ന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാന്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം തുടങ്ങി. 39കാരനായ ജവാന്‍ ബി അരുണ്‍ ധുലീപിനാണ് വെടിയേറ്റതിന് പിന്നാലെ ജീവന്‍ നഷ്ടമായത്. ത്രിപുരയിലെ ധലായ് ജില്ലയിലാണ് സംഭവം. വെടിയേറ്റതിന് പിന്നാലെ അരുണ്‍ ധുലീപിനെ അഗര്‍ത്തയിലെ ഗോവിന്ദ് ബല്ലഭ് പന്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

എന്നാല്‍ എങ്ങനെയാണ് ജവാന് വെടിയേറ്റതെന്ന കാര്യത്തില്‍ വ്യക്തതിയില്ല. ഇക്കാര്യത്തില്‍ ബിഎസ്എഫ് ഔദ്യോഗിക പ്രതികരണം നല്‍കിട്ടിയില്ല. മഹാരാഷ്ട്രയിലെ ജല്‍ഗാവോണ്‍ സ്വദേശിയായിരുന്നു വീരമൃത്യു വരിച്ച ബിഎസ്എഫ് ജവാന്‍ അരുണ്‍ ധുലീപ്. അടുത്തിടെ അദ്ദേഹത്തിന് 105 ബാറ്റാലിയനൊപ്പം ചേരാന്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നു.

തുടര്‍ന്ന് കംലാപൂര്‍ സബ് ഡിവിഷനിലെ അംടാലി ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെ അരുണ്‍ ധുലീപിന് വെടിയേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ കാണ്‍പൂര്‍ സബ് ഡിവിഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ജിബിപി ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

അതേസമയം, ജവാന്‍ സ്വയം വെടിയുതിര്‍ത്തതാണോ എന്ന കാര്യത്തില്‍ സംശയം ഉയരുന്നുണ്ട്. അരുണ്‍ ധുലീപ് തന്റെ സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു എന്ന സൂചനകളാണ് പ്രാഥമിക പരിശോധനയില്‍ നിന്ന് പുറത്തുവരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ത്രിപുര പോലീസാണ് അന്വേഷണം നടത്തുന്നത്. അരുണ്‍ ധുലീപ് ആത്മഹത്യ ചെയ്യാനുള്ള സാധ്യത കൂടുതലാണെങ്കിലും മറ്റ് സാഹചര്യങ്ങള്‍ പൊലീസ് തള്ളിക്കളയുന്നില്ല. അരുണ്‍ ധുലീപിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ബിഎസ്എഫ് അദ്ദേഹത്തിന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും ഉറപ്പ് നല്‍കി.