- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ട്രേയില്‍ 45 ലക്ഷമുണ്ടായിട്ടും മോഷ്ടാവ് കവര്‍ന്നത് 15 ലക്ഷം! പോലീസ് സംശയം ഇതോടെ ബാങ്കില്‍ അക്കൗണ്ട് ഉള്ളവരിലേക്കായി; സ്ഥലത്ത് ഇല്ലാത്ത അക്കൗണ്ട് ഹോള്‍ഡര്‍മാരിലേക്ക് കേന്ദ്രീകരിച്ചുള്ള പരിശോധന നിര്‍ണായകമായി; ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയെ പിടികൂടിയത് പത്തം ലക്ഷം രൂപയുമായി; പോട്ടയില്‍ തെളിഞ്ഞത് കേരളാ പോലീസിന്റെ ബ്രില്ല്യന്‍സ്!
ട്രേയില്‍ 45 ലക്ഷമുണ്ടായിട്ടും മോഷ്ടാവ് കവര്‍ന്നത് 15 ലക്ഷം!
തൃശൂര്‍: ഫെഡറല്‍ ബാങ്കിന്റെ പോട്ട ശാഖയില്‍ കവര്‍ച്ച നടന്ന് മൂന്നാം ദിവസമാണ് പ്രതി റിജോ ആന്റണി എന്ന മോഷ്ടാവിലേക്ക് എത്തിയത് കേരളാ പോലീസിന്റെ ബ്രില്യന്റ് നീക്കങ്ങള്‍ക്ക് ഒടുവില്‍. പ്രൊഫഷണല്‍ മോഷ്ടാവല്ല ഇതിന് പിന്നിലെന്ന നിഗമനത്തില്‍ പോലീസ് നടത്തിയ അന്വേഷണമാണ് റിജോയിലേക്ക് എത്തിയത്. ക്യാഷ് കൗണ്ടറിലെ ട്രേയില്‍ 45 ലക്ഷം രൂപയുണ്ടായിട്ടും മോഷ്ടാവ് 15 ലക്ഷം മാത്രമാണ് കവര്‍ന്നതെന്ന കാര്യം കൗതുകമുണര്‍ത്തുന്നതാണെന്ന് എസ്.പി ബി. കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. ഇതായിരുന്നു പോലീസിന് കിട്ടിയ നിര്‍ണായക തുമ്പ്. ഇതോടെ കടബാധ്യതയുള്ള ആരോ ആണ് മോഷ്ടാവെന്ന് പോലീസ് ഉറപ്പിച്ചു. അന്വേഷണം പുരോഗമിക്കവേ ബാങ്കിലെ ഇടപാടുകാരുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങള്‍ പോലീസ് തേടി.
കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് സമാനമാണ് ഇവിടെയും സംഭവിച്ചതെന്ന നിഗമനത്തില്‍ അന്വേഷണം നടത്തി. ബാങ്കില്‍ അക്കൗണ്ടുള്ളവരിലേക്ക് പരിശോധന നടത്തി. കൂടാതെ അടുത്ത ദിവസങ്ങളില്‍ ബാങ്കില്‍ എത്തിയവരുടെ വിശദാംശങ്ങളും ശേഖരിച്ചു. മോഷണത്തിന് ശേഷം സ്ഥലത്തില്ലാത്തവരെ കുറിച്ചും പരിശോധച്ചു. ഇതോടയാണ് റിജോയിലേക്ക് പോലീസ് അന്വേഷണം എത്തിയത്. റിജോ ബാങ്കില്‍ നിരന്തരം വന്നിരുന്നുവെന്നും നിരീക്ഷണങ്ങള്‍ നടത്തിയെന്നും പോലീസിന് മനസ്സിലായി. പ്രദേശവാസികളെ കുറിച്ചാണ് അന്വേഷണം നടത്തിയതും. ഇതെല്ലാം മോഷ്ടാവിലേക്ക് പോലീസ് എത്താന്‍ ഇടയാക്കി.
കടം വീട്ടാനാണ് പ്രതി മോഷണം നടത്തിയത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പോലീസിനോട് അക്കാര്യം പ്രതി സമ്മതിച്ചിട്ടുണ്ട്. ക്യാഷ് കൗണ്ടറിലെ ട്രേയില്‍ 45 ലക്ഷം രൂപയുണ്ടായിട്ടും മോഷ്ടാവ് 15 ലക്ഷം മാത്രം എടുത്തു എന്നിടത്തു നിന്നുള്ള അന്വേഷണമാണ് നിര്‍ണായകമായത്. ജാക്കറ്റും ഹെല്‍മറ്റും ധരിച്ചെത്തിയ മോഷ്ടാവ്, പണവുമായി കടന്നത് എങ്ങോട്ടാണ് പോയതെന്ന് പോലീസിന് തുടക്കത്തില്‍ ധാരണ ഉണ്ടായില്ല.
സാധാരണഗതിയില്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ട്രേസ് ചെയ്തും, വിരലടയാളമുള്‍പ്പെടെയുള്ള തെളിവുകള്‍ സംഭവ സ്ഥലത്തുനിന്ന് ശേഖരിച്ചും വേഗത്തില്‍തന്നെ കുറ്റവാളിയിലേക്ക് എത്താന്‍ പൊലീസിന് കഴിയാറുണ്ട്. എന്നാല്‍ പോട്ടയിലെ കേസില്‍ ഇത്തരത്തില്‍ യാതൊരു തെളിവും മോഷ്ടാവ് അവശേഷിപ്പിച്ചില്ലെന്നത് ശ്രദ്ധേയമായിരുന്നു. ഇതോടെ ബാങ്കിന്റെ പ്രവര്‍ത്തനത്തെ കുറിച്ച വ്യക്തമായ ധാരണയുള്ള ആരോ ആണ് കവര്‍ച്ചക്ക് പിന്നിലെന്ന് വിലയിരുത്തി. പണം എവിടെയാണുള്ളതെന്ന കാര്യമുള്‍പ്പെടെ നേരത്തെ അറിയാവുന്നയാള്‍, വ്യക്തമായ പദ്ധതിയോടെയാണ് കവര്‍ച്ച നടത്തിയതെന്നും പൊലീസ് കണക്കുകൂട്ടി.
ബാങ്ക് ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പിന്‍വശത്തെ മുറിയില്‍ പോകുന്ന സമയം കൃത്യമായി ഇയാള്‍ കണക്കുകൂട്ടിയിരുന്നു. രണ്ട് മുതല്‍ 2.30 വരെയാണ് ഉച്ചഭക്ഷണ സമയം. ചാലക്കുടി നഗരത്തില്‍ ഫെഡറല്‍ ബാങ്കിന് വേറെയും രണ്ട് ശാഖകളുള്ളതിനാല്‍ ഉപഭോക്താക്കളുടെ തിരക്ക് അത്രയൊന്നും പോട്ട ബ്രാഞ്ചില്‍ ഉണ്ടാവാറില്ല. ഉച്ചഭക്ഷണ സമയത്ത് പ്യൂണ്‍ അല്ലാതെ ബാങ്കിനകത്ത് ആരുമുണ്ടാവില്ലെന്നും മോഷ്ടാവ് മനസ്സിലാക്കിയിരുന്നു.
കവര്‍ച്ചക്ക് മറ്റാരെയും കൂട്ടാതെയാണ് ഇയാളെത്തിയത്. ആരുടെയും ചോര ചിന്താതെയാണ് പണം കവര്‍ന്നത്. രക്ഷപ്പെടാന്‍ മികച്ച ഒരായുധം പോലും ഇയാളുടെ കൈവശമുണ്ടായിരുന്നതായി സൂചനയില്ല. വെറും ഒരു കറിക്കത്തി കാട്ടി ഭയപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ബാങ്കിന്റെ കാമറകളില്‍ പതിഞ്ഞിട്ടുണ്ട്. നാല് കാമറകളില്‍ നിന്നായാണ് ദൃശ്യങ്ങള്‍ കിട്ടിയത്. ഒന്ന് മോഷ്ടാവ് ബാങ്കിനു പുറത്ത് വരുന്ന രംഗമാണ്. മറ്റൊന്ന് ജീവനക്കാരനെ മുറിയിലാക്കുന്നതാണ്. പിന്നീട് പണമെടുത്ത ശേഷം രക്ഷപ്പെടുന്നതും. ബാങ്ക് അധികൃതര്‍ ഇത് പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതില്‍ ഒന്നിലും മോഷ്ടാവിനെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടേകാലോടെയാണ് ഫെഡറല്‍ ബാങ്ക് ശാഖയില്‍ കവര്‍ച്ച നടന്നത്. സ്‌കൂട്ടറിലെത്തിയ അക്രമി ബാങ്കിനുള്ളിലേക്ക് കയറുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ജാക്കറ്റും ഹെല്‍മറ്റും ധരിച്ചതിനാല്‍, ഏകദേശ ഉയരവും ഭാരവും കണക്കാക്കാമെന്നല്ലാതെ മറ്റ് അടയാളങ്ങളൊന്നും ലഭിച്ചിട്ടില്ല. ജീവനക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മറ്റൊരു മുറിയിലേക്ക് മാറ്റിയ ശേഷമാണ് കൗണ്ടറില്‍ പ്രവേശിച്ച് പണവുമായി സ്ഥലംകാലിയാക്കിയത്. കൗണ്ടറിലെ വലിപ്പില്‍നിന്ന് പണമെടുത്ത് ബാഗില്‍ നിറക്കാനും പുറത്തേക്ക് പോകാനും ഏതാനും സെക്കന്‍ഡുകള്‍ മാത്രമാണ് വേണ്ടിവന്നത്.
സംഭവ സ്ഥലത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെ എത്തി തെളിവ് ശേഖരിച്ചിരുന്നു. ക്യാഷ് കൗണ്ടറില്‍നിന്ന് 15 ലക്ഷം രൂപയോളമാണ് അപഹരിച്ചത്. കൗണ്ടറിന്റെ ഗ്ലാസ് തല്ലിത്തകര്‍ത്ത് ഉള്ളില്‍ പ്രവേശിച്ച ശേഷമാണ് പണം എടുത്തത്. സംഭവസമയത്ത് ബാങ്കിലുണ്ടായിരുന്നത് എട്ട് ജീവനക്കാരാണെന്നാണ് വിവരം. ഇവര്‍ ഉച്ചഭക്ഷണം കഴിക്കാന്‍ ഒരുങ്ങവെയാണ് മോഷ്ടാവ് ബാങ്കിനകത്ത് എത്തുന്നത്.