- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എഎപിക്ക് കോഴപ്പണമായി കിട്ടിയത് നൂറ് കോടി; കേജ്രിവാള് മദ്യ കുംഭകോണത്തിലെ ഗൂഢാലോചനയുടെ ഭാഗം'; കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹിയിലെ റൗസ് അവന്യുവിലെ പ്രത്യേക സിബിഐ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മദ്യനയക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) കഴിഞ്ഞ മേയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ കേജ്രിവാള് ഗൂഢാലോചന നടത്തിയെന്നാണ് സിബിഐയുടെ ആരോപണം. അഴിമതിയിലൂടെ 100 കോടി രൂപയുടെ കോഴപ്പണം ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ടെന്നും സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
മദ്യനയക്കേസിലെ മുഖ്യ സൂത്രധാരില്‍ ഒരാളായാണ് കേജ്രിവാളിനെ സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ മീഡിയ വിഭാഗം മേധാവിയും കേജ്രിവാളിന്റെ അടുത്ത അനുയായിയുമായ വിജയ് നായര്‍ക്ക് മദ്യ നിര്‍മാതാക്കളുമായും വ്യാപാരികളുമായും ബന്ധമുണ്ടായിരുന്നു. മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ മദ്യനയവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ക്ക് കേജ്രിവാള് മുന്‍കൂര്‍ അംഗീകാരം നല്‍കിയതായും കുറ്റപത്രത്തിലുണ്ട്.
യാതൊരു യുക്തിയുമില്ലാതെ മദ്യ മൊത്തക്കച്ചവടക്കാരുടെ ലാഭവിഹിതം അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ത്തിയത് അരവിന്ദ് കേജ്രിവാളിന് ഗുണം ചെയ്തെന്നും അന്വേഷണ ഏജന്‍സി പറഞ്ഞു. 'മദ്യ കുംഭകോണത്തിലെ ഗൂഢാലോചനയുടെ ഭാഗമാണ് അരവിന്ദ് കേജ്രിവാള്. ഡല്‍ഹി സര്‍ക്കാരിന്റെ എല്ലാ തീരുമാനങ്ങളും അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി മാത്രമാണ് എടുത്തത്.' കോടതിയില്‍ വാദത്തിനിടെ സിബിഐ പറഞ്ഞു.
മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 21നാണ് അരവിന്ദ് കേജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. സുപ്രീം കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും സമാനകേസില്‍ സിബിഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.മദ്യനയക്കേസിലെ സിബിഐ അറസ്റ്റ് ജയിലില്‍ തളച്ചിടാനാണെന്നാണ് അരവിന്ദ് കേജ്രിവാള് ഡല്‍ഹി ഹൈക്കോടതിയില്‍ ആരോപിച്ചത്. ഇഡി കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന സാഹചര്യം ഇല്ലാതാക്കാന്‍ മുന്‍കരുതലെന്ന മട്ടില്‍ 'ഇന്‍ഷ്വറന്‍സ്' അറസ്റ്റ് സിബിഐ രേഖപ്പെടുത്തുകയായിരുന്നു.
കേസില്‍ പ്രതിയായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. ഓഗസ്റ്റ് 5 ലേക്കാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. ഹര്‍ജിയില്‍ മറുപടി നല്കാന് ഇ.ഡിക്കു കോടതി സമയം നല്കി. 16 മാസമായി താന്‍ കസ്റ്റഡിയിലാണെന്നും തനിക്കെതിരായ വിചാരണ നടന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിസോദിയ ജാമ്യാപേക്ഷ നല്‍കിയത്. സിസോദിയക്ക് പുറമെ ഭാരത് രാഷ്ട്ര സമിതി നേതാവ് കവിതാ റാവു ഉള്‍പ്പെടെ 18 പ്രതികള്‍ക്കെതിരെയാണ് കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചത്.
കോഴയായി ലഭിച്ച 100 കോടി രൂപയില്‍ 44.45 കോടി 2021 2022 കാലഘട്ടത്തില്‍ ഹവാല ഇടപാടുകളിലൂടെ ഗോവയിലേക്ക് മാറ്റിയെന്നും കുറ്റപത്രത്തില്‍ സിബിഐ പറയുന്നു. കേസില്‍ മാര്‍ച്ച് 21നാണ് ഇ.ഡി കേജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ 1,100 കോടിയുടെ അനധികൃത ഇടപാട് നടന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇ.ഡി എടുത്ത കേസില്‍ സുപ്രീം കോടതി കേജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നെങ്കിലും വൈകാതെ സിബിഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കേജ്രിവാളിന്റെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ ഇന്ത്യാസഖ്യത്തിന്റെ പ്രതിഷേധം ചൊവാഴ്ച നടക്കും. തിഹാര്‍ ജയിലില്‍ കഴിയുന്ന കേജ്രിവാളിന്റെ ആരോഗ്യനില മോശമാകുകയാണെന്നും ജാമ്യം നിഷേധിച്ച് ജയിലില്‍ ഇടാനുള്ള ഗൂഢാലോചനയാണു ബിജെപി സര്‍ക്കാര്‍ നടത്തുന്നതെന്നും ആരോപിച്ചാണു ജന്തര്‍ മന്തറില്‍ നാളെ പ്രതിഷേധ പ്രകടനം നടത്തുക. ഇ.ഡി റജിസ്റ്റര്‍ ചെയ്ത കേസില്‍ ഈ മാസം 31 വരെയും സിബിഐ റജിസ്റ്റര്‍ ചെയ്ത കേസില്‍ ഓഗസ്റ്റ് 8 വരെയുമാണ് കേജ്രിവാളിനെ കോടതി കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.