ഡല്‍ഹി: വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ നിമിഷങ്ങള്‍ക്കൊണ്ട് മോഷണം പോയതിന്റെ നടുക്കത്തിലാണ് ഉടമ. മോഷണത്തിന്റ ദൃശ്യങ്ങൾ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്. ജൂണ്‍ 21 ന് ഡല്‍ഹിയിലെ സഫദര്‍ജംഗ് എന്‍ക്ലെയ്‌വിലുള്ള റിഷഭ് ചൗഹാന്‍ എന്നയാളുടെ കാര്‍ ആണ് മോഷ്ടാക്കള്‍ വെറും ഒരു മിനിറ്റിനുള്ളില്‍ തട്ടി എടുത്തത്. കാറിന്റെ ഉടമയായ റിഷഭ് ചൗഹാന്‍ കാര്‍ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെയ്ക്കുകയും ചെയ്തു. ഇതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ അടക്കം വൈറലാവുകയും ചെയ്യും.

റിഷഭിന്റെ വീടിന് മുന്‍പില്‍ നിര്‍ത്തിയിട്ട കാറാണ് ഒരു സംഘം മോഷ്ടാക്കള്‍ വന്ന് അടിച്ചുമാറ്റി കൊണ്ട് പോയത്. മറ്റൊരു കാറില്‍ സംഘമായി എത്തിയ മോഷ്ടാക്കള്‍ ക്രെറ്റ കാറിന്റെ സുരക്ഷ സംവിധാനത്തെ ഹാക്ക് ചെയ്യുകയും ഓടിച്ച് കൊണ്ട് പോവുകയും ആയിരുന്നു. വളരെ എളുപ്പത്തില്‍ കാര്‍ മോഷ്ടിച്ച കള്ളന്മാരുടെ അതിബുദ്ധിയിൽ പകച്ചിരിക്കുകയാണ് ആളുകള്‍.

ക്രെറ്റക്ക് അടുത്തായി ഒരു കാര്‍ നിര്‍ത്തുകയും അതില്‍ നിന്ന് ഇറങ്ങിയ ഒരാള്‍ ഡ്രൈവറുടെ വശത്തുള്ള വാതിലിന്റെ ചില്ല് തകര്‍ക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. കാറിന്റെ ചില്ല് തകര്‍ത്തതിന് ശേഷം അയാള്‍ പോവുകയും പകരം മറ്റൊരാള്‍ ഇറങ്ങി വാഹനത്തിന്റെ സുരക്ഷസംവിധാനം ഹാക്ക് ചെയ്ത് വാഹനം ഓടിച്ച് കൊണ്ട് പോവുകയായിരുന്നു. ഇതെല്ലാം നടന്നത് അറുപത് സെക്കന്‍ഡിനുള്ളിലാണ് അതാണ് ഏറ്റവും അമ്പരിപ്പിക്കുന്നത്.

സംഭവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് കേസ് എടുത്തതിന്റെ വിവരങ്ങള്‍ പങ്ക് വെച്ചതോടൊപ്പം ഹ്യുണ്ടായി ഉടമകളോട് തങ്ങളുടെ കാറുകള്‍ശ്രദ്ധിക്കാനും റിഷഭ് വ്യക്തമാക്കി. സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം മൂന്ന് മില്ല്യണ്‍ ആളുകള്‍ കാണുകയും 2,500 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

'ഡല്‍ഹി സുരക്ഷിതമല്ലെങ്കില്‍ ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനങ്ങളെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല' എന്നും റിഷഭ് വീഡിയോയുടെ കൂടെ കുറിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.