ന്യൂഡല്‍ഹി: യുജിസി നെറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നതിന് തെളിവില്ലെന്ന് സിബിഐ. ടെലഗ്രാമില്‍ പ്രചരിച്ചത് പരീക്ഷയ്ക്കു ശേഷം പകര്‍ത്തിയ ചോദ്യപേപ്പറാണെന്നാണ് സിബിഐ നല്‍കുന്ന വിശദീകരണം. പരീക്ഷയ്ക്ക് മുമ്പ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്ന് വരുത്താന്‍ ഒരു സംഘം ശ്രമിച്ചെന്നും സിബിഐ ആരോപിച്ചു. ടെലഗ്രാമില്‍ ചോദ്യപേപ്പര്‍ പ്രചരിച്ചതിനാല്‍ പരീക്ഷ റദ്ദാക്കിയിരുന്നു. നീറ്റ് പരീക്ഷയിലും ടെലഗ്രാമില്‍ പ്രചരിച്ച ചിത്രം കെട്ടിചമച്ചതെന്ന് എന്‍ടിഎ (നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി) ആരോപിച്ചിരുന്നു.

അതേ സമയം നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദം അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി സുപ്രീംകോടതി. ചോദ്യപേപ്പര്‍ ജാര്‍ഖണ്ഡില്‍ നിന്നാണ് ചോര്‍ന്നതെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേന്ദ്രവും സിബിഐയും അടക്കം സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ എതിര്‍കക്ഷികള്‍ക്ക് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നാല്‍പതാമത്തെ കേസ് ആയിട്ടാണ് നീറ്റ് ഹര്‍ജികള്‍ ഇന്ന് പരിഗണിക്കാനിരുന്നത്. എന്നാല്‍ ഉച്ചവരെ മാത്രമേ കോടതി നടപടികള്‍ ഉണ്ടായൊള്ളൂ. ഇതോടെ ആദ്യം നാളേക്കും പിന്നീട് തിങ്കളാഴ്ച്ചത്തേക്കും ഹര്‍ജികള്‍ മാറ്റി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കോടതിയില്‍ ഹാജരാകാനാവില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചതോടെ വാദം വ്യാഴ്ച്ചത്തേക്ക് മാറ്റി. ഇതിന് മുന്നോടിയായി കേന്ദ്രവും, എന്‍ടിഎയും, സിബിഐയും നല്‍കിയ റിപ്പോര്‍ട്ടുകളില്‍ എതിര്‍കക്ഷികള്‍ മറുപടി നല്‍കണം. നീറ്റില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നത് ഝാര്‍ഖണ്ടിലെ സ്‌കൂളിലേക്ക് കൊണ്ടുപോകും വഴിയെന്ന് സിബിഐ കോടതിയെ അറിയിച്ചു.

50 ലക്ഷം വരെ വാങ്ങി ബീഹാറിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യപേപ്പര്‍ എത്തിച്ചു. സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം സമയത്ത് എന്‍ടിഎയെ അറിയിച്ചില്ലെന്നും വിവരം അറിഞ്ഞ ശേഷം എന്‍ടിഎയും തെളിവുകള്‍ മറച്ചു വച്ചെന്നും സിബിഐ വ്യക്തമാക്കുന്നു. അതേസമയം യുജിസി നെറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നതിന് തെളിവില്ലെന്ന് സിബിഐ കോടതിയില്‍ പറയുന്നു. പുനഃപരീക്ഷയെ എതിര്‍ക്കുന്ന നിലപാടാണ് കേന്ദ്രവും എന്‍ടിഎയും കോടതിയെ അറിയിച്ചത്. ക്രമക്കേട് നടന്നത് ചിലയിടങ്ങളില്‍ മാത്രമെന്നാണ് വിശദീകരണം. ഉയര്‍ന്ന റാങ്കുകാരും അവര്‍ പരീക്ഷ എഴുതിയ നഗരങ്ങളും വ്യക്തമാക്കുന്ന ചാര്‍ട്ടും കേന്ദ്രം സമര്‍പ്പിച്ചു.

ആദ്യ ആയിരം ഉയര്‍ന്ന റാങ്ക് നേടിയവരില്‍ രാജസ്ഥാനിലെ ശിക്കാര്‍, കോട്ട നഗരങ്ങളില്‍ നിന്ന് പരീക്ഷ എഴുതിയവരാണ് കൂടുതല്‍, മൂന്നാം സ്ഥാനത്ത് കോട്ടയമാണ്. കോച്ചിംഗ് സെന്റുകള്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് ഇവിടെ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുന്നുതെന്നാണ് വിശദീകരണം. എന്നാല്‍ ആരോപണം ഉയര്‍ന്ന പാറ്റ്‌നയില്‍ ഉയര്‍ന്ന റാങ്കുകാരുടെ എണ്ണം കഴിഞ്ഞ തവണത്തെക്കാള്‍ കുറഞ്ഞെന്നും കേന്ദ്രം വ്യക്തമാക്കി. വിഷയം തണുപ്പിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തി.