ബദ്‌ലാപൂര്‍ (മഹാരാഷ്ട്ര): അശ്ലീല ചിത്രങ്ങള്‍ വ്യാജമായി സൃഷ്ടിച്ച് ഇത് വൈറലാക്കുമെന്ന് ഭീഷിപ്പെടുത്തി പണം തട്ടാന്‍ ശ്രമം. വ്യവസായിയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിലാണ് സംഭവം. അജ്ഞാത നമ്പറില്‍ നിന്ന് സ്ത്രീയോടൊപ്പമുള്ള അശ്ലീല ചിത്രങ്ങള്‍ കാണിച്ച് വ്യവസായിക്ക് വിഡിയോ കോള്‍ ലഭിക്കുകയായിരുന്നു. 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഫോട്ടോകള്‍ വൈറലാക്കുമെന്ന് വിളിച്ചയാള്‍ ഭീഷണിപ്പെടുത്തി.

ആദ്യഘട്ടത്തില്‍ ഇത് പരാതിക്കാരന്‍ ആവശ്യം അവഗണിച്ചു. പിന്നീട് വിളിച്ചയാള്‍ ഭീഷണി ആവര്‍ത്തിച്ചതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. ബദ്ലാപൂര്‍ ഈസ്റ്റ് പോലീസാണ് പ്രതികളായ അക്ഷയ് എന്ന ബക്കാരി ഗോവിന്ദ് ജാദവ്, റോണിത് അഡാര്‍ക്കര്‍, ദീപക് വാഗ്മാരെ, പുഷ്പര്‍ കദം എന്നിവരെ അറസ്റ്റ് ചെയ്തത്. സാങ്കേതിക ബുദ്ധി ഉപയോഗിച്ച് കേസ് അന്വേഷിക്കാന്‍ തുടങ്ങിയ പൊലീസ് പ്രധാന പ്രതിയുടെ സ്ഥാനം കണ്ടെത്തി.

മാര്‍ച്ച് 11 ന് നാല് പേരെ അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രാഥമിക അന്വേഷണത്തില്‍, ദാദര്‍, ബദ്ലാപൂര്‍, വംഗാനി, കര്‍ജാത്ത് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്നാണ് പ്രതികള്‍ കോളുകള്‍ ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. പ്രതികളായ അക്ഷയ്, ദീപക് എന്നിവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി.

പൊലീസ് നാല് സംഘങ്ങള്‍ രൂപീകരിച്ചതായും സാങ്കേതിക ഇന്റലിജന്‍സ്, ടവര്‍ ലൊക്കേഷന്‍ ഡാറ്റ, പ്രാദേശിക ഇന്‍ഫോര്‍മര്‍മാര്‍ എന്നിവരുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നുവെന്നും പൊലീസ് ഇന്‍സ്‌പെക്ടര്‍ കിരണ്‍ ബല്‍വാദ്കര്‍ പറഞ്ഞു.