ചേര്‍ത്തലയിലെ ടൗണ്‍ എല്‍പി സ്‌കൂളില്‍ വ്യാജശമ്പള സര്‍ട്ടിഫിക്കറ്റ് തയാറാക്കി പ്രധാനാധ്യാപിക എന്‍. ആര്‍ സീത ലക്ഷങ്ങള്‍ തട്ടിയ വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെ അധ്യാപികയ്ക്ക് എതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍. സ്‌കൂളിലെ അധ്യാപകരുടെ പേരില്‍ വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കെ.എസ്.എഫ്.ഇയുടെ വിവിധ ശാഖകളില്‍ നിന്നും പണം തട്ടിയതിനു പുറമെ സ്‌കൂളിന്റെ പേരിലും നിരവധി അഴിമതി പ്രവര്‍ത്തനങ്ങള്‍ ഈ പ്രധാനാധ്യാപിക നടത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. പുതുതായി നിര്‍മ്മിക്കുന്ന സ്‌കൂള്‍ കെട്ടിടത്തില്‍ എ.സി സ്ഥാപിക്കാനെന്ന പേരില്‍ സ്‌കൂളില്‍ അടുത്തിടെ ബിരിയാണി ചലഞ്ച് നടത്തിയിരുന്നു. ഇതില്‍ നിന്നും ലാഭമായി രണ്ടേകാല്‍ ലക്ഷത്തോളം രൂപ സ്‌കൂളിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ പണം എങ്ങോട്ട് പോയെന്ന് ആര്‍ക്കും ഒരു പിടിയും ഇല്ല.

ബിരിയാണി ചലഞ്ചിലേക്ക് ആവശ്യമായ സാധനങ്ങളില്‍ പലതും സ്‌പോണ്‍സര്‍മാര്‍ നല്‍കിയതായിരുന്നു. ഈ ബിരിയാണി ചലഞ്ച് വന്‍ തോതില്‍ പിടിഎയും രക്ഷിതാക്കളും ഏറ്റെടുക്കുകയും ചെയ്തു. ഓരോ കുട്ടികളോടും ഒന്നില്‍ കൂടുതല്‍ ബിരിയാണി വാങ്ങാനും സമ്മര്‍ദ്ദം ചെലത്തിയിരുന്നതായാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. പല അധ്യാപകരും കുട്ടികളില്‍ നിന്നും പണം പിരിക്കുന്ന ബിരിയാണി ചലഞ്ചില്‍ വിമുഖത കാട്ടിയെങ്കിലും പ്രധാനാധ്യാപികയുടെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വന്നു. ഇരുപതോളം ബിരിയാണി വാങ്ങിയവര്‍ വരെയുണ്ടെന്നാണ് വിവരം.

സ്‌കൂളിലെ പിടിഎ ഫണ്ടിലും വന്‍ തിരിമറി നടത്തിയിട്ടുണ്ട്. എന്നാല്‍ അധ്യാപിക പണം തട്ടിയിട്ടും പിടിഎ ഭാരവാഹികള്‍ അടക്കം മൗനം പാലിക്കുകയാണ് ചെയ്തത്. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച കേസില്‍ അധ്യാപികയെ തേടി പോലിസ് എത്തിയതോടെയാണ് പിടിഎ ഭാരവാഹികളടക്കം മൗനം വെടിഞ്ഞത്. പിടിഎ ഫണ്ടില്‍ മാത്രമല്ല സഞ്ചയികയ്ക്ക് പകരമുള്ള കുട്ടികളുടെ ട്രഷറി സമ്പാദ്യ പദ്ധതിയില്‍ നിന്നും വരെ ഈ അധ്യാപിക പണം കൈയ്യിട്ടു വാരിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്. കുട്ടികളുടെ സമ്പാദ്യം ട്രഷറിയില്‍ അടച്ചു കൊള്ളാമെന്ന് പറഞ്ഞ് അധ്യാപകരില്‍ നിന്നും എന്‍. ആര്‍ സീത നിര്‍ബന്ധ പൂര്‍വ്വം വാങ്ങുക ആയിരുന്നെന്നാണ് ആക്ഷേപം. ഇതിനു പുറമെ രണ്ട് മൂന്ന് അധ്യാപകരുടെ ബാഗിലെ പണവും സ്‌കൂളില്‍ നിന്നും മോഷണം പോയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്.

സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ പേരിലും വന്‍ അഴിമതി നടന്നതായാണ് വിവരം. സ്മാര്‍ട്ട് ക്ലാസ് റൂം അടക്കം നിര്‍മ്മിക്കുന്ന ഇരു നില കെട്ടിടത്തിന്റെ പേരിലും ഈ അധ്യാപിക ആരോപണം നേരിടുന്നു. എല്‍പി വിദ്യാര്‍ത്ഥികള്‍ മാത്രമുള്ള ഈ സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ഈ രണ്ട് നില കെട്ടിടത്തില്‍ സ്റ്റെയര്‍ കേസ് ഇല്ല എന്നതാണ് പ്രധാന വസ്തുത. കൊച്ചു കുട്ടികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച കെട്ടിടത്തില്‍ എന്തു കൊണ്ട് വാര്‍ത്ത സ്റ്റെയര്‍കേസ് നിര്‍മ്മിച്ചിട്ടില്ല എന്നതും സംശയത്തിന്റെ നിഴലിലാണ്. ഈ അധ്യാപികയുടെ തന്നെ ബിനാമിയാണ് കെട്ടിടം നിര്‍മ്മിക്കുന്നത് എന്ന ആരോപണവും ഉയരുന്നുണ്ട്. മാത്രമല്ല. ചേര്‍ത്തലയിലെ തന്നെ മറ്റൊരു സ്‌കൂളിലെ പ്രഥമാധ്യാപകനും ഈ അഴിമതിയില്‍ പങ്കുണ്ടെന്നുമാണ് മറ്റൊരു വിവരം. അധ്യാപികയെ വിദ്യാഭ്യാസ വകുപ്പ് ജോലിയില്‍ നിന്നും സസ്്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.