- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കുട്ടിയെ വലയിലാക്കിയത് ഡേറ്റിങ് ആപ്പില്‍; ഗേ ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ച് കുട്ടിയുടെ വിവരങ്ങള്‍ കൈമാറി; 16-കാരന്റെ വീട്ടിലെത്തിയ ഒരാളെ അമ്മ കണ്ടത് നിര്‍ണ്ണായകമായി; വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനും ആര്‍പിഎഫ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാവും പ്രതികള്‍; ചന്തേര പോക്സോ പീഡനത്തില്‍ സമഗ്രാന്വേഷണം
ചെറുവത്തൂര്‍: കാസര്‍കോട് ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ 16-കാരനെ പ്രകൃതിവിരുദ്ധത്തിന് ഉപയോഗിച്ച ഉന്നതരടങ്ങുന്ന എട്ടുപേര്‍ പോലീസ് പിടിയിലാകുമ്പോള്‍ തെളിയുന്നത് വിഐപി കുറ്റകൃത്യം. വിദ്യാഭ്യാസവകുപ്പില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍, ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാവ് ഉള്‍പ്പെടെ പ്രതിപ്പട്ടികയിലുണ്ട്. ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഒന്‍പത് പേരുള്‍പ്പെടെ 14 പേര്‍ക്കെതിരേയാണ് ചന്തേര പോലീസ് കേസെടുത്തത്. ഇതില്‍ അഞ്ചുപേര്‍ ജില്ലയ്ക്ക് പുറത്തായതിനാല്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്റ്റേഷന്‍ അടിസ്ഥാനത്തിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പൊലീസ് സ്റ്റേഷനിലേക്കും കേസ് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്.
കുട്ടിയെ വലയിലാക്കിയത് ഡേറ്റിങ് ആപ്പ് ഇടപാടിലൂടെയെന്നാണ് സംശയം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനും പ്രാദേശിക രാഷ്ട്രീയ നേതാക്കളുമടക്കം പ്രതി പട്ടികയിലുണ്ട്. ഗേ ഡേറ്റിംഗ് ആപ്പ് പ്രതികളില്‍ ചിലര്‍ ഉപയോഗിച്ചതായാണ് സൂചന. സംഭവത്തില്‍ വ്യാപകമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ പലപ്പോഴായി പലയിടങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കുട്ടിയുടെ പരാതി. കാസര്‍ഗോഡ് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍, പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചവരുടെ പട്ടികയിലുണ്ട്. പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇതില്‍ പലരും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഇതിനായി ചന്തേര സി ഐ കെ പ്രശാന്ത്, വെള്ളരിക്കുണ്ട് സി ഐ കെ പി സതീഷ്, ചീമേനി സിഐ മുകുന്ദന്‍, നീലേശ്വരം സിഐ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. ഗേ ഡേറ്റിംഗ് ആപ്പും പ്രതികളില്‍ ചിലര്‍ ഉപയോഗിച്ചിരുന്നതായാണ് സൂചന. ഇതുവഴി കുട്ടിയുടെ വിവരങ്ങള്‍ കൈമാറിയിരുന്നതായും പൊലീസ് സംശയിക്കുന്നു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞദിവസം 16-കാരന്റെ വീട്ടിലെത്തിയ ഒരാളെ മാതാവ് കണ്ടതാണ് കേസിലേക്കെത്തിയത്. മാതാവിനെ കണ്ടയുടനെ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
ചന്തേര പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് 16-കാരനെ ചൈല്‍ഡ് ലൈനില്‍ ഹാജരാക്കി ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്. ചൈല്‍ഡ് ലൈനില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം വെള്ളരിക്കുണ്ട്, ചീമേനി, നീലേശ്വരം, ചിറ്റാരിക്കാല്‍, ചന്തേര പോലീസ് സ്റ്റേഷനുകളിലെ ഹൗസ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. രണ്ട് വീതം പ്രതികളെ പിടികൂടുന്നതിന് ഓരോ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘത്തിന് ചുമതല നല്‍കി.
കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ ഉള്ള 14 പേരാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ചന്തേര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ എട്ട് പ്രതികളില്‍ 6 പേര്‍ കസ്റ്റഡിയിലുണ്ട്. നീലേശ്വരം, ചീമേനി സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു വീതമാണ് പ്രതികള്‍.