ആലപ്പുഴ: സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്ന പരാതിയില്‍ ചാനല്‍ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസെടുത്ത് പോലീസ്. ആലപ്പുഴ സ്വദേശിയായ വനിതാ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. റോയ് കൊട്ടറച്ചിറ, ബിനീഷ് പുന്നപ്ര, സജിത്ത്, മനോജ് കുമാര്‍ എന്നിര്‍വര്‍ക്കെതിരെയാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രസ്സ് ക്ലബ് ആലപ്പുഴ, കെ.യു.ഡബ്‌ള്യു.ജെ ആലപ്പുഴ, മാപ്രാസ് ആലപ്പുഴ എന്നീ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ യുവതിക്കെതിരെ അധിക്ഷേപം നടത്തിയതായാണ് പരാതി.

ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി റോയ് കൊട്ടറച്ചിറ ആലപ്പുഴ പ്രസ്സ് ക്ലബ്ബിന്റെ പ്രസിഡന്റും, രണ്ടും മൂന്നും പ്രതികളായ ബിനീഷ് പുന്നപ്ര, സജിത്ത് എന്നിവര്‍ പ്രസ്സ് ക്ലബ് അംഗങ്ങളുമാണ്. നാലാം പ്രതി മനോജ് കുമാര്‍ മൂന്നാം പ്രതിയായ സജിത്തിന്റെ ഡ്രൈവറാണ്. മുന്‍വൈരാഗ്യത്താലാണ് പ്രതികള്‍ തനിക്കെതിരെ അധിക്ഷേപം നടത്തിയതെന്നാണ് പരാതിക്കാരിയുടെ ആരോപണം.

വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രതികള്‍ പല തവണ നടത്തിയ അധിക്ഷേപം വലിയ മാനസിക വിഷമം ഉണ്ടാക്കിയതായാണ് പരാതിയില്‍ പറയുന്നു. 41ഓളം ങ്ങള്‍ ഉണ്ടായിരുന്ന ഗ്രൂപ്പിലായിരുന്നു യുവതിക്കെതിരെ പ്രതികള്‍ അധിക്ഷേപം നടത്തിയതെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം 7നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

പരാതിക്കാരി അംഗമായ വാട്സാപ് ഗ്രൂപ്പില്‍ അശ്ലീല ധ്വനിയില്‍ ചിത്രം പോസ്റ്റു ചെയ്തു. 'ഇന്നിവനിരിക്കട്ടെ' എന്ന കുറിപ്പോടെയാണ് രണ്ടാം പ്രതി ഈ ചിത്രം പോസ്റ്റു ചെയ്തത്. മറ്റ് പ്രതികള്‍ ഈ ചിത്രത്തിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ കമന്റുകള്‍ ഇടുകയും യുവതിയെ അധിഷേപിക്കുകയുമായിരുന്നു എന്നാണ് പരാതി. യുവതി പല തവണ ആവശ്യപ്പെട്ടിട്ടും ഇവര്‍ ചിത്രം നീക്കം ചെയ്യാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് പരാതിയുമായി യുവതി പോലീസിനെ സമീപിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 296 (ബി), 3 (5), കേരള പോലീസ് ആക്ട് 120 (0), ഐടി ആക്ടിലെ 67 (ബി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം തങ്ങള്‍ക്കെതിരായ ആരോപണം തെറ്റെന്നാണ് കേസില്‍ പ്രതിസ്ഥാനത്തുള്ളവരുടെ പ്രതികരണം. പ്രസ് ക്ലബ് ഇലക്ഷനില്‍ തോറ്റതിന്റെ വ്യക്തിവൈരാഗ്യം കൊണ്ടാണ് കേസ് കൊടുത്തത്. തങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ പല ശ്രമങ്ങള്‍ നടക്കുന്നുണ്ട്. യുവതി നല്‍കിയ പരാതിക്കെതിരെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. 8 മാസം കഴിഞ്ഞിട്ടും ഇലക്ഷന്റെ തോല്‍വി ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിന്റെ പ്രശ്‌നമാണ് ഇപ്പോഴത്തെ പരാതിയിലേക്ക് നയിച്ചതെന്ന് പ്രതിസ്ഥാനത്തുള്ളള റോയ് കൊട്ടറച്ചിറ പ്രതികരിച്ചു.

പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റാനുള്ള ഉദ്ദേശത്തോടു കൂടി ചെയ്യുന്നതാണ്. കഴിഞ്ഞ 15 വര്‍ഷത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് പരാതിക്കാരി തോറ്റത്. സംഭവം ആലപ്പുഴയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെല്ലാം സംഭവത്തെപ്പറ്റി അറിയാം. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പല കാര്യങ്ങള്‍ പരാതിക്കാരിയും പറഞ്ഞിട്ടുണ്ട്. ചിത്രം ഗ്രൂപ്പില്‍ ഇട്ടതും ഞാനല്ല. അതില്‍ കമന്റിടാന്‍ ഞാന്‍ പോയിട്ടുമില്ല. ഈ വിവാദമായ ചിത്രം വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെ പൂന്തോട്ടത്തിലിരിക്കുന്ന ഒരു പ്രതിമയുടെതാണ്. ഇത് പരാതിക്കാരിയെ ഉദ്ദേശിച്ച് ഇട്ടതല്ലെന്നും ആരോപണ വിധേയന്‍ പറഞ്ഞു.