തൃശ്ശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കില്‍ കവര്‍ച്ച നടത്തിയത് മലയാളിയോ? ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ആളാണ് പ്രതിയെന്നാണ് സൂചന. ഇടറോഡുകളെല്ലാം നന്നായി അറിയാവുന്ന കള്ളന്‍. മോഷണം നടന്ന പ്രദേശത്തുനിന്ന് അധികം ദൂരയല്ലാത്ത ഒരാള്‍ തന്നയാകാം കൃത്യം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. ആദ്യഘട്ടത്തില്‍ പ്രതി ഇതര സംസ്ഥാനക്കാരനാകാമെന്ന സംശയം ഉയര്‍ന്നിരുന്നു. നിരീക്ഷണ ക്യാമറകളില്‍ പെട്ടെങ്കിലും ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ തിരിച്ചറിയാന്‍ സാധിക്കാത്തതാണ് പ്രതിസന്ധിയാകുന്നത്. കൈയുറ ധരിച്ചിരുന്നതിനാല്‍ വിരലടയാളം കിട്ടാനുള്ള സാധ്യതയുമില്ല. ഇയാള്‍ ബൈക്കുമായി ട്രെയിലറില്‍ കേരളം വിടാനാണ് സാധ്യതയെന്നാണ് നിഗമനം.

മോഷ്ടാവ് സഞ്ചരിച്ചത് ടിവിഎസ് എന്‍ഡോര്‍ഗ് സ്‌കൂട്ടറിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ എന്‍ഡോര്‍ഗ് സ്‌കൂട്ടര്‍ തൃശൂര്‍ ജില്ലയില്‍ മാത്രം പതിനായിരത്തിലേറെയാണ്, അതുകൊണ്ട് പ്രതിയെ കണ്ടുപിടിക്കുക എന്നത് വലിയ കടമ്പയാണ്. ജില്ലയില്‍ എന്‍ഡോര്‍ഗ് സ്‌കൂട്ടറുളളവരുടെ പേര് വിവരങ്ങള്‍ ശേഖരിച്ച് പൊലീസ് പട്ടിക തയാറാക്കിയിട്ടുണ്ട്. രജിസ്റ്റര്‍ നമ്പര്‍ വ്യാജമാണ്. തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത് സ്‌കൂട്ടറും കവര്‍ച്ചയ്ക്ക് ഉപയോഗിക്കാം. അങ്ങനെ എങ്കില്‍ പോലീസ് ഇനിയും കുടുക്കിലാകും. മോഷ്ടാവ് ചെറുറോഡുകള്‍ വഴി കൊടുങ്ങല്ലൂരിലേക്ക് കടന്നു എന്നാണ് സൂചന.

പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ടോയെന്നും സംഭവത്തില്‍ ഗൂഢാലോചനയുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. സഹായമില്ലാതെ കൃത്യമായി ഇത്തരത്തില്‍ മോഷണം നടത്താന്‍ സാധിക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബാങ്ക് ജീവനക്കാരുടെ മൊഴി പോലീസ് വീണ്ടും എടുത്തിട്ടുണ്ട്. 47 ലക്ഷം രൂപയാണ് കൗണ്ടറില്‍ അടുക്കുകളാക്കി വെച്ചിരുന്നത്. ഇതില്‍നിന്ന് നടുക്കായി ക്രമീകരിച്ച അഞ്ചുലക്ഷം വീതമുള്ള മൂന്ന് കെട്ടുകള്‍ മാത്രമാണ് പ്രതി കൈക്കലാക്കിയത്. മോഷണം നടന്ന ബാങ്ക് ശാഖയുടെ സുരക്ഷ കഴിഞ്ഞദിവസം വര്‍ധിപ്പിച്ചു. ശനിയാഴ്ച രാവിലെത്തന്നെ സുരക്ഷാജീവനക്കാരെ ബാങ്കില്‍ നിയോഗിച്ചു.

പോട്ട ഫെഡറല്‍ ബാങ്ക് ശാഖയിലെ കവര്‍ച്ച പ്രത്യേക സംഘം അന്വേഷിക്കും. ചാലക്കുടി ഡിവൈ.എസ്.പി കെ. സുമേഷിന്റെ നേതൃത്വത്തിലുള്ള ടീമാണ് കേസ് അന്വേഷിക്കുക. തൃശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി രൂപം നല്‍കിയ പ്രത്യേക സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ ചാലക്കുടി സ്?റ്റേഷനിലെ എം.കെ. സജീവ് (ചാലക്കുടി), അമൃത് രംഗന്‍ (കൊരട്ടി), പി.കെ. ദാസ് (കൊടകര), വി. ബിജു (അതിരപ്പിള്ളി), സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍. പ്രദീപ്, സി.എസ്. സൂരജ്, സി.എന്‍. എബിന്‍, കെ. സലീം, പി.വി. പാട്രിക് എന്നിവരും ജില്ല ക്രൈം സ്‌ക്വാഡും സൈബര്‍ ജില്ല സ്‌പെഷല്‍ സ്‌ക്വാഡും അടക്കം 25ഓളം പേരാണുള്ളത്.

പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ സെക്യൂരിറ്റി ജീവനക്കാരനെ നിയമിച്ചു. താല്‍ക്കാലികമായി പൊലീസ് കാവലുമുണ്ട്. നേരത്തേ മുതല്‍ ബാങ്കില്‍ സുരക്ഷാജീവനക്കാരന്‍ ഉണ്ടായിരുന്നില്ല. ഇക്കാരണത്താല്‍ ബാങ്കിനെതിരെ ഇടപാടുകാര്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ജീവനക്കാര്‍ ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ ഓഫിസിനുള്ളില്‍ പ്യൂണ്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്രതീക്ഷിതമായി കവര്‍ച്ചക്കാരന്‍ വന്നപ്പോള്‍ ഇയാള്‍ ഭയന്നു. ചെറിയ ചെറുത്തുനില്‍പിനുപോലും കഴിയുന്ന പരിശീലനം ഇയാള്‍ക്ക് ഉണ്ടായിരുന്നില്ല. ഈ സാധ്യത മനസ്സിലാക്കിയ ആളായിരുന്നിരിക്കണം കവര്‍ച്ചക്കാരന്‍.

അതിനാല്‍ ചെറിയ കറിക്കത്തി മാത്രം കാണിച്ച് 15 ലക്ഷത്തോളം രൂപ കവര്‍ന്ന് നിഷ്പ്രയാസം കടന്നു. ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ പരിശീലനം ലഭിച്ച ആരും ബാങ്കില്‍ ഉണ്ടായിരുന്നില്ല. അപായ സൈറണ്‍ പോലും മുഴക്കാന്‍ കഴിഞ്ഞില്ല. മോഷണവിവരം ബാങ്കിന് പുറത്തുള്ളവര്‍ അറിയുന്നത് വളരെ കഴിഞ്ഞാണ്. പണ്ട് ബാങ്കുകളിലെല്ലാം സെക്യൂരിറ്റി ജീവനക്കാര്‍ നിര്‍ബന്ധമായിരുന്നു. ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പലരും സെക്യൂരിറ്റി ഗാര്‍ഡുകളെ പിരിച്ചുവിട്ടു. ഇതും മോഷ്ടാവിന് തുണയായി.

വെളളിയാഴ്ച ഉച്ചയോടെയാണ് ബാങ്കില്‍ കവര്‍ച്ച നടന്നത്. ബാങ്കിലെ ജീവനക്കാര്‍ ഭക്ഷണം കഴിക്കാനിരിക്കവെയാണ് മോഷ്ടാവ് എത്തുന്നത്. ബൈക്കില്‍ മുഖം മറച്ച് എത്തിയ അക്രമി ബാങ്കില്‍ പ്രവേശിക്കുകയും രണ്ട് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ശുചിമുറിയില്‍ പൂട്ടിയിടുകയുമായിരുന്നു. ശേഷം കൗണ്ടറിലിരുന്ന ജീവനക്കാരിയേയും ഭീഷണിപ്പെടുത്തി. പിന്നീട് കൗണ്ടറിലെ ഗ്ലാസ്, കസേര ഉപയോ?ിച്ച് തല്ലിത്തകര്‍ത്ത് പണം കവരുകയായിരുന്നു.