- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരിവാള്‍ ഓങ്ങിയുള്ള അച്ഛന്റെ ക്രൂരമര്‍ദ്ദനത്തില്‍ വല്ലാതെ പേടിച്ചുപോയി; കുട്ടികള്‍ക്ക് ഉറക്കമില്ലെന്നും പഠിത്തം നടക്കുന്നില്ലെന്നും ബന്ധുക്കള്‍; പ്രാങ്ക് വീഡിയോ എന്ന് വിളച്ചില് കാട്ടി പൊലീസിനെ ആദ്യം പറ്റിച്ച മാമച്ചന്‍ ഇതിനുമുമ്പും എട്ടുവയസുകാരിയെ ഉപദ്രവിച്ചു; ചെറുപുഴ സംഭവത്തില്‍ ജോസെന്ന മാമച്ചന്‍ അറസ്റ്റില്‍
മാമച്ചന്‍ അറസ്റ്റില്‍
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയുടെ മലയോര അതിര്‍ത്തി മേഖലയായ ചെറുപുഴയിലെ പ്രാപ്പൊയിലില്‍ എട്ടുവയസുകാരിയായ മകളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. മലാങ്കടവ് സ്വദേശി ജോസെന്ന മാമച്ചനെയാണ് അറസ്റ്റുചെയ്തത്. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. കുട്ടിയുടെയും അമ്മയുടെയും മൊഴി ചെറുപുഴ പൊലിസ് രേഖപ്പെടുത്തി. ഇതിനു ശേഷമാണ് എഫ്.ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കസ്റ്റഡിയിലുള്ള ജോസിന്റെ അറസ്റ്റ് ശനിയാഴ്ച്ച വൈകിട്ടോടെ രേഖപ്പെടുത്തിയത്.
സ്വന്തം മകളെ അച്ഛന്‍ ക്രൂരമായി മര്‍ദിക്കുന്ന ഹൃദയഭേദകമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ആദ്യം പുറത്തുവന്നത്. മകളെ മുടിക്ക് പിടിക്കുകയും നിലത്തേക്ക് വലിച്ചിട്ട് അരിവാളിന് വെട്ടാനോങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. തല്ലരുതെന്ന് കുഞ്ഞ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേള്‍ക്കാം. മാറി താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നായിരുന്നു പിതാവിന്റെ വിശദീകരണം. ഇത് വിശ്വസിച്ച് ചെറുപുഴ പൊലീസ് ആദ്യം കേസെടുത്തിരുന്നില്ല.
എന്നാല്‍ കുട്ടിയെ അച്ഛന്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഒറിജിനിലാണെന്ന് സൈബര്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
ഇതോടെ സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. മാമച്ചന്‍ എന്ന ജോസ് ആണ് മകളെ ക്രൂരമായി മര്‍ദിച്ചത്. കാസര്‍കോട് ചിറ്റാരിക്കല്‍ മലാങ്കടവ് സ്വദേശിയാണ് ജോസ്. ചെറുപുഴയിലെ പ്രാപ്പൊയിലില്‍ വാടക വീടെടുത്ത് താമസിച്ചുവരികയാണ്.
ജോസ് മകളെ ഉപദ്രവിച്ചെന്ന് ബന്ധു പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.
മൂന്ന് മക്കളാണ് ദമ്പതികള്‍ക്കുള്ളത്. ഇതില്‍ എട്ടും പത്തും വയസുമുള്ള കുട്ടികള്‍ക്കു നേരെയാണ് അതിക്രമം നടന്നത്. എട്ടുവയസുകാരിയെ മര്‍ദ്ദിക്കുകയും മുടി പിടിച്ചു തറയില്‍ വലിച്ചിഴയ്ക്കുകയും അരിവാള്‍ കൊണ്ടു വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് ബാല പീഡന വിരുദ്ധ നിയമപ്രകാരം കേസെടുത്തത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയാന്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് വിഷയത്തില്‍ ഇടപ്പെട്ട മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് കുട്ടികളുടെ സംരക്ഷണ ചുമതല ശിശുക്ഷേമ സമിതി ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചത്. പയ്യന്നൂര്‍ മണ്ഡലം എം.എല്‍.എ ടി. ഐമധുസുദനനും വിഷയത്തില്‍ ഇടപ്പെട്ടു. കേസെടുക്കുന്നതില്‍ പൊലിസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് എം.എല്‍.എ മാധ്യമങ്ങളോട് പ്രതികരിച്ചു.
എട്ടും പത്തും വയസ്സുള്ള രണ്ടു കുട്ടികളെയും കൗണ്‍സിലിങ്ങിന് വിധേയരാക്കാനും തീരുമാനമുണ്ട്. മന്ത്രി വീണാ ജോര്‍ജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് തീരുമാനം. മര്‍ദ്ദനമേറ്റ കുട്ടികള്‍ ഇപ്പോഴുള്ളത് കുടകിലെ പിതാവിന്റെ സഹോദരിയുടെ വീട്ടിലാണ്. അവിടെ നിന്നും ഇവരെ ചെറുപുഴയിലേക്ക് കൊണ്ടുവരുന്നുണ്ട്. പൊലീസ് നടപടികള്‍ കഴിഞ്ഞാല്‍ ഉടന്‍ കുട്ടികളുടെ സംരക്ഷണം സി ഡബ്ല്യു സി ഏറ്റെടുക്കും. വിശദമായി പഠിച്ച ശേഷം മാത്രമേ അമ്മയ്ക്ക് കുട്ടികളെ വിട്ടുകൊടുക്കുന്ന കാര്യം തീരുമാനിക്കുകയുള്ളൂവെന്ന് സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ രവി വ്യക്തമാക്കി. കുട്ടികളെ ഉപദ്രവിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ എട്ടുവയസുകാരിയെ അച്ഛന്‍ മര്‍ദ്ദിക്കുന്നത് മുന്‍പ് തന്നെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് കുട്ടിയുടെ അമ്മയുടെ സഹോദരി അനിത മാധ്യമങ്ങളോട് വ്യക്തമാക്കി. അമ്മയ്‌ക്കൊപ്പമായിരുന്ന കുട്ടികളെ അമ്മ ജോലിക്ക് പോയ സമയത്ത് പിതാവ് കൂട്ടിക്കൊണ്ടുപോയതാണ്. കുറ്റാരോപിതനായ ഇയാള്‍ കുട്ടികളുടെ അമ്മയെയും മര്‍ദിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ചിറ്റാരിക്കല്‍ പോലീസ് സ്റ്റേഷനില്‍ കേസ് കൊടുത്തിട്ടുണ്ടെന്നും അനിത പറഞ്ഞു.
മര്‍ദ്ദനത്തിന് ശേഷം പേടിച്ചു പോയ കുട്ടികള്‍ക്ക് ഉറക്കമില്ലെന്നും പഠിത്തം നടക്കുന്നില്ലെന്നും അനിത പൊലീസിനോട് പറഞ്ഞു. ഇതെല്ലാം കണക്കിലെടുത്താണ് ശിശുക്ഷേമ സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാനും കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കാനും തീരുമാനിച്ചത്. ദിവസങ്ങള്‍ക്കു മുന്‍പാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഇയാളുടെ ഭാര്യയും മക്കളും ബന്ധുക്കളുമായി അകല്‍ച്ചയിലാണെന്ന് അയല്‍വാസികള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.