തിരുവനന്തപുരം: ബ്രേക്ക് അപ്പായാലും ക്വട്ടേഷനോ? അതെ തിരുവനന്തപുരം വെള്ളറടയില്‍ അങ്ങനെ സംഭവിച്ചു. പത്താം ക്ലാസുകാരിയും പ്ലസ് വണ്‍ വിദ്യാര്‍ഥിയും തമ്മില്‍ പ്രണയം. എന്നാല്‍, ബന്ധം തകര്‍ന്നതോടെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മട്ടും ഭാവവും മാറി. പത്താം ക്ലാസുകാരിക്ക് എതിരെ ക്വട്ടേഷന്‍ നല്‍കാന്‍ ഒരുനിമിഷം മടിച്ചില്ല. പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് അനാവശ്യം പറഞ്ഞ് ശല്യപ്പെടുത്താനായിരുന്നു ക്വട്ടേഷന്‍. പെണ്‍കുട്ടിയെ വിളിച്ച് ശല്യം ചെയ്താല്‍ ഒരു ദിവസം മുഴുവന്‍ കുടിക്കാനുള്ള മദ്യവും ഭക്ഷണവുമായിരുന്നു ഓഫര്‍.

എന്തായാലും, സംഭവത്തില്‍ പ്രതികളായ രണ്ടു യുവാക്കളെയും തിരുവനന്തപുരം വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു. ക്വട്ടേഷന്‍ നല്‍കിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പത്താം ക്ലാസുകാരിയെ ഫോണില്‍ വിളിച്ച് നിരന്തരമായി ശല്യം ചെയ്ത കുന്നത്തുകാല്‍ മൂവേര സ്വദേശി സച്ചു എന്ന് വിളിക്കുന്ന സജിന്‍ (30), നാറാണി കോട്ടുക്കോണം സ്വദേശി അനന്തു (20) എന്നിവരാണ് വെള്ളറട പൊലീസിന്റെ പിടിയിലായത്.

വൈരാഗ്യം തീര്‍ക്കാന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി, സുഹൃത്തായ അനന്തുവിന് പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ കൈമാറുകയായിരുന്നു. ഈ നമ്പര്‍ അനന്തു, സുഹൃത്തായ സജിനും കൈമാറി. തുടര്‍ന്ന് നിരന്തരം പെണ്‍കുട്ടിയുടെ ഫോണില്‍ വിളിച്ച് അനാവശ്യങ്ങള്‍ പറഞ്ഞു തുടങ്ങി. സഹികെട്ട പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ സുഹൃത്താണ് തനിക്ക് ഫോണ്‍ നമ്പര്‍ തന്നതെന്നും പെണ്‍കുട്ടിയെ വിളിച്ച് ശല്യം ചെയ്താല്‍ പാരിതോഷികം വാഗ്ദാനം ചെയ്‌തെന്നും സജിന്‍ തുറന്നുപറഞ്ഞു

വെള്ളറട പൊലീസ് അറസ്റ്റ് ചെയ്ത സജിനെയും അനന്തുവിനെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മാരായമുട്ടത്ത് സ്ത്രീയെ ശല്യം ചെയ്ത കേസില്‍ പ്രതിയായിരുന്നു പിടിയിലായ സജിന്‍. അനന്തുവിന്റെ പക്കല്‍ നിന്ന് കഞ്ചാവും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.