ഉത്തരകാശി: ഉത്തരാഖണ്ഡിൽ മാധ്യമപ്രവർത്തകനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം.ദില്ലി ഉത്തരാഖണ്ഡ് ലൈവ് എന്ന യൂട്യൂബ് ചാനൽ വഴി വാർത്തകൾ പുറത്തെത്തിച്ചിരുന്ന മാധ്യമപ്രവർത്തകൻ രാജീവ് പ്രതാപാണ് മരിച്ചത്. ഉത്തരകാശി ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ട് പുറത്തുകൊണ്ടുവന്ന ചില വാർത്തകളെ തുടർന്ന് രാജീവിന് വധഭീഷണി ഉണ്ടായിരുന്നതായി കുടുംബം പറയുന്നു. എന്നാൽ, കുടുംബത്തിൻ്റെ ആരോപണങ്ങൾ തള്ളിക്കളയുന്നതായും മദ്യപിച്ച് വാഹനമോടിച്ചതിലുണ്ടായ അപകടമാണ് മരണകാരണമെന്നും പൊലീസ് അറിയിച്ചു.

സെപ്തംബർ 18-ന് രാജീവിനെ കാണാതായതിനെ തുടർന്ന് കുടുംബം പരാതി നൽകിയിരുന്നു. സെപ്തംബർ 28-ന് ജോഷിയാരാ ബാരേജിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. മദ്യലഹരിയിലായിരുന്ന രാജീവ് സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഡി.എസ്.പി ജനക് പൻവാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ക്യാമറാമാൻ മൻവീർ കലൂഡ എന്നിവർ ഹെഡ് കോൺസ്റ്റബിൾ സോബൻ സിങിനെ കാണാനെത്തിയെന്നും പിന്നീട് ഇവർ ഒരുമിച്ച് മദ്യപിച്ചെന്നും പൊലീസ് പറയുന്നു. ഇതിനുശേഷം സോബൻ സിങും രാജീവും കാറിൽ സഞ്ചരിക്കവേ, ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൽ എത്തിയെന്നും, ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയ രാജീവ് മദ്യലഹരിയിലായിരുന്നുവെന്നും സി.സി.ടി.വി ദൃശ്യങ്ങൾ ഉദ്ധരിച്ച് പൊലീസ് വ്യക്തമാക്കി. പിന്നീട് സോബൻ സിങ് കാറിന് പുറത്ത് നിന്ന് രാജീവുമായി സംസാരിച്ച ശേഷമാണ് രാജീവ് വാഹനം ഓടിച്ച് പോയതെന്നും, അവസാനമായി രാത്രി 11.38-ന് ഗംഗോത്രി പാലത്തിന് സമീപം ഇദ്ദേഹം സഞ്ചരിച്ച കാർ കണ്ടുവെന്നും പൊലീസ് അറിയിച്ചു.

പിന്നീട് ഗംഗോത്രി പാലത്തിൽ നിന്ന് 600 മീറ്റർ താഴെയായി രാജീവിൻ്റെ വാഹനം കണ്ടെത്തുകയായിരുന്നു. അന്ന് രാത്രി മനേറി അണക്കെട്ട് തുറന്നതിനെ തുടർന്നുണ്ടായ അതിശക്തമായ ഒഴുക്കിൽ മൃതദേഹം ഒഴുകിപ്പോയതാകാമെന്നും പൊലീസ് നിഗമനം പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ കേസന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് തിടുക്കം കാട്ടുകയാണെന്നും അതിനായി അതിവേഗം നിഗമനങ്ങളിലേക്ക് പൊലീസ് എത്തുകയാണെന്നും കുടുംബം കുറ്റപ്പെടുത്തുന്നു.

രാജീവിൻ്റെ കണ്ണിലും തലയിലും അടക്കം ശരീരത്തിൽ പലയിടത്തും പരിക്കുകളുണ്ട്. രാജീവിൻ്റെ ഫോൺ സംഭാഷണങ്ങളുടെ വിവരങ്ങൾ പൊലീസ് തങ്ങൾക്ക് കൈമാറിയില്ല. രാജീവിനൊപ്പം അവസാനം ഉണ്ടായിരുന്നുവെന്ന് പറയുന്ന സോഭൻ സിങ് ജോലി ചെയ്യുന്ന സ്റ്റേഷനിലെ പൊലീസുകാരാണ് കേസ് അന്വേഷിക്കുന്നതെന്നും കുടുംബം പറയുന്നു. ഇത്തരമൊരു അന്വേഷണം കൊണ്ട് എന്ത് കാര്യമെന്നും അവർ ചോദിച്ചു.