ സുരക്ഷാ ഗാര്‍ഡിന്റെ തോക്കുകള്‍ തട്ടിയെടുത്തിരുന്നു. കൈകള്‍ ഉയര്‍ത്തിപ്പിടിച്ച് ഒരു മൂലയില്‍ ജീവനക്കാരെ ഇരുത്താന്‍ ശ്രമിച്ചു. താന്‍ കൗണ്ടറിന് പിന്നില്‍ ഒളിക്കാന്‍ ശ്രമിച്ചു, പക്ഷേ അവര്‍ എന്നെ കണ്ടെത്തി പുറത്തുകൊണ്ടുവന്ന് മര്‍ദ്ദിച്ചു. ഫോണ്‍ ചോദിച്ചപ്പോള്‍, ഞാന്‍ അത് മറച്ചുവെച്ചിരുന്നു. 'അവനെ വെടിവയ്ക്കൂ, അവന്‍ സിഐഡി കളിക്കുകയാണ്' എന്നായിരുന്നു സംഘത്തിലെ ഒരാള്‍ വിളിച്ചുപറഞ്ഞത്. പിന്നെ ഫോണ്‍ കൊടുത്തു. ഞങ്ങള്‍ വളരെ ഭയന്നുപോയിരുന്നു, എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. കവര്‍ച്ചക്കാര്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തുന്നതിന് തൊട്ടുമുമ്പ് പെലീസിനെ അറിയിച്ചതായി ജീവനക്കാരി പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് എത്താന്‍ വൈകി. സാധനങ്ങളെല്ലാം കൊണ്ടുപോകാന്‍ 17 മിനിറ്റ് മാത്രമാണ് അവര്‍ അകത്ത് ചെലവഴിച്ചതെന്നും കടയിലെ ജീവനക്കാരനായ രോഹിത് കുമാര്‍ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.