- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി സൗഹൃദം സ്ഥാപിച്ചു; ലഹരിക്ക് അടിമയാക്കിയതിന് പിന്നാലെ ഭീഷണിപ്പെടുത്തി സ്വർണം തട്ടി; ചതി പുറത്ത് വന്നത് മൊബൈൽ ഫോൺ കാണാത്തതിൽ മാതാപിതാക്കൾക്ക് തോന്നിയ സംശയം; പള്ളുരുത്തിയിലെ 'ആന്റണി ബ്രദേഴ്സ്' കുടുങ്ങിയപ്പോൾ

കൊച്ചി: കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് ലഹരി നൽകി ഭീഷണിപ്പെടുത്തി സ്വർണാഭരണം തട്ടിയെടുത്ത കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലഹരി നൽകി അടിമയാക്കിയ ശേഷം ഇത് മാതാപിതാക്കളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണം കൈക്കലാക്കുകയായിരുന്നു.സംഭവത്തിൽ സഹോദരങ്ങളായ രണ്ട് പേരെ പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി മങ്കാമഠം ലൈനിൽ താമസിക്കുന്ന തഴേപ്പറമ്പിൽ ആൽഫിൻ ആന്റണി (24), റെൻഫിൻ ആന്റണി (21) എന്നിവരാണ് അറസ്റ്റിലായത്.
പള്ളുരുത്തി സ്വദേശിയായ 16 വയസ്സുകാരന്റെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. വിദ്യാർത്ഥിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ ലഹരി നൽകി അടിമയാക്കുകയായിരുന്നു. പിന്നീട്, ഇത് മാതാപിതാക്കളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണം ആവശ്യപ്പെട്ടു. ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ വീട്ടുകാരെ അറിയിക്കുമെന്നും ദോഹോപദ്രവം ഏൽപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് വീട്ടിൽ നിന്ന് സ്വർണം കൊണ്ടുവരാൻ വിദ്യാർത്ഥിയെ നിർബന്ധിച്ചത്.
തുടർന്ന്, ഗത്യന്തരമില്ലാതെ വിദ്യാർത്ഥി അമ്മയുടെ ഒന്നര പവൻ തൂക്കം വരുന്ന സ്വർണപാദസരം വീട്ടിൽ നിന്ന് എടുക്കുകയും പ്രതികൾക്ക് കൈമാറുകയും ചെയ്തു. ഈ സ്വർണാഭരണം പ്രതികൾ വിറ്റതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലഹരി കച്ചവടത്തിന് പണം കണ്ടെത്താനാണ് പ്രതികൾ സ്വർണം തട്ടിയെടുത്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


