- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പണമടച്ച് മാസങ്ങൾക്കുള്ളിൽ ഗൾഫിൽ ജോലി തരപ്പെടുത്താം; ഇന്റർവ്യൂവിനായി മുംബൈയിൽ എത്തണം, ചെലവുകൾ കമ്പനി വഹിക്കും; ഒടുവിൽ ജോലിയുമില്ല, പണവുമില്ല; വാഗ്ദാനത്തിൽ വീണ് ഉദ്യോഗാർത്ഥികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ; തിരുവല്ലക്കാരൻ റോബിൻ മുങ്ങിയത് മുംബൈയിലേക്കോ ?
എറണാകുളം: വിദേശത്ത് ജോലി വാഗ്‌ദാനം നൽകി നിരവധി പേരിൽ നിന്നും പണം തട്ടിയ കേസിൽ പ്രതിയെ പിടികൂടാനാകാതെ ഇരുട്ടിൽ തപ്പി പോലീസ്. തിരുവല്ല സ്വദേശി കൊച്ചുമുണ്ടക്കത്തിൽ റോബിൻ സ്‌കറിയക്കെതിരെയാണ് വിവിധ സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നും നിരവധി ഉദ്യോഗാർത്ഥികളെ പ്രതി തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നാണ് സൂചന. കണ്ണമാലി സ്വദേശിയിൽ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയതായി പരാതി ഉയർന്നിരുന്നു. കണ്ടക്കടവ് ആനന്ദം പറമ്പിൽ ജിതിൻ റോക്കിയാണ് തട്ടിപ്പിനിരയായത്. ഈ പരാതിയിൽ കണ്ണമാലി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കുവൈറ്റിൽ ഓയിൽ ഗ്യാസ് കമ്പനിയിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയത്. ഓയിൽ ആൻഡ് ഗ്യാസ് ട്രെയിനിങ് കോഴ്സ് പാസായ ജിതിന്റെ പക്കൽ നിന്ന് ജോലി തരപ്പെടുത്താമെന്നു പറഞ്ഞ് 5 ലക്ഷം രൂപയാണ് റോബിൻ വാങ്ങിയത്. പല തവണകളായാണ് പരാതിക്കാരിൽ നിന്നും റോബിൻ പണം വാങ്ങുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 14നാണ് രണ്ടര ലക്ഷം രൂപ റോബിൻ കൈപ്പറ്റുന്നത്. പിന്നീട് ഒരാഴ്ചക്ക് ശേഷം ബാക്കി തുകയായ രണ്ടര ലക്ഷം രൂപയും പരാതിക്കാരൻ അയച്ചുകൊടുത്തു. പണം നൽകിയതിന് ശേഷം ജോലിയുടെ ഭാഗമായുള്ള അഭിമുഖത്തിനായി ജിതിനോട് മുംബൈയിൽ എത്താൻ ആവശ്യപ്പെട്ടു.
ഇതിനായുള്ള ചെലവുകളും കമ്പനി വഹിക്കുമെന്നാണ് റോബിൻ പറഞ്ഞിരുന്നതെന്നും, എന്നാൽ ഈ തുകയും സ്വന്തം കയ്യിൽ നിന്നും ചെലവായെന്നുമാണ് പരാതിക്കാർ ആരോപിക്കുന്നത്. മുംബൈയിലെത്തി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടതായി പരാതിക്കാരന് മനസ്സലാകുന്നത്. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പ്രതി പല കാര്യങ്ങൾ പറഞ്ഞ് ഒഴിയുകയായിരുന്നു. തുടർന്ന് ഇയാൾ പരാതി നൽകുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 318 (4) പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
കോട്ടയം തിരുവഞ്ചൂർ സ്വദേശിയായ രേഖ ജോൺ എന്ന യുവതിയിൽ നിന്നും റോബിൻ പണം തട്ടിയതായി പരാതിയുണ്ട്. മകന് സൗദിയിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് രേഖയിൽ നിന്നും 5 ലക്ഷം രൂപ തട്ടിയതായാണ് പരാതി. പണം കൈപ്പറ്റിയ ശേഷമുള്ള 70 ദിവസത്തെ കാലയളവിനുള്ളിൽ ജോലി വാങ്ങി നൽകാമെന്നായിരുന്നു വാഗ്‌ദാനം. എന്നാൽ നാളിതുവരെ ജോലിയോ, പണമോ ലഭിച്ചിട്ടില്ലെന്നാണ് പരാതിക്കാരി പറയുന്നത്. സമാനമായ രീതിയിൽ നിരവധി പേരുടെ കയ്യിൽ നിന്നും പ്രതി ലക്ഷങ്ങൾ തട്ടിയതായാണ് സൂചന. അതേസമയം, ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ പൊലീസിനിതുവരെ സാധിച്ചിട്ടില്ല. ഇയാൾ മുംബൈയിലുണ്ടെന്നാണ് സൂചന.