കൊച്ചി: റാപ്പര്‍ വേടനെതിരായ പീഡനക്കേസില്‍ തൃക്കാക്കര പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. യുവ ഡോക്ടര്‍ നല്‍കിയ പരാതിയിലുള്ള ആരോപണങ്ങള്‍ കുറ്റപത്രത്തില്‍ ശരിവെക്കുന്നതായാണ് വിവരം. ജൂലൈ 30ന് നല്‍കിയ പരാതിയില്‍ രണ്ട് മാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കിയാണ് തൃക്കാക്കര പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇനി കോടതിയാണ് വിചാരണ നടത്തി കുറ്റക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത്.

അതേസമയം, ഹൈകോടതി നിര്‍ദേശപ്രകാരം പീഡനക്കേസില്‍ വേടന്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ ജാമ്യത്തില്‍ വിട്ടു. 114 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി പ്രകാരമാണ് അന്വേഷണസംഘം വേടനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി യുവ ഡോക്ടര്‍ നല്‍കിയ പരാതിയില്‍ സെപ്റ്റംബര്‍ 10നാണ് റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി?യെ അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ എല്ലാം ഉപേക്ഷിച്ചു പോയെന്നും ഇതോടെ മാനസികനില തകരാറിലായെന്നുമാണ് യുവതിയുടെ പരാതി. കാലങ്ങളോളം ചികിത്സ തേടേണ്ടിവന്നു. ഏറെ കാലമെടുത്താണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനായതെന്നും പരാതിക്കാരി കോടതിയില്‍ പറഞ്ഞിരുന്നു.

2021 ആഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ കോഴിക്കോട്ടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയെന്നുമായിരുന്നു യുവതി പരാതിയില്‍ പറഞ്ഞിരുന്നത്. പാട്ട് പുറത്തിറക്കാനെന്ന പേരില്‍ 31,000 രൂപ തട്ടിയെടുത്തെന്നും പരാതിയിലുണ്ടായിരുന്നു.

എന്നാല്‍, ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നു എന്ന് കരുതാന്‍ മതിയായ തെളിവുകളുണ്ടെന്നും ബ്രേക്ക് അപ്പിന് ശേഷം ആരോപണങ്ങളുമായി മറ്റയാളുടെ ഭാവി നശിപ്പിക്കാനുള്ള പ്രവണതയുണ്ടെന്നും നിരീക്ഷിച്ചാണ് കോടതി വേടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നുവെന്ന് വേടനും മൊഴി നല്‍കി.

വേടനെതിരെ ഗവേഷക വിദ്യാര്‍ഥി കൂടി പിന്നീട് പരാതിയുമായി രംഗത്തെത്തിയിരുന്നു. ഗവേഷക വിദ്യാര്‍ഥിനി മുഖ്യമന്ത്രിയുടെ ഓഫിസില്‍ നല്‍കിയ പരാതി എറണാകുളം സെന്‍ട്രല്‍ പൊലീസിന് കൈമാറിയിരുന്നു. സംഗീത ഗവേഷണത്തിന്റെ പേരില്‍ വേടനുമായി ഫോണിലൂടെ ബന്ധപ്പെട്ടുവെന്നും 2020ല്‍ കൊച്ചിയിലെ ഫ്‌ലാറ്റിലേക്ക് വരാന്‍ പറഞ്ഞുവെന്നും അവിടെ വെച്ച് അപമാനിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതിയിലുള്ളത്. ആ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു. എന്നാല്‍ സെഷന്‍ കോടതി ഈ കേസില്‍ കഴിഞ്ഞ ദിവസം ജാമ്യം അനുവദിക്കുകയായിരുന്നു.

അതേസമയം ബലാത്സംഗം നല്‍കിയതിനും വിവാഹവാഗ്ദാനം ചെയ്തതിന് വാട്ട്‌സാപ്പ് ചാറ്റുകളടക്കം തെളിവുകളുണ്ടെന്നാണ് പോലീസ് പറയുന്നത്. സാമ്പത്തിക ഇടപാടുകളിലടക്കം രേഖകളുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. കഞ്ചാവ് കേസില്‍ കഴിഞ്ഞ ദിവസം വേടനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ഒമ്പത് പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വേടന്‍ കഞ്ചാവ് ഉപയോഗിച്ചെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ഹില്‍ പാലസ് പൊലീസാണ് വേടനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വേടന്‍ താമസിച്ച ഹോട്ടലില്‍ നിന്ന് ആറ് ഗ്രാം കഞ്ചാവും പണവും പൊലീസ് കണ്ടെടുത്തിരുന്നു. കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും തൂക്കാനുള്ള ത്രാസും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.