കിളിമാനൂർ: കിളിമാനൂരിൽ ദമ്പതികളുടെ അപകട മരണത്തിൽ പ്രതികളായവരെ പിടികൂടാനാകാതെ ഇരുട്ടിൽ തപ്പി പോലീസ്. പുതുക്കോട് രാജേഷ് ഭവനിൽ രഞ്ജിത്ത് (40), ഭാര്യ അംബിക എന്നിവരുടെ മരണത്തിൽ പോലീസിന്റെ നടപടികൾക്കെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. പ്രതികളെ സംരക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നതായാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. അപകടമരണത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായെത്തിയ 58 പേർക്കെതിരെ കിളിമാനൂർ പൊലീസ് കേസെടുത്തിരുന്നു. മരണവുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച ദമ്പതികളുടെ ബന്ധുക്കളടക്കമുള്ളവർക്കെതിരെയാണ് പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന് കേസെടുത്തിരിക്കുന്നത്.

രഞ്ജിത്ത് മരിച്ചതിന് പിന്നാലെ മൃതദേഹവുമായി കിളിമാനൂർ പൊലീസ് സ്റ്റേഷന് മുന്നിൽ ബന്ധുക്കളും നാട്ടുകാരും നടത്തിയ പ്രതിഷേധമാണ് കേസിന് ആധാരം. കഴിഞ്ഞ ജനുവരി നാലിനാണ് കേസിനാസ്പദമായ അപകടം നടന്നത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന രഞ്ജിത്തിനെയും അംബികയെയും നിയന്ത്രണം വിട്ടെത്തിയ ഥാർ ജീപ്പ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ അംബികയുടെ ശരീരത്തിലൂടെ ജീപ്പ് കയറിയിറങ്ങിയെന്നും രഞ്ജിത്തിന് സാരമായി പരിക്കേറ്റെന്നും ബന്ധുക്കൾ പറയുന്നു. അപകടം നടന്നതിന് രണ്ട് ദിവസത്തിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ അംബിക മരിച്ചു. ദിവസങ്ങൾക്ക് മുൻപാണ് രഞ്ജിത്തും മരണത്തിന് കീഴടങ്ങിയത്.

അപകടം നടന്നയുടൻ നിർത്താതെ പോയ വാഹനം നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. എന്നാൽ വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെടുകയും ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പിടിച്ചെടുത്ത വാഹനത്തിൽ നിന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്റേതടക്കം മൂന്ന് തിരിച്ചറിയൽ രേഖകൾ ലഭിച്ചതായി ദമ്പതികളുടെ ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. തൊണ്ടിമുതലായി പൊലീസ് സ്റ്റേഷനിലെത്തിച്ച ജീപ്പിന് തീയിട്ട് തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നുവെന്നും ഇവർ ആരോപണം ഉന്നയിക്കുന്നുണ്ട്.

പ്രതികൾക്ക് ഉന്നത സ്വാധീനമുള്ളതുകൊണ്ടാണ് പൊലീസ് മനഃപൂർവം കേസെടുക്കാൻ മടിക്കുന്നതെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം പരാതിപ്പെട്ടതിന് ശേഷമാണ് മൊഴിയെടുക്കാനായി സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാളെ വിളിച്ചതെന്നും, എന്നാൽ അയാൾ നൽകിയ മൊഴിയല്ല പൊലീസ് രേഖപ്പെടുത്തിയതെന്നും ബന്ധുക്കൾ പറയുന്നു. വാഹനം അംബികയുടെ ദേഹത്ത് കയറിയിറങ്ങിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നതെങ്കിൽ, വാഹനം ദേഹത്ത് കയറിയിറങ്ങിയതുകൊണ്ടാണ് രക്ഷപ്പെടുത്താൻ പ്രയാസമാണെന്ന് ഡോക്ടർമാർ അറിയിച്ചതെന്നും ബന്ധുക്കൾ വെളിപ്പെടുത്തുന്നു.