റിയോഡി ജനീറോ: ബ്രസീലില്‍ മുന്‍ഭാര്യയുടെ മകളെ ലൈംഗിക അടിമയാക്കിയ വ്യക്തി പിടിയില്‍. ഇയാളുടെ മൂന്ന് മക്കളുടെ അമ്മ കൂടിയാണ് ഈ യുവതി. യുവതിയെ ഇയാള്‍ തടവിലാക്കിയിരിക്കുകയായിരുന്നു. ഇരുപത്തിരണ്ട് വര്‍ഷമാണ് പ്രതി പെണ്‍കുട്ടിയെ അടിമയാക്കിയിരുന്നത്. ഇതിന് പുറമേ ഇയാള്‍ ഈ പെണ്‍കുട്ടിയെ മറ്റ് ചിലര്‍ക്ക് പണം വാങ്ങിക്കൊണ്ട് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ ആരുടേയും പേര് വിവരങ്ങള്‍ അധികൃതര്‍ ഇനിയും പുറത്തുവിട്ടിട്ടില്ല.

യുവതിക്ക് 29 വയസാണ് പ്രായം. തന്റെ കുട്ടികളെ ആശുപത്രിയില്‍ കൊണ്ട് പോകുന്നു എന്ന് പറഞ്ഞിട്ടാണ് യുവതി വീട്ടില്‍ നിന്ന്

പുറത്തിറങ്ങിയത്. തുടര്‍ന്ന് അവര്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. ഈ മാസം 16 നാണ് സംഭവം നടന്നത്. 51 കാരനായ ഒരാളാണ് കേസിലെ പ്രതി. ഏഴ് വയസ്സ് മുതല്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായി വരികയായിരുന്നു. ഇവര്‍ക്ക് 15 വയസുള്ളപ്പോള്‍ ഇയാള്‍ ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തിയിരുന്നു.

തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ തന്റെ ലൈംഗിക അടിമയാക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി ഗര്‍ഭിണിയാകുകയായിരുന്നു.

പോലീസ് പറയുന്നത് അനുസരിച്ച് ഇവര്‍ക്ക് മൂന്ന് മക്കളാണുളളത്. കേസിലെ പ്രതി ഇവരെ മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായും പീഡനങ്ങള്‍ വീഡിയോയില്‍ രേഖപ്പെടുത്തിയതായും പോലീസ് പറഞ്ഞു. ഇത് തന്റെ ഇഷ്ടപ്രകാരമാണ് എന്ന് നടിക്കാന്‍ ഇയാള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയായിരുന്നു.

എന്നാല്‍ ഇയാള്‍ കൊണ്ട് വന്ന പുരുഷന്‍മാര്‍ക്ക് ഇക്കാര്യം അറിയാമായിരുന്നു എന്നും യുവതി പോലീസിനോട് വെളിപ്പെടുത്തി.

ഏതാണ്ട് മുപ്പതോളം പേരാണ് ഇത്തരത്തില്‍ യുവതിയെ പീഡിപ്പിച്ചത്. ഇത്തരം കാര്യങ്ങള്‍ ഓരോ രണ്ട് മാസത്തിലും മൂന്ന് മാസത്തിലും സംഭവിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓസ്ട്രിയയില്‍ ജോസഫ് ഫ്രിറ്റ്സല്‍ എന്ന ക്രൂരനായ വ്യക്തി തന്റെ മകളെ 24 വര്‍ഷം ലൈംഗിക അടിമയാക്കിയ സംഭവത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ കേസ്.

ഫ്രിറ്റ്സലിന്റെ ഏഴ് കുട്ടികള്‍ക്കാണ് മകള്‍ ജന്മം നല്‍കേണ്ടി വന്നത്. പ്രതി തന്റെ ഇരയുടെ ഓരോ നീക്കവും വീട്ടില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകള്‍ ഉപയോഗിച്ച് നിരീക്ഷിച്ചിരുന്നുവെന്നും അപൂര്‍വ്വമായി മാത്രമേ അവളെ പുറത്തു പോകാന്‍ അനുവദിച്ചിരുന്നുള്ളൂവെന്നും പോലീസ് പറഞ്ഞു. നിരന്തരമായി ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തുമായിരുന്നു. യുവതി പോലീസിന് മൊഴി നല്‍കുന്നതിനിടയിലും ഇയാള്‍ നിരവധി തവണ ഫോണ്‍ ചെയ്തും മെസേജ് അയച്ചും ഭീഷണിപ്പെടുത്തിയതായും പോലീസ് വെളിപ്പെടുത്തി. പീഡന ദൃശ്യങ്ങള്‍ സൂക്ഷിച്ചിട്ടുള്ള ഇയാളുടെ മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തിരുന്നു.

ബലാത്സംഗം, സ്വാതന്ത്ര്യം നിഷേധിക്കല്‍, ഭീഷണി എന്നിവയുള്‍പ്പെടെ ഏഴ് കുറ്റകൃത്യങ്ങളാണ് പ്രതിയുടെ മേല്‍ ചുമത്തിയിരിക്കുന്നത്.

ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്. കുറ്റം തെളിയിക്കപ്പെട്ടാല്‍ 100 വര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാം. അധികൃതര്‍ ഇരയെയും കുട്ടികളെയും സുരക്ഷിതമായ ഒരു സ്ഥലത്ത് പാര്‍പ്പിച്ചിരിക്കുകയാണ്.