- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'തോർത്ത് കൊണ്ട് കണ്ണുകൾ കെട്ടി; കാലുകൾ ചങ്ങലകൊണ്ട് പൂട്ടിയ നിലയിൽ..'; കടലിൽ മീൻ പിടിക്കാൻ പോയ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയതിൽ അടിമുടി ദുരൂഹതയോ?; വേറെ സംശയങ്ങൾ ഒന്നുമില്ലെന്ന് കുടുംബം; ഫോൺ പരിശോധന നിർണായകമാകും; ആ വിഴിഞ്ഞം സ്വദേശിക്ക് സംഭവിച്ചതെന്ത്?; പോലീസ് അന്വേഷണം തുടരുമ്പോൾ
വിഴിഞ്ഞം: കഴിഞ്ഞ ദിവസം കടലിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയതിൽ അന്വേഷണം തുടരുന്നു. തൊഴിലാളികൾ മീൻപിടിക്കുന്നതിനിടെയാണ് വിഴിഞ്ഞത്ത് കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയത്. വിഴിഞ്ഞം മുക്കോല തെന്നൂർക്കോണത്ത് വാടകയ്ക്കു താമസിച്ചിരുന്ന പൂവാർ തിരുപുറം സ്വദേശി ബെൻസിങ്ങർ(39) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് യുവാവ് വിഴിഞ്ഞത്ത് നിന്നും പുറം കടലിലേക്ക് മീൻ പിടിക്കാനായി പോയത്. ഇയാളുടെ വള്ളം പിന്നിട് ഫിഷറീസ് അധികൃതരുടെ നേതൃത്വത്തിൽ തീരത്ത് കൊണ്ട് എത്തിക്കുകയും ചെയ്തിരുന്നു.
ഒരു തോർത്ത് ഉപയോഗിച്ച് കണ്ണുകൾ കെട്ടിയ നിലയിലും മൂന്നു കന്നാസുകളിലായി മണൽ നിറച്ചശേഷം അവ ചങ്ങലകൊണ്ട് രണ്ടു കാലുകളിലും ബന്ധിച്ച നിലയിലുമായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇത് സംബന്ധിച്ച വിവരങ്ങൾ വിഴിഞ്ഞം തീരദേശ പോലീസ് വ്യക്തമാക്കി. ശേഷം കഴിഞ്ഞ ദിവസം (ബുധനാഴ്ച) രാവിലെയോടെ തമിഴ്‌നാട് വള്ളവിള ഭാഗത്തെ കടലിൽ ഒഴുകി നടക്കുന്ന നിലയിൽ ബെൻസിങ്ങറിന്റെ മൃതദേഹം മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്. ഇവർ അറിയിച്ചത് അനുസരിച്ച് വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്ഥലത്ത് എത്തുകയും ഫിഷറീസിന്റെ വള്ളത്തിൽ തന്നെ മൃതദേഹം കരയിൽ എത്തിക്കുകയായിരിന്നു. എസ്.ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ ജിഎസ്ഐ ജോസ്, കോസ്റ്റൽ വാർഡൻമാരായ തദയൂസ്, ഷിബു, സിയാദ് തുടങ്ങിയവരും മറൈൻ എൻഫോഴ്‌സ്‌മെന്റ് അധികൃതരുമാണ് വള്ളവിളയിൽനിന്ന് മൃതദേഹം വിഴിഞ്ഞത്തെ വള്ളത്തിൽ എത്തിച്ചത്.
മൃതദേഹം മെഡിക്കൽ കോളേജിൽ എത്തിച്ച ശേഷം പോസ്റ്റ്മോർട്ടം നടപടികൾ ഉൾപ്പടെ നടത്തി. പക്ഷെ മരണത്തിൽ ദുരൂഹതയില്ലെന്നും കൃത്യമായ അന്വേഷണം നടക്കുന്നതായും കോസ്റ്റൽ പോലീസ് അറിയിച്ചു. കാലിൽ ഇരുമ്പുചങ്ങല കൊണ്ട് പൂട്ടിയ നിലയിലാണ് കടലിൽ മൃതദേഹം കണ്ടെത്തിയത്. മണൽ നിറച്ച മൂന്നു കന്നാസുകളും മൃതദേഹത്തോട് ചേര്‍ത്ത് ബന്ധിച്ചിരുന്നു. തോർത്തു കൊണ്ട് കണ്ണും കെട്ടിയ നിലയിലാണ്. അതിനിടെ, ബെൻസിംഗറിന്റെ വള്ളത്തിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിൽ കാലിൽ പൂട്ടിക്കെട്ടിയ ഇരുമ്പുചങ്ങലകളെയും കന്നാസുകളെയും പറ്റി നിർണായക വിവരങ്ങൾ ഉണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. മൂന്ന് സിം കാർഡുകളും മൊബൈൽ ഫോണും കാണാതായിട്ടുണ്ടെന്നും ബെൻസിംഗറിന്റെ ബന്ധുക്കൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
അതേസമയം, ബെൻസിംഗർ 11ാം തീയതി രാത്രി ഒറ്റയ്ക്കാണ് മീൻ പിടിക്കാനായി കടലിൽ പോയത്. മീൻപിടിത്ത തുറമുഖ പ്രവേശന കവാട ഭാഗത്തിനോടടുത്ത് കണ്ടെത്തിയ വള്ളത്തിൽ നിന്ന് ചെരുപ്പും, താക്കോലും, ഒരു മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു. കാലുകളിലെ ചങ്ങലയുടെ പൂട്ട് ഈ താക്കോലുപയോഗിച്ചാണ് തുറക്കാനായതെന്നു കോസ്റ്റൽ പൊലീസ് വ്യക്തമാക്കി.
നായയെ കെട്ടാനുപയോഗിക്കുന്ന ചങ്ങലയാണ് ബെൻസിംഗറിന്റെ കാലുകളിൽ കെട്ടിയിരുന്നത്. മൃതദേഹം പാതി ജീർണിച്ച നിലയിലായിരുന്നു. മരിച്ച ബെൻസിംഗർ പൂവാർ പള്ളം പുരയിടം സ്വദേശിയാണ്. എന്നാൽ കഴിഞ്ഞ 10 വർഷത്തോളമായി വിഴിഞ്ഞത്താണ് ഇദ്ദേഹം താമസിച്ചിരുന്നത്. മുങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ പറഞ്ഞതായി കോസ്‌റ്റൽ പോലീസ് വ്യക്തമാക്കി. ആന്തരിക അവയങ്ങൾ രാസപരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തെ നടന്നുവരികയാണെന്ന് എസ്.എച്ച്.ഒ പറഞ്ഞു. കണ്ടെടുത്ത മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനക്കായി ഫൊറൻസിക് വിഭാഗത്തിനു കൈമാറി.
വിഴിഞ്ഞം കോസ്റ്റൽ പോലീസിന്റെ പ്രതികരണം
സംഭവത്തിന്റെ വിവരങ്ങൾ അന്വേഷിച്ച് മറുനാടൻ വിളിച്ചപ്പോൾ അന്വേഷണം തുടരുന്നുവെന്നാണ് അധികൃതർ പറഞ്ഞത്. കൂടുതൽ അന്വേഷണം നടക്കുന്നതായും അവർ പറഞ്ഞു.