ചേര്‍ത്തല: ദുരൂഹസാഹചര്യത്തില്‍ മൂന്നു സ്ത്രീകളെ കാണാതായ കേസില്‍ തുമ്പുതേടി അന്വേഷണം പുരോഗമിക്കുയാണ്. പല വിധത്തിലുള്ള സംശയങ്ങളാണ് ഈ തിരോധാനങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്നത്. പ്രതി സെബാസ്റ്റ്യന്‍ കസ്റ്റഡിയിലുണ്ടെങ്കിലും ചോദ്യംചെയ്യലുകളില്‍ സഹകരിക്കാതെ പ്രതിരോധം തീര്‍ത്തിരിക്കുകയാണെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് കൊലചെയ്യപ്പെട്ടെന്നു നിഗമനത്തിലെത്തിയ സ്ത്രീകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള നീക്കം.

ജെയ്നമ്മയെ കൊലപ്പെടുത്തിയതായി സെബാസ്റ്റ്യനില്‍നിന്ന് സൂചന ലഭിച്ചെങ്കിലും ബിന്ദുപദ്മനാഭന്റെയും ഹയറുമ്മ എന്ന ഐഷയുടെയും തിരോധാനത്തില്‍ ഒരു തുമ്പും കിട്ടിയിട്ടില്ല. രണ്ടുതവണ തിരച്ചില്‍ നടത്തിയ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ മൂടിയനിലയില്‍ ഒരുകിണര്‍ കൂടിയുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.

ഉപയോഗമില്ലാതെ കിടന്നിരുന്ന കിണര്‍ മൂന്നുവര്‍ഷം മുന്‍പു മൂടിയെന്ന സെബാസ്റ്റ്യനില്‍നിന്നു ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ കോട്ടയം ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അടുത്തദിവസം ഇതു തുറന്നു പരിശോധനയുണ്ടാകുമെന്നാണ് ആന്വേഷണസംഘം നല്‍കുന്ന സൂചന. സഹോദരന്റെ പേരില്‍ നഗരത്തിലുള്ള കാടുപിടിച്ചുകിടക്കുന്ന പുരയിടത്തിലും തിരച്ചിലുണ്ടാകും.

ഐഷ കേസില്‍ കൂട്ടുകാരികളായ മൂന്നു സ്ത്രീകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഐഷയുമായി അടുപ്പമുണ്ടായിരുന്ന റോസമ്മ, ലൈല, സുജാത എന്നിവരുടെ മൊഴികള്‍ നിര്‍ണായകമാകുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ രണ്ടുപേരെ പ്രാഥമികമായി ചോദ്യംചെയ്തു. മൂന്നാമത്തെയാള്‍ ജില്ലയ്ക്കു പുറത്തായതിനാല്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാഥമിക മൊഴിയെടുപ്പിനുശേഷം ആവശ്യമെങ്കില്‍ വിശദമായ ചോദ്യംചെയ്യല്‍ നടത്തുമെന്നാണു വിവരം. ഡിഎന്‍എ പരിശോധനാഫലം എത്തിയാല്‍ മാത്രമേ മൂന്നു കേസുകളുടെയും വ്യക്തമായ ഗതി നിര്‍ണയിക്കാനാകുകയുള്ളൂ.

അന്വേഷണത്തിന്റെ ഭാഗമായി സെബാസ്റ്റ്യന്റെ സ്വത്തുവിവരങ്ങളും ഭൂമി ഇടപാടുകളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഇയാള്‍ക്കു സ്വന്തം പേരിലും ബെനാമി പേരുകളിലും എവിടെയെല്ലാം സ്വത്തുക്കള്‍ ഉണ്ടെന്നാണു പ്രധാനമായും പരിശോധിക്കുന്നത്. വസ്തു ഇടനിലക്കാരനായ സെബാസ്റ്റ്യന്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ നടത്തിയ ഭൂമി ഇടപാടുകളുടെ വിവരവും ശേഖരിക്കുന്നുണ്ട്. കാണാതായ മൂന്നു സ്ത്രീകളും കൊല്ലപ്പെട്ടിരിക്കാം എന്നാണ് പൊലീസിന്റെ നിഗമനം.

അതേസമയം, സെബാസ്റ്റ്യന്‍ ജെയ്‌നമ്മയുടെ സ്വര്‍ണം പണയംവച്ചു കിട്ടിയ പണം ഉപയോഗിച്ചു റഫ്രിജറേറ്റര്‍ വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തി. ജെയ്‌നമ്മയെ കാണാതായ 2024 ഡിസംബര്‍ 23നു രാത്രിയാണു ചേര്‍ത്തലയിലുള്ള കടയില്‍ നിന്ന് റഫ്രിജറേറ്റര്‍ വാങ്ങിയത്. റഫ്രിജറേറ്റര്‍ ഏറ്റുമാനൂരിലുള്ള സെബാസ്റ്റ്യന്റെ ഭാര്യവീട്ടില്‍നിന്നു കണ്ടെത്തി.